കാക്കനാട്: സ്വർണ-കറൻസി കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ പങ്കിനെക്കുറിച്ച് പുറത്തുവരുന്ന വിവരങ്ങളുടെ പശ്ചാത്തലത്തിൽ ഹൈകോടതി മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിരപരാധിത്വം തെളിയിക്കുന്നതുവരെ മുഖ്യമന്ത്രി തൽസ്ഥാനത്ത് നിന്ന് മാറിനിൽക്കണം. എറണാകുളം ഡി.സി.സി നടത്തിയ കലക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമരം നടത്തി കേരളത്തിന്‍റെ പൊതുമുതൽ നശിപ്പിച്ച് തെരുവുകളിൽ അഴിഞ്ഞാടിയ കമ്യൂണിസ്റ്റുകാർ ഇന്ന് സമരങ്ങളെ ഭയപ്പെടുകയാണ്. ഇടതുപക്ഷമല്ല തീവ്രവലതുപക്ഷ സർക്കാറാണ് ഇന്ന് കേരളം ഭരിക്കുന്നത്. ഇത് ഒരു താക്കീത് മാത്രമാണെന്നും കേരളം കാണാൻ പോകുന്നത് കോൺഗ്രസിന്‍റെ സമരപരമ്പരകളായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. മാർച്ച് കലക്ടറേറ്റിന് സമീപം ബാരിക്കേഡ് ഉയർത്തി പൊലീസ് തടഞ്ഞു. ഉദ്ഘാടനശേഷം ബാരിക്കേഡ് മറിച്ചിടാനുള്ള സമരക്കാരുടെ ശ്രമം സംഘർഷത്തിലേക്ക് നയിക്കുകയും പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. മഹിള കോൺഗ്രസ് നേതാവ് ഹസീന മുനീർ പരിക്കേറ്റ് ചികിത്സയിലാണ്. പൊലീസ് ബാരിക്കേഡ് മറിച്ച പ്രവർത്തകർ അതിന് മുകളിൽ കയറി മുദ്രാവാക്യം മുഴക്കി. ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ അൻവർ സാദത്ത്, ടി.ജെ. വിനോദ്, നിയുക്ത എം.എൽ.എ ഉമ തോമസ്, കോൺഗ്രസ് നേതാക്കളായ വി.ജെ. പൗലോസ്, വി.പി. സജീന്ദ്രൻ, കെ.പി. ധനപാലൻ, ജോസഫ് വാഴക്കൻ, അഡ്വ. അശോകൻ, ബി.എ. അബ്ദുൽ മുത്തലിബ്, ഐ.കെ. രാജു, ദീപ്തി മേരി വർഗീസ്, ടോണി ചമ്മണി, തമ്പി സുബ്രഹ്മണ്യം, കെ.എം. സലിം, എൻ.ആർ. ശ്രീകുമാർ, പി.കെ. അബ്ദുറഹ്മാൻ, ബാബു പുത്തനങ്ങാടി, സേവ്യർ തായങ്കരി, ജോഷി പള്ളൻ, നൗഷാദ് പല്ലച്ചി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.