അമ്പലപ്പുഴ: തന്റെ നഴ്സിങ്ങ് സേവനകാലത്തെ കോട്ട് കാത്തുസൂക്ഷിക്കുകയാണ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ റിട്ട. നഴ്സിങ് സൂപ്രണ്ട് വിനയകുമാരി. ജോലിയിൽ നിന്നും വിരമിച്ചിട്ട് കാൽ നൂറ്റാണ്ട് പിന്നിട്ടെങ്കിലും അന്ന് ആശുപത്രിയിൽ നിന്നും പടിയിറങ്ങുമ്പോൾ കൈയിൽ കരുതിയിരുന്ന കോട്ട് ഇന്നും സൂക്ഷിക്കുന്നു.
അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് മൂന്നാം വാർഡ് അമ്പാടിയിൽ വിനയകുമാരി (80) തന്റെ സേവനകാലത്തേക്ക് തിരിഞ്ഞുനോക്കി പറയുന്നതെല്ലാം പുഞ്ചിരിയോടെയാണ്. നഴ്സിങ് എന്താണെന്ന് തിരിച്ചറിയാത്ത കാലത്താണ് ജ്യേഷ്ഠന്റെ താൽപര്യത്തിൽ പഠനം ആരംഭിക്കുന്നത്.
എറണാകുളം ജനറൽ ആശുപത്രിയിലായിരുന്നു ആദ്യ നിയമനം. പിന്നീട് ആലപ്പുഴ കൊട്ടാരം ആശുപത്രിയിലേക്ക് മാറ്റം കിട്ടി. തുടർന്ന് കോഴിക്കോട് ബീച്ച് ആശുപത്രി, ആലപ്പുഴ കടപ്പുറം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, തിരുവനന്തപുരം ജനറൽ ആശുപത്രി തുടങ്ങിയ വിവിധ സർക്കാർ ആശുപത്രികളിൽ സേവനം ചെയ്തു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നാണ് വിരമിച്ചത്.
വിരമിച്ചെങ്കിലും വിനയകുമാരിയുടെ സേവനം തേടി നിരവധിപേർ ഇപ്പോഴും എത്താറുണ്ട്. പ്രായം ആരോഗ്യത്തെ ബാധിച്ചെങ്കിലും സഹായം തേടി എത്തുന്നവരെ നിരാശരാക്കാറില്ല. കിടപ്പ് രോഗികൾക്ക് കുത്തിവെയ്പ് എടുക്കണമെങ്കിൽ ഏത് പ്രതിസന്ധിയിലും വിനയകുമാരി തയാറാണ്. ആരോഗ്യം അനുവദിക്കുന്നത്രയും കാലം സേവനം തുടരുമെന്നാണ് വിനയകുമാരി നിറഞ്ഞപുഞ്ചിരിയോടെ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.