ജീവിത​ശൈലീരോഗ നിയന്ത്രണകാര്യത്തിൽ കേരളം പിന്നിൽ -​മുഖ്യമന്ത്രി

കൊച്ചി: അർബുദമടക്കം ജീവിത​ശൈലീരോഗങ്ങൾ നിയന്ത്രിക്കുന്ന കാര്യത്തിൽ കേരളത്തിന്‍റെ ആരോഗ്യമേഖല വളരെ പിന്നിലാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ച കാർക്കിനോസ്​ ഹെൽത്ത്​ കെയറിന്‍റെ അഡ്വാൻസ്​ഡ്​ സെന്‍റർ ഫോർ കാൻസർ ഡയഗ്​നോസ്റ്റിക്സ്​ ആൻഡ്​ റിസർച് ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശിശു, മാതൃ മരണനിരക്ക്​ കുറക്കുന്നതിൽ നാം വളരെ മുന്നേറിയെങ്കിലും ജീവിതശൈലീരോഗ കാര്യത്തിൽ അത്തരമൊരു അവസ്ഥയല്ല. അർബുദം ലോകത്ത്​ ഒരു ലക്ഷം പേരിൽ 81 പേരെ ബാധിക്കുമ്പോൾ കേരളത്തിൽ അത്​ ഒരു ലക്ഷത്തിൽ 135 ആണ്​​. ഓരോ 15 വർഷം കഴിയുന്തോറും എണ്ണം ഇരട്ടിയാകുകയാണ് പ്രാരംഭദശയിൽ തന്നെ അർബുദം കണ്ടെത്താൻ കഴിഞ്ഞാൽ ചികിത്സരംഗത്ത്​ വിപ്ലവകരമായ മാറ്റമുണ്ടാക്കാനാകും. അർബുദം പരിശോധനയിലും ചികിത്സയിലും സർക്കാർ-സ്വകാര്യ സംരംഭകർ സഹകരിച്ച്​ പ്രവർത്തിക്കേണ്ടതുണ്ട്​. അർബുദ പരിശോധനക്കുള്ള ലാബ്​ നെറ്റ്​വർക്ക്​ എല്ലാ ജില്ലയിലും സംവിധാനിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ കേരള യൂനിവേഴ്​സിറ്റി ഓഫ്​ ഹെൽത്ത്​ സയൻസസ്​ വൈസ്​ ചാൻസലർ പ്രഫ. മോഹനൻ കുന്നുമ്മൽ അധ്യക്ഷതവഹിച്ചു. മന്ത്രി പി. രാജീവ്​, ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ്​ എം.എൽ.എ, മേയർ അഡ്വ. അനിൽകുമാർ, കാർക്കിനോസ്​ മെഡിക്കൽ ഡയറക്ടർ ഡോ. മോനി എബ്രഹാം കുര്യാക്കോസ്​ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.