എറണാകുളം ജില്ലയിൽ ആറിൽ മൂന്നും ബി.ജെ.പി

കൊച്ചി: എറണാകുളം ജില്ലയിൽ ഉപതെരഞ്ഞെടുപ്പ്​ നടന്ന ആറിടങ്ങളിൽ മൂന്നിടത്തും ബി.ജെ.പിക്ക്​ വിജയം. ​കൊച്ചി കോർപറേഷൻ 62ാം ഡിവിഷൻ എറണാകുളം സൗത്ത് നിലനിർത്തിയ ബി.ജെ.പി, തൃപ്പൂണിത്തുറ നഗരസഭയിലെ രണ്ട്​ വാർഡ്​ ഇടതുപക്ഷത്തുനിന്ന്​ പിടിച്ചെടുത്തു. ഇതോടെ നഗരസഭ ഭരിക്കുന്ന എൽ.ഡി.എഫിന്​ കേവലഭൂരിപക്ഷം നഷ്ടമായി. കുന്നത്തുനാട്ടിൽ യു.ഡി.എഫ്​ സീറ്റ്​ എൽ.ഡി.എഫും പിടിച്ചെടുത്തു. രണ്ട്​ സീറ്റ്​ യു.ഡി.എഫ്​ നിലനിർത്തി. ബി.​ജെ.പിയുടെ പത്മജ എസ്. മേനോൻ 75 വോട്ടിന്​ വിജയിച്ചാണ്​ എറണാകുളം സൗത്ത്​ നിലനിർത്തിയത്​. യു.ഡി.എഫ്​ സ്ഥാനാർഥി കോൺഗ്രസിലെ അനിത വാര്യർക്ക്​ 899 വോട്ടും സി.പി.ഐ സ്വതന്ത്ര സ്ഥാനാർഥി അശ്വതി സത്യന് 328 വോട്ടും ലഭിച്ചു. യു.ഡി.എഫ്​ വിജയം കോർപറേഷൻ ഭരണത്തിനുൾപ്പെടെ ഭീഷണിയുണ്ടാക്കുമെന്ന സാഹചര്യമാണ്​ നിലവിലിരുന്നത്​. തൃപ്പൂണിത്തുറ നഗരസഭയിലേക്ക്​ കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ നിസ്സാര വോട്ടിന്​​ എൽ.ഡി.എഫിനോട്​ പരാജയപ്പെട്ട രണ്ട്​ ബി.ജെ.പി സ്ഥാനാർഥികളും ഇത്തവണ വിജയിച്ചതാണ്​ വലിയ അട്ടിമറിക്കിടയായത്​. 11ാം വാർഡ് ഇളമനത്തോപ്പിൽ വള്ളി രവിയും 46ാം വാർഡ് പിഷാരിക്കോവിൽ രതി രാജുവുമാണ്​ വിജയിച്ചത്​. ഇളമനത്തോപ്പിൽ വള്ളി രവിക്ക്​ 363 വോട്ട്​ ലഭിച്ചപ്പോൾ എൽ.ഡി.എഫിലെ ഇ.ടി. പ്രദീഷിന്​ 325 വോട്ട്​ മാത്രമാണ്​ നേടാനായത് -38 വോട്ടിന്‍റെ ഭൂരിപക്ഷം. യു.ഡി.എഫ്​ സ്ഥാനാർഥി ഷിബു മലയിലിന്​ ലഭിച്ചത്​ വെറും 70 വോട്ട്​. കഴിഞ്ഞ തവണ ഇവിടെ സി.പി.എമ്മിലെ കെ.ടി. സൈഗാൾ 26 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ്​ വിജയിച്ചത്​. 2020ൽ സി.പി.എമ്മിലെ രാജമ്മ മോഹനൻ 13 വോട്ടിന്​ വിജയിച്ച 46ാം വാർഡിൽ 16 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ്​ രതി രാജു വിജയിച്ചത്​. രതി രാജുവിന്​ 468ഉം എൽ.ഡി.എഫിലെ സംഗീത സുമേഷിന്​ 452ഉം വോട്ട്​ ലഭിച്ചപ്പോൾ യു.ഡി.എഫിലെ ശോഭന തമ്പി 251 വോട്ട്​ നേടി. രണ്ടിടത്തും അംഗങ്ങളുടെ മരണത്തെ തുടർന്നാണ്​ ഉപതെരഞ്ഞെടുപ്പ്​ വേണ്ടിവന്നത്​. ട്വന്‍റി20 ഭരിക്കുന്ന കുന്നത്തുനാട്ടിലെ 11ാം വാർഡ്​ വെമ്പിള്ളി യു.ഡി.എഫിൽനിന്ന്​ എൽ.ഡി.എഫ്​ പിടിച്ചെടുത്തു. എൽ.ഡി.എഫിലെ എൻ.ഒ. ബാബുവാണ്​ 139 വോട്ടിന്‍റെ ഭൂരിപക്ഷത്തിന്​ വിജയിച്ചത്​. ട്വന്‍റി20 സ്ഥാനാർഥി ഏൽദോ പോളാണ്​​ രണ്ടാം സ്ഥാനത്തെത്തിയത്​. യു.ഡി.എഫ്​ സ്ഥാനാർഥി സി.പി. ജോർജിന്​​​ 248 വോട്ട്​ ലഭിച്ചു. ബി.ജെ.പി സ്ഥാനാർഥിക്ക്​ 29 വോട്ട്​ മാത്രമാണ്​ ലഭിച്ചത്​. ഒരാൾ മാത്രമുണ്ടായിരുന്ന എൽ.ഡി.എഫിന്‍റെ അംഗസംഖ്യ രണ്ടായി എന്നതിനപ്പുറം ഭരണമാറ്റ സാധ്യതകൾ നിലവിലില്ല. നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത്​ 17ാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി ജോബി നെൽക്കര 274 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ജയിച്ച്​ യു.ഡി.എഫ് ഭരണം ഉറപ്പിച്ചു. ജോബിക്ക്​ 709 വോട്ടും സി.പി.എം സ്ഥാനാർഥി ഡോ. എം.പി. ആന്‍റണിക്ക്​ 435 വോട്ടും ബി.ജെ.പി സ്ഥാനാർഥി ജോഷി പൗലോസിന് 34 വോട്ടും ലഭിച്ചു. കോൺഗ്രസ് അംഗമായിരുന്ന പി.വൈ. വർഗീസ് രാജിവെച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഒരംഗത്തിന്‍റെ രാജിയോടെ ഇരുമുന്നണിക്കും തുല്യ അംഗം വീതമെന്ന നിലയിലായിരുന്നു കക്ഷി നില. കോതമംഗലം വാരപ്പെട്ടി പഞ്ചായത്ത്‌ ആറാം വാർഡ് യു.ഡി.എഫ് നിലനിർത്തി. കോൺഗ്രസിലെ കെ.കെ. ഹുസൈൻ 25 വോട്ടിന്​ ഇവിടെ വിജയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.