മണ്ണഞ്ചേരി: അവശേഷിക്കുന്ന നിരക്ഷരരെക്കൂടി അക്ഷരലോകത്തേക്ക് കൈപിടിച്ചുയർത്തുന്നതിന് തയ്യാറാക്കിയ ന്യു ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായ ഉല്ലാസ് പദ്ധതിയിലൂടെ ജില്ലയിൽ 4896 പേർ സാക്ഷരതാ പരീക്ഷ എഴുതി. ഇതിൽ 3918 പേർ സ്ത്രീകളായിരുന്നു. പട്ടികജാതി വിഭാഗത്തിൽ നിന്നും 983 പേരും പട്ടിക വർഗ്ഗ വിഭാഗത്തിൽ നിന്നും 48 പേരും പരീക്ഷ എഴുതി.
തെക്കേക്കര ഗ്രാമ പഞ്ചായത്തിൽ പരീക്ഷ എഴുതിയ ഗോപിനാഥപിള്ളയാണ് (86) ഏറ്റവും പ്രായം കൂടിയ പഠിതാവ്. പാപ്പി ഗൗരി (85) പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത്, തങ്കമ്മ (85) നെടുമുടി, പാറുക്കുട്ടിയമ്മ (85) ബുധനൂർ, ചിന്നമ്മ (84) ചേർത്തല നഗരസഭ, പങ്കജാക്ഷിയമ്മ (84) ചെങ്ങന്നൂർ നഗരസഭ എന്നിവരും പ്രായം കൂടിയ പഠിതാക്കളുടെ പട്ടികയിൽ ഉണ്ട്.
തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത് ബഡ്സ് സ്കൂളിൽ പരീക്ഷ എഴുതിയ അരുണാണ് (17) പ്രായം കുറഞ്ഞ പഠിതാവ്. പാണാവള്ളി ഗ്രാമ പഞ്ചായത്തിലെ അസീസി സ്പെഷ്യൽ സ്കൂളിൽ 12 പേർ പരീക്ഷ എഴുതി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് സാക്ഷരത പരീക്ഷ നടത്തിയത്. മികവുത്സവം എന്ന പേരിൽ പഠിതാക്കൾക്ക് ആശങ്കയില്ലാതെ ഉത്സവച്ഛായയിൽ 187 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. പരീക്ഷാകേന്ദ്രത്തിൽ എത്താൻ ശാരീരിക ബുദ്ധിമുട്ടുള്ളവർക്ക് പ്രത്യേക സൗകര്യങ്ങൾ ഒരുക്കി.
വാചികം, എഴുത്ത്, ഗണിതം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായിട്ടാണ് പരീക്ഷ ക്രമീകരിച്ചത്. 150 മാർക്കിന്റെ ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. 45 മാർക്കാണ് ജയിക്കാൻ വേണ്ടത്. മൂല്യനിർണ്ണയവും ഫലപ്രഖ്യാപനവും ജനുവരിയിൽ നടക്കും. ജില്ലയിൽ 187 വോളണ്ടറി ടീച്ചർമാരാണ് സാക്ഷരതാ ക്ലാസുകൾ നയിച്ചത്. മാവേലിക്കര നഗരസഭയിലാണ് ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതിയത് 191 പേർ. ചേർത്തല നഗരസഭയിൽ 181 പേരും പാണാവള്ളി ഗ്രാമ പഞ്ചായത്തിൽ 177 പേരും പരീക്ഷ എഴുതി.
ജനപ്രതിനിധികൾ പരീക്ഷാ കേന്ദ്രങ്ങൾ സന്ദർശിച്ചു. പഠിതാക്കൾക്ക് ചായയും ഭക്ഷണവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.