ജല അതോറിറ്റി ഉദ്യോഗസ്ഥരും കരാർ കമ്പനി ജീവനക്കാരും ഉയരപ്പാതക്കരികിൽ ജലവിതരണ പൈപ്പുകൾ സ്ഥാപിക്കുന്നതിനുള്ള പരിശോധന നടത്തുന്നു

അരൂർ -തുറവൂർ ഉയരപ്പാത നിർമാണം; ദേശീയപാതയിൽ ശുദ്ധജല വിതരണ പൈപ്പ് മാറ്റിസ്ഥാപിച്ചുതുടങ്ങി

അരൂർ: അരൂർ -തുറവൂർ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് ശുദ്ധജല വിതരണ പൈപ്പുകളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന അപാകതകൾ പരിഹരിക്കാൻ വാട്ടർ അതോറിറ്റി നടപടി തുടങ്ങി. അരൂർ മുതൽ തുറവൂർ വരെയുള്ള ദേശീയപാതയുടെ ഇരുഭാഗത്തും കൂടി സ്ഥാപിച്ചിരിക്കുന്ന 24 കിലോ മീറ്റർ നീളത്തിൽ ജപ്പാൻ കുടിവെള്ള പൈപ്പുകൾ കാന നിർമാണത്തോടെ അവതാളത്തിലായിരിക്കുകയാണ്. നിലവിലുള്ള ജലവിതരണ പൈപ്പ് ഭൂരിഭാഗം സ്ഥ‌ലങ്ങളിലും കാനയുടെ താഴെ കൂടിയും കാനക്കുള്ളിൽ കൂടിയുമാണ് കടന്നു പോകുന്നത്.

ഉയരപ്പാതയുടെ പണി കഴിയുന്നതോടെ, പൈപ്പിൽ ഉണ്ടാവുന്ന കേടുപാടുകൾ പരിഹരിക്കുന്നത് സങ്കീർണമാകും. പകരം സംവിധാനത്തെ കുറിച്ച് പഠിക്കാനാണ് വിവിധ വകുപ്പുകളുടെ മേധാവികൾ കഴിഞ്ഞദിവസം മേൽപാത നിർമാണസ്ഥലത്ത് പരിശോധനക്ക് എത്തിയത്. പുതുതായി പണിയുന്ന കാനയുടെ സമീപത്ത് ആറ് ഇഞ്ച് പൈപ്പ് സ്ഥാപിക്കണമെന്നാണ് ജല അതോറിറ്റി അധികൃതർ മുന്നോട്ടുവെച്ച നിർദേശം. ഇതിനായി റോഡിന്‍റെ ഇരുവശങ്ങളിലും ജല അതോറിറ്റി ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അരൂർ മുതൽ തുറവൂർ വരെയുള്ള ഭാഗങ്ങളിൽ പരിശോധന നടത്തി.

ദേശീയ പാതക്കരികിലുള്ള എഴുന്നൂറിലധികം കടകളിലേക്കും ആയിരത്തിലധികം വീടുകളിലേക്കും ഇടറോഡുകളിലേക്കും പോകുന്ന പൈപ്പുകളാണ് കാനക്കടിയിൽപെട്ടത്. നിർമാണം പൂർത്തിയാക്കി ദേശീയപാത വിഭാഗത്തിന് പാത കൈമാറുമ്പോൾ റോഡരികിലേക്കും സമീപ വീടുകളിലേക്കും പോകുന്ന കണക്ഷനുകളുടെ തകരാർ പരിഹരിക്കണമെങ്കിൽ പാതയും കാനയും പൊളിക്കേണ്ടിവരും. ഇതിന് ചെലവാകാൻ സാധ്യതയുള്ള ലക്ഷങ്ങൾ ഗുണഭോക്താക്കൾ തന്നെ നൽകേണ്ടിയും വരും. ഇതൊഴിവാക്കാൻ ചില നിർദേശങ്ങൾ സർക്കാരിന്‍റെ കാലത്ത് ജല അതോറിറ്റി മുന്നോട്ട് വെച്ചിരുന്നു. അതിനായി 4.9 കോടിയുടെ എസ്റ്റിമേറ്റ് കരാർ കമ്പനിക്ക് കൈമാറിയിരുന്നു. എന്നാൽ, ഇത്രയും തുക മുടക്കാൻ കരാർ കമ്പനി തയാറായില്ല.

കഴിഞ്ഞ 11ന് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാന്റെ നേതൃത്വത്തിൽ കലക്ടറേറ്റിൽ നടന്ന യോഗത്തിൽ ശുദ്ധജല പ്രശ്നം ചർച്ച ചെയ്ത‌പ്പോൾ പൈപ്പ് സ്ഥാപിച്ചാൽ മാത്രമേ പ്രശ്ന പരിഹാരമാകൂ എന്നും നിർമാണം പൂർത്തിയായ ശേഷം തകരാർ സംഭവിച്ചാൽ ഗുണഭോക്താക്കൾക്ക് ലക്ഷങ്ങൾ ചെലവാകുമെന്നും ജലഅതോറിറ്റി ഉദ്യോഗസ്‌ഥർ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് അടിയന്തിരമായി വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ അരൂർ മുതൽ തുറവൂർ വരെയുള്ള ഭാഗം സന്ദർശിക്കാൻ നിർദേശിച്ചത്. സ്ഥലം സന്ദർശിച്ച് ഉദ്യോഗസ്ഥർ റിപ്പോർട്ട് തയാറാക്കി ഈയാഴ്ച കലക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും. ജല അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനിയർ ദിലീപ് ഗോപൻ, അസി. എക്സിക്യൂട്ടീവ് എൻജിനിയർ സിന്ധു, അസിസ്റ്റന്റ് എൻജിനീയർമാരായ റിനി, വിഷ്ണു, പൊതുമരാമത്ത് വകുപ്പ് അസി. എൻജിനീയർ ആർ. രഞ്ജിത്ത്, ദിവ്യ തുടങ്ങിയ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.

Tags:    
News Summary - Aroor-Thuravoor elevated highway construction: Relocation of drinking water pipes begins on National Highway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.