നേതാക്കൾക്കൊപ്പം കർദിനാളിനെ സന്ദർശിച്ച്​ ഉമ തോമസ്​

കൊച്ചി: തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമ തോമസ് മുതിർന്ന കോൺഗ്രസ്​ നേതാക്കൾക്കൊപ്പം സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ സന്ദര്‍ശിച്ചു. നേരത്തേ കർദിനാളി​നെ സന്ദർശിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും നടന്നിരുന്നില്ല. മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.സി. ജോസഫ്, ബെന്നി ബഹനാന്‍ എം.പി തുടങ്ങിയ നേതാക്കള്‍ക്കൊപ്പമാണ്​ ബുധനാഴ്ച രാവിലെ കര്‍ദിനാളിനെ സന്ദർശിച്ചത്. സ്ഥാനാർഥിയെന്ന നിലയിൽ അനുഗ്രഹം തേടിയാണ് സന്ദര്‍ശിച്ചതെന്നായിരുന്നു ഉമയുടെ പ്രതികരണം. സഭയുടെ അനുഗ്രഹം തനിക്കുണ്ട്​. സഭക്ക്​ സ്ഥാനാർഥിയുണ്ടെന്ന അഭിപ്രായം തനിക്കില്ലെന്നും ഇത്തരം വിവാദങ്ങളെപ്പറ്റി പ്രതികരിക്കാനില്ലെന്നും സന്ദര്‍ശന ശേഷം ഉമ മാധ്യമങ്ങളോട്​ പറഞ്ഞു. അതേസമയം, തൃക്കാക്കരയിൽ സഭക്ക്​ സ്ഥാനാർഥിയില്ലെന്ന​ മുൻ പ്രസ്താവന കർദിനാൾ ആവർത്തിച്ചു. ജോ ജോസഫിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത് സമൂഹമാധ്യമങ്ങള്‍ വഴിയാണറിഞ്ഞത്. ആശുപത്രിയില്‍വെച്ച്​ സ്ഥാനാർഥിയെ അവതരിപ്പിച്ചത് സാന്ദര്‍ഭികമായാണ്​. തെരഞ്ഞെടുപ്പ്​ ജനങ്ങൾക്ക്​ വേണ്ടിയുള്ളതാണ്​. അവരാണ്​ തീരുമാനമെടുക്കേണ്ടത്​. ഭാവി കാര്യങ്ങള്‍ നോക്കി തീരുമാനം എടുക്കാന്‍ ജനങ്ങള്‍ക്കറിയാം. സഭയുടെ താല്‍പര്യങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും വിശ്വാസികള്‍ വോട്ടുചെയ്യുക. സമദൂരം എന്നത് നിക്ഷിപ്ത താൽപര്യങ്ങളുള്ളവരുടെ നിലപാടാണ്​. സഭക്ക്​ ഈ നിലപാടില്ല. സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാകരുതെന്നാണ് സഭയുടെ നിലപാട്. എല്ലാ കരകളോടുമെന്ന പോലെ തൃക്കാക്കരയിലും സഭക്ക്​ താല്‍പര്യമുണ്ടെന്നും മാർ ആലഞ്ചേരി മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.