ആലപ്പുഴ ജില്ല കോടതി പാലത്തിൽ വൺവേ സംവിധാനത്തിലൂടെയെത്തുന്ന വാഹനങ്ങൾ
ആലപ്പുഴ: നഗരത്തില്‍ മെച്ചപ്പെട്ട ഗതാഗത സൗകര്യം ഒരുക്കാന്‍ ഗതാഗത പരിഷ്കരണം ഗുണകരമായെന്ന് നഗരസഭ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി. ഇതിന്‍റെ ഭാഗമായി രണ്ട് സ്റ്റോപ്പിൽ വീണ്ടും മാറ്റം വരുത്തും.ചങ്ങനാശ്ശേരി ജങ്ഷനില്‍ തെക്കോട്ടുള്ള ബസുകള്‍ക്ക് എസ്.ഡി കോളജിന് മുന്നില്‍ ദൂരപരിധി കൂടുതലായതിനാൽ ഫെഡറല്‍ ബാങ്കിനു സമീപത്തേക്കും ഇരുമ്പ് പാലം സില്‍വര്‍ ഫ്രെയിമിന് മുന്നിലെ സ്റ്റോപ് പഴയരീതിയില്‍ ജങ്ഷന് സമീപത്തേക്കും മാറ്റണമെന്ന വിവിധ യൂനിയന്‍ ഭാരവാഹികളുടെ നിർദേശം യോഗം അംഗീകരിച്ചു. പുതുക്കി നിശ്ചയിച്ച സ്റ്റോപ്പുകളിൽ അനധികൃത പാര്‍ക്കിങ് തടയും.
കഴിഞ്ഞ ദിവസം നഗരത്തിൽ മിന്നൽ പണിമുടക്ക് നടത്തിയ ചില ബസ് ജീവനക്കാരുടെ ആവശ്യങ്ങൾ യോഗം പരിശോധിച്ചു. അധികൃതർക്ക് പരാതിപോലും നൽകും മുമ്പ് മിന്നൽ പണിമുടക്ക് നടത്തി ജനത്തെ വലച്ച സംഭവം ആവർത്തിക്കരുതെന്ന് താക്കീത് നൽകി. രേഖാമൂലം നൽകിയ ആവശ്യങ്ങളും യോഗം പരിഗണിച്ചു.
കല്ലുപാലം മുതല്‍ ഇരുമ്പ് പാലംവരെ തെക്കേക്കരയില്‍ റോഡരിക് മണ്ണിട്ട് നിരപ്പാക്കിയ ശേഷം തോടിനോട് ചേര്‍ന്നുള്ള വശം ബോര്‍ഡുകള്‍ സ്ഥാപിച്ച് വണ്‍സൈഡ് പാര്‍ക്കിങ് ആക്കാനും ചെത്തുതൊഴിലാളി യൂനിയന്‍ ഓഫിസിനു മുന്നിലെ ബസ് സ്റ്റോപ്പും മണ്ണടിച്ച് നിരപ്പാക്കാനും പി.ഡബ്ല്യു.ഡിക്ക് നിർദേശം നല്‍കി.
ആലപ്പുഴ പ്രസ്ക്ലബിനും എസ്.ഡി.വി സ്കൂളിനും ഇടയിലൂടെ പടിഞ്ഞാറോട്ടുള്ള റോഡില്‍ സ്കൂള്‍ കുട്ടികള്‍ക്കായുള്ള ഓട്ടോയുടെയും സ്വകാര്യ വാഹനങ്ങളുടെയും പാര്‍ക്കിങ് ഒഴിവാക്കാൻ സ്കൂള്‍ മാനേജ്മെന്‍റിനെക്കൂടി ഉള്‍പ്പെടുത്തി ചര്‍ച്ച നടത്തി പരിഹരിക്കും.
കൈചൂണ്ടി ജങ്ഷനിലെ തെക്കോട്ടും വടക്കോട്ടുമുള്ള ബസ് സ്റ്റോപ് പുതുക്കി നിശ്ചയിച്ച രീതിയില്‍ തന്നെ തുടരും. ജില്ല കോടതി പാലത്തില്‍ ഏര്‍പ്പെടുത്തിയ വണ്‍വേ സംവിധാനം ഫലപ്രദമാണെന്ന് യോഗം വിലയിരുത്തി. ഇതുമൂലം ഓട്ടോ തൊഴിലാളികള്‍ക്ക് ഉണ്ടായ ജോലിനഷ്ടവും യാത്രക്കാരുമായുള്ള ചാർജ് തര്‍ക്കങ്ങളും തുടര്‍ചര്‍ച്ചയിലൂടെ പരിഹരിക്കും. വണ്‍വേ സംവിധാനത്തിന്‍റെ ഭാഗമായി സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കും.
കെ.എസ്.ആര്‍.ടി.സി ബസുകള്‍ സ്റ്റോപ്പിൽ നിര്‍ത്തുന്നതിന് ഡ്രൈവര്‍മാര്‍ക്ക് കര്‍ശന നിർദേശം നൽകാനും തീരുമാനിച്ചു. സ്‌റ്റോപ്പുകള്‍കളില്‍ പൊതുജനങ്ങള്‍ക്കും ബസ് നിര്‍ത്താനും തടസ്സമായ കോണ്‍ക്രീറ്റ് കുറ്റികള്‍ പി.ഡബ്ല്യു.ഡി സഹായത്തോടെ നീക്കും.ജനറല്‍ ആശുപത്രിക്ക് പടിഞ്ഞാറുവശം ആര്യാസ് ഹോട്ടലിന് മുന്നിലെ പുനഃക്രമീകരിച്ച സ്റ്റോപ്പിലെ ബി.എസ്.എന്‍.എല്‍ പോസ്റ്റ് നീക്കും. വിവിധ സന്നദ്ധസംഘടനകളുടെ സേവനം ഉപയോഗപ്പെടുത്തി ആവശ്യമായ സ്ഥലങ്ങളില്‍ കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ക്രമീകരിക്കും.
നഗരസഭ ചെയര്‍പേഴ്സൻ സൗമ്യരാജ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പി.എസ്.എം. ഹുസൈന്‍, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ. ബാബു, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എ. ഷാനവാസ്, കൗണ്‍സിലര്‍മാരായ ബി. നസീര്‍, ബി. അജേഷ്, നസീർ പുന്നക്കല്‍, നോര്‍ത്ത് സി.ഐ എം.കെ. രാജേഷ്, എസ്.ഐ എ.പി. മധു, ട്രാഫിക് എസ്.ഐ എം.പി. ജസ്റ്റിന്‍, മോട്ടോര്‍ വെഹിക്കിള്‍ ഇൻസ്പെക്ടർരായ ശരത് സേനന്‍, സുനില്‍, സി.എന്‍. ജോബ്,
പി.ഡബ്ല്യു.ഡി അസി. എന്‍ജിനീയര്‍ എ. ഷാഹി, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ എം.ആര്‍. ഷിബുകുമാര്‍, എം. പ്രേംജിത്ത്, പ്രൈവറ്റ് ബസ് ഓണേഴ്സ് ഭാരവാഹികള്‍ സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, ബി.എം.എസ്, എസ്.ടി.ടി.യു തുടങ്ങിയ സംഘടനകളുടെ നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.