തുറവൂർ: നിത്യോപയോഗ സാധനങ്ങൾക്ക് വില കുതിച്ചുയരുന്നതിനിടെ ജനങ്ങൾക്ക് നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത സോപ്പൂകൾക്ക് നിയന്ത്രണമില്ലാതെ വില വർധിക്കുന്നു. ഓരോ മാസവും വില വർധിപ്പിച്ചാണ് സോപ്പ് കമ്പനിക്കാർ ജനങ്ങളെ പിഴിയുന്നത്. കുളിക്കാൻ ഉപയോഗിക്കുന്ന ബ്രാൻഡഡ് സോപ്പിന് 36 രൂപയായിരുന്നത് ഇപ്പോൾ 80 ആണ്. മറ്റൊരു ബ്രാൻഡഡ് സോപ്പിന് ഒന്നിന് 62 രൂപയായിരുന്നത് ഇപ്പോൾ നൂറായി. മാർക്കറ്റുകളിൽ നിലവിൽ ലഭിക്കുന്ന മറ്റു കമ്പനി സോപ്പുകളുടെയും വിലയിൽ 40 മുതൽ നൂറ് ശതമാനം വരെ വർധനയുണ്ട്. വസ്ത്രം കഴുകാൻ ഉപയോഗിക്കുന്ന സോപ്പുപൊടിയുടെയും അവസ്ഥ ഇതുതന്നെയാണ്. വൻ വർധനയാണ് സോപ്പുപൊടികൾക്കും ഉണ്ടായിട്ടുള്ളത്. പ്രശസ്തമായ ഒരു കമ്പനിയുടെ അരക്കിലോ സോപ്പുപൊടിക്ക് 65 രൂപയായിരുന്നത് ഇപ്പോൾ 120 ആണ്.
ജനങ്ങൾ സോപ്പിന്റെ വില വർധന ശ്രദ്ധിക്കാത്തതാണ് കമ്പനിക്കാരുടെ തീവെട്ടിക്കൊള്ളക്ക് കാരണം. അസംസ്കൃത വസ്തുക്കളുടെ വില താഴേക്ക് പോകുമ്പോഴാണ് സോപ്പിന്റെ വില മുകളിലേക്ക് പോകുന്നത്. നാട്ടിൻപുറങ്ങളിൽ കുടിൽ വ്യവസായമായി ഉൽപാദിപ്പിക്കുന്ന കുളിക്കുന്ന സോപ്പിന്റെയും സോപ്പുപൊടിയുടെയും വില വർധിക്കാത്തത് സാധാരണ ജനങ്ങൾക്ക് ആശ്വാസമാണെങ്കിലും ചുരുക്കം ചില കടകൾ മാത്രമാണ് ഇവ വിൽക്കുന്നത്. മറ്റ് നിത്യോപയോഗ സാധനങ്ങളുടെ വില വർധനമൂലം കഷ്ടപ്പെടുന്ന പൊതുജനത്തിന് സോപ്പുകളുടെ അനിയന്ത്രിത വിലവർധന ഇരുട്ടടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.