മാവേലിക്കര: താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയില്‍ 2016ല്‍ വെളിച്ചത്തുവന്ന തട്ടിപ്പില്‍ പണം നഷ്ടപ്പെട്ടവര്‍ പെരുവഴിയില്‍. പണം നഷ്ടപ്പെട്ട നിക്ഷേപകര്‍ തുടക്കം മുതല്‍ സംഘടിച്ച് സമരപരിപാടികളും നിയമ പോരാട്ടങ്ങളും നടത്തുകയും തുടര്‍ന്ന് സഹകരണ വകുപ്പ് ഇടപെട്ട് കണ്‍സോര്‍ഷ്യം രൂപവത്കരിക്കുകയും ചെയ്തു. എന്നാല്‍, ബാങ്ക് അധികൃതരുടെ അനാസ്ഥയും അനൈക്യവും കാരണം അത് നടപ്പാക്കാന്‍ കഴിയുന്നില്ലെന്ന് നിക്ഷേപ കൂട്ടായ്മ അംഗങ്ങള്‍ കുറ്റപ്പെടുത്തുന്നു. 2020ല്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതി അധികാരത്തില്‍ വന്നപ്പോള്‍ ഒരു വര്‍ഷത്തിനകം നിക്ഷേപകര്‍ക്ക് നീതി ലഭിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഈ ഭരണസമിതി അധികാരത്തില്‍ വന്ന് രണ്ടര വര്‍ഷമായിട്ടും തഴക്കര ശാഖയിലെ നിക്ഷേപകര്‍ക്ക് ഒരു രൂപ പോലും കിട്ടിയില്ല. മാത്രമല്ല ഒരുവിധ പണമിടപാടും നടക്കാത്ത സ്ഥിതിയിലാണ് കൂടുതലും ശാഖകള്‍ പ്രവര്‍ത്തിക്കുന്നതെന്നും ആക്ഷേപമുണ്ട്. എന്നാല്‍, ജീവനക്കാര്‍ ഉയര്‍ന്ന ഗ്രേഡിലുള്ള ശമ്പളമാണ് വാങ്ങുന്നതെന്ന് നിക്ഷേപകര്‍ ആരോപിക്കുന്നു. ബാങ്ക് ഭരണസമിതി യോഗങ്ങള്‍ യഥാസമയം കൂടാന്‍ കഴിയുന്നില്ല. ഒരംഗം തുടക്കത്തില്‍ തന്നെ രാജി വെച്ചിരുന്നു. ചില ഭരണസമിതി അംഗങ്ങള്‍ തുടര്‍ച്ചയായി പങ്കെടുക്കുന്നില്ലെന്ന് നിക്ഷേപകര്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. മറ്റൊരു അംഗം സഹകരണ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് മത്സരിച്ചത് എന്ന പരാതി നിലനില്‍ക്കുന്നു. ശതാബ്ദി ആഘോഷിക്കാന്‍ പോകുന്ന ബാങ്കിന് മുന്‍ കാലങ്ങളില്‍നിന്ന് വിഭിന്നമായി വൈസ് പ്രസിഡന്റ് എന്ന സ്ഥാനം കൂടി സൃഷ്ടിച്ചത് വാര്‍ഷിക പൊതുയോഗം അംഗീകരിക്കാതെയാണ് എന്ന് അംഗങ്ങള്‍ക്കിടയില്‍ പ്രതിഷേധവും ഉയർന്നിട്ടുണ്ട്. വന്‍ വായ്പ കുടിശ്ശിക വരുത്തിയ വ്യക്തികളില്‍നിന്നും പണം ഈടാക്കാനുള്ള വ്യവസ്ഥാപിതമായ യാതൊരു നടപടികളും സ്വീകരിക്കാത്തത് രാഷ്ട്രീയ ഇടപെടലുകളും വ്യക്തി താൽപര്യങ്ങളും കൊണ്ടാണെന്ന് നിക്ഷേപകര്‍ ആരോപിക്കുന്നു. നിക്ഷേപകര്‍ ഹൈകോടതിയില്‍ കൊടുത്ത കേസിന്റെ ഫലമായി പ്രതികളായിട്ടുള്ളവരുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ ജപ്തി ചെയ്യണമെന്ന് കോട്ടയം സ്‌പെഷല്‍ വിജിലന്‍സ് കോടതി ക്രൈംബ്രാഞ്ചിന് നിർദേശം കൊടുത്തിരുന്നു. അതിന്‍മേല്‍ എന്ത് നടപടി സ്വീകരിച്ചു എന്ന റിപ്പോര്‍ട്ട് ജൂണ്‍ ഏഴിന് സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ചിനോടും എന്‍ഫോഴ്സ്മെന്റ് വകുപ്പിനോടും മേയ് 25ന് ഉത്തരവായിട്ടുണ്ട്. പ്രധാന പ്രതികളായ അഞ്ചു പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ അവര്‍ ജാമ്യത്തിലാണ്. ബാങ്കില്‍ ക്രമക്കേട് നടന്ന കാലയളവിലെ കണ്‍കറന്റ് ഓഡിറ്ററായിരുന്ന ശിവരാജന്‍ നായരെയും ബാങ്കിന് കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ സഹായം നല്‍കിയിരുന്ന ബി.കെ. പ്രസാദിനെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് ജാമ്യം ലഭിച്ചു. ബാങ്കില്‍നിന്ന് ജപ്തി നോട്ടീസ് ലഭിച്ചയാള്‍ ബാങ്കിന്റെ വ്യാജ രസീതും സീലും നിർമിച്ചതായ കേസും അന്വേഷണത്തിലാണ്. പുനരുദ്ധാരണ പാക്കേജ് എന്ന പേരില്‍ ജോയന്‍റ് രജിസ്ട്രാറുടെ സാന്നിധ്യത്തില്‍ എടുത്ത തീരുമാനങ്ങള്‍ പോലും നടപ്പാക്കാതെ നിക്ഷേപകരെ വീണ്ടും വഞ്ചിക്കുകയാണ് എന്ന് കൂട്ടായ്മ പ്രതിനിധികളായ ബി.ജയകുമാര്‍ എം.വിനയന്‍, പ്രഭാകരന്‍ നായര്‍, രമ, കെ.സി. ചെറിയാന്‍ എന്നിവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.