ലോക ക്ഷീരദിനം ക്ഷീരമേഖലയിലെ യുവസാന്നിധ്യമായി ഷെമീർ

ആലുവ: 16ാം വയസ്സിൽ ആരംഭിച്ച പശുവളർത്തൽ ഉപജീവന മാർഗമാക്കി ഷെമീർ ക്ഷീരമേഖലയിൽ നിറ സാന്നിധ്യമായിരിക്കുകയാണ്. കീഴ്മാട് പഞ്ചായത്ത് സൗത്ത് ചാലക്കലിൽ (മോസ്കോ) കുഴിക്കാട്ടുമാലി പരേതനായ കൊച്ചമ്മുവിന്‍റെ മകനായ ഷെമീറിന് (35) ഇപ്പോൾ 75 ലിറ്റർ പാൽ പ്രതിദിനം ലഭിക്കുന്ന ഫാം ഉണ്ട്. ചെറുപ്പം മുതൽ പശു വളർത്തലിൽ മാതാപിതാക്കളെ സഹായിച്ചിരുന്നു. പിന്നീട് പശുവളർത്തൽ മുഖ്യ ഉപജീവന മാർഗമായി തെരഞ്ഞെടുക്കുകയായിരുന്നു. രണ്ട് പശുക്കളുമായി ആരംഭിച്ച പശുവളർത്തൽ നിലവിൽ ദിനംപ്രതി 75 ലിറ്ററോളം പാൽ ലഭിക്കുന്ന നിരവധി പശുക്കളുള്ള മിനി ഫാമായിട്ടുണ്ട്. ഷെമീറിന്‍റെ കഠിന പ്രയത്നം കൊണ്ടാണ് ഈ ഉയർച്ചയുണ്ടായതെന്ന് ഉമ്മ സൈനബ പറയുന്നു. ക്ഷീരകർഷക ജീവിതത്തിനിടയിൽ 2021 മേയിലാണ് കനത്ത തിരിച്ചടിയുണ്ടായതെന്ന് ഷെമീർ പറയുന്നു. അന്ന് തലേ രാത്രിയിലെ ഇടിമിന്നലിൽ ഷെമീറിന്‍റെ നാല് പശുക്കളാണ് ചത്തത്. ആ പ്രതിസന്ധി ഘട്ടത്തിൽ സഹായത്തിന്​ ക്ഷീര വികസന വകുപ്പ്, പീപ്പിൾസ്​ ഫൗണ്ടേഷൻ, ക്ഷീരസമൃദ്ധി ഗ്രൂപ് തുടങ്ങിയവർ ഷെമീറിന് പശുക്കളെ നൽകി താങ്ങായി കൂടെനിന്നു. ചാലക്കലും പരിസരത്തുമാണ്​ പാൽ നൽകുന്നത്. സൗത്ത് വാഴക്കുളം ക്ഷീരോൽപാദക സംഘത്തിലും പാൽ കൊടുക്കുന്നുണ്ട്. ഷെമീർ തന്നെയാണ് മുഴുവൻ പശുക്കളെയും കറക്കുന്നത്. ഷെമീറിനൊപ്പം ഭാര്യ ഹസീനയും ഉമ്മ സൈനബയും ചേർന്നാണ് എല്ലാ പണികളും ചെയ്യുന്നത്. പശുക്കൾക്കുവേണ്ട പുല്ല് അരിയാൻ പോകുന്നതും ഷെമീറാണ്. ക്ഷീരമേഖല നിരവധി പ്രതിസന്ധികളെ നേരിടുന്നുവെന്ന് ഷെമീർ പറയുന്നു. കാലിത്തീറ്റയുടെ ക്രമാതീത വിലവർധന കർഷകരെ വലിയതോതിൽ ബാധിക്കുന്നുണ്ട്. വില നിയന്ത്രിക്കുന്നതിന് സർക്കാർ ഇടപെടണം. കാലിത്തീറ്റയുടെ വിലവർധനക്ക് അനുസരിച്ച് പാൽവില വർധിക്കുന്നില്ല. കൂലിക്ക് ആളെ നിർത്തി സംരംഭം മുന്നോട്ട് കൊണ്ടുപോകുക ബുദ്ധിമുട്ടാണെന്നും ഷെമീർ പറയുന്നു. ക്യാപ്ഷൻ ea yas1 Shameer ഷെമീർ ഫാമിൽ പശുക്കിടാങ്ങളെ താലോലിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.