സായുധസംഘം തട്ടിക്കൊണ്ടുപോയ മത്സ്യബന്ധന ബോട്ട് കോസ്റ്റൽ പൊലീസ് കണ്ടെത്തി

മട്ടാഞ്ചേരി: സായുധസംഘം കൊച്ചിയിൽനിന്ന് തമിഴ്നാട്ടിലേക്ക് തട്ടിക്കൊണ്ടുപോയ മത്സ്യ ബന്ധന ബോട്ടും, അതിലെ തൊഴിലാളികളെയും കോസ്റ്റൽ പൊലീസ് കണ്ടെത്തി കൊച്ചിയിലെത്തിച്ചു. കൊച്ചി തീരത്തിന് പടിഞ്ഞാറ് ഏഴ് നോട്ടിക്കൽ മൈൽ അകലെ കടലിൽ നങ്കൂരമിട്ടിരുന്ന കുഴുപ്പിള്ളി സ്വദേശി ജയന്‍റെ 'യു ആൻഡ്​ കോ മറൈൻ 3' ബോട്ടാണ് ഈ മാസം 15ന് തമിഴ്നാട്ടിൽനിന്നുള്ള പത്തംഗ സംഘം ആയുധങ്ങൾ കാണിച്ചു ഭീഷണിപ്പെടുത്തി തൊഴിലാളികളെ അടക്കം തട്ടിക്കൊണ്ടുപോയത്. ഫോർട്ട്​കൊച്ചി കോസ്റ്റൽ പൊലീസിൽ ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തുടങ്ങിയ അന്വേഷണത്തിൽ കന്യാകുമാരി തേങ്ങാപട്ടണം പുതുക്കാടുള്ള സ്വകാര്യ യാർഡിൽ ബോട്ട് കണ്ടെത്തി. എന്നാൽ, ബോട്ടിന്‍റെ പ്രൊപ്പെല്ലറും മറ്റ്​ ആശയവിനിമയ സംവിധാനങ്ങളും നീക്കി മണൽതിട്ടയിൽ, അനക്കാൻ പോലും പറ്റാത്ത വിധത്തിലാണ്​ കണ്ടെത്തിയത്. തൊഴിലാളികൾ പതിനൊന്ന് പേരും സുരക്ഷിതരായിരുന്നു. പിന്നീട് കോസ്റ്റൽ പൊലീസ് സംഘം നാട്ടുകാരുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രൊപ്പല്ലർ കണ്ടെടുത്തു. എസ്.ഐ സന്തോഷ് കുമാർ, എ.എസ്.ഐ സന്തോഷ്, സി.പി.ഒമാരായ കെ.എ. അഫ്ഷർ, വിനീത് എന്നിവരടങ്ങിയ സംഘത്തിന്‍റെ സന്ദർഭോചിതമായ ഇടപെടലാണ് പ്രോപ്പെല്ലർ ഘടിപ്പിച്ച് ബോട്ട് തിരികെ കന്യാകുമാരിയിൽനിന്ന് കൊച്ചിയിലെത്തിക്കാൻ സാധിച്ചത്. ബോട്ട് തട്ടിയെടുത്ത പ്രതി അൻജു രാജും സംഘവും ഒളിവിലാണ്. ഇവരെ ഉടൻ പിടികൂടുമെന്ന് കോസ്റ്റൽ പൊലീസ് എസ്.ഐ സംഗീത് പറഞ്ഞു. ചിത്രം. സായുധ സംഘം തട്ടിയെടുത്ത ബോട്ടും തൊഴിലാളികളെയും വൈപ്പിൻ കാളമുക്ക് ഹാർബറിലെത്തിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.