എൽ.ഡി.എഫ് സ്ഥാനാർഥിക്കെതിരെ അശ്ലീല വിഡിയോ: അപ്​ലോഡ്​ ചെയ്തയാൾ അടക്കം മൂന്നുപേർ അറസ്റ്റിൽ

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിന്‍റേതെന്ന പേരിൽ അശ്ലീല വിഡിയോ പ്രചരിപ്പിച്ച കേസിൽ മൂന്നുപേർകൂടി അറസ്റ്റിൽ. വിഡിയോ അപ്​ലോഡ്​ ചെയ്തയാളെന്ന് പൊലീസ് കണ്ടെത്തിയ വ്യക്തി ഉൾപ്പെടെയാണ് പിടിയിലായത്. മലപ്പുറം കോട്ടക്കൽ സ്വദേശി അബ്ദുൽ ലത്തീഫ് (43), ആലപ്പുഴ അരൂക്കുറ്റി വടുതല സ്വദേശികളായ നൗഫൽ (41), നസീർ (49) എന്നിവരാണ് പിടിയിലായത്. ട്വിറ്ററിൽ വ്യാജ അക്കൗണ്ട് നിർമിച്ച് വിഡിയോ പ്രചരിപ്പിച്ചത് ലത്തീഫാണെന്നാണ് കണ്ടെത്തൽ. കോയമ്പത്തൂരിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത മൂവരെയും ഇൻഫോപാർക്ക് സൈബർ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. അന്വേഷണഭാഗമായി ഡിജിറ്റൽ തെളിവുകൾ പൊലീസ്​ ശേഖരിച്ചുവരുകയായിരുന്നു. ട്വിറ്റർ അധികൃതർ കൊച്ചി സിറ്റി പൊലീസ് കമീഷണർക്ക് വ്യാജ പ്രൊഫൈൽ നിർമിച്ച് വിഡിയോ പ്രചരിപ്പിച്ചയാളെക്കുറിച്ച വിവരങ്ങൾ കൈമാറിയിരുന്നു. ഫേസ് ബുക്കിൽ ദൃശ്യങ്ങൾ അപ്​ലോഡ് ചെയ്തതിന് പിന്നിൽ ലത്തീഫ്​ ആണോയെന്ന് പരിശോധിക്കും. ഇതുസംബന്ധിച്ച വിവരങ്ങൾക്ക് ഫേസ്ബുക്ക് അധികൃതരെ സമീപിച്ചിട്ടുണ്ട്. ദൃശ്യങ്ങൾ എങ്ങനെ ശേഖരിച്ചു എന്നതടക്കം വിവരങ്ങൾ ലഭിക്കാനുണ്ട്. ലത്തീഫ് മുസ്​ലിം ലീഗ് പ്രവർത്തകനാണെന്ന ആരോപണം ഉയർന്നിരുന്നു. എന്നാൽ, ഇത് ലീഗ് നേതൃത്വം പൂർണമായി തള്ളിക്കളഞ്ഞിട്ടുണ്ട്. അശ്ലീല വിഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജാണ്​ പൊലീസിൽ പരാതി നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.