ചാരുംമൂട്: ബൈക്കിൽ കറങ്ങി നടന്ന് മൊബൈൽ ഫോൺ മോഷണം നടത്തിവന്ന രണ്ട് യുവാക്കളെ അറസ്റ്റു ചെയ്തു. കൊട്ടാരക്കര മൈലം പള്ളിക്കൽ വാറുതുണ്ടിൽ വീട്ടിൽ ലിൻസൺ ബെറ്റി (27), അടൂർ പെരിങ്ങനാട് കരുവാറ്റ മുറിയിൽ ലവ് ലാന്‍ഡ് വില്ലയിൽ അമൽബേബി ( 26) എന്നിവരെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം പാലമൂട് പുത്തൻ പുരയിൽ വീട്ടിൽ യോഹന്നാന്റെ 1,48,000 രൂപയുടെ ഐ ഫോണും 36,000 രൂപയുടെ മറ്റൊരു മൊബൈൽ ഫോണും കവർന്ന കേസിലാണ് അറസ്റ്റ്.
യോഹന്നാൻ നൂറനാട് ഉള്ള സ്ഥാപനത്തിൽ സാധനം വാങ്ങാൻ കയറുമ്പോൾ സ്കൂട്ടറിന്റെ ബോക്സിൽ വെച്ച മൊബൈൽ ഫോണുകൾ നിരീക്ഷിച്ചു കൊണ്ട് നിന്ന പ്രതികൾ മോഷ്ടിക്കുകയായിരുന്നു. പരാതിയെ തുടർന്ന് നൂറനാട് പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ ആദിക്കാട്ടുകുളങ്ങരയിലുള്ള ലോഡ്ജിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് മോഷണം പോയ രണ്ട് മൊബൈൽ ഫോണുകളും കണ്ടെടുത്തു. രണ്ടാം പ്രതി അമൽ ബേബി കുറത്തികാട് സ്റ്റേഷനിൽ പീഢന കേസിൽ പ്രതിയാണ്. ലഹരിക്ക് അടിമകളായ ഇവർ ബൈക്കിൽ കറങ്ങി നടന്ന് മൊബൈൽ ഫോൺ, ഹെൽമറ്റ് എന്നിവയാണ് മോഷ്ടിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
സി.ഐ പി. ശ്രീജിത്ത്, എസ്. ഐ എസ്. നിതീഷ്, എസ്.ഐ സുബാഷ് ബാബു, സി.പി.ഒ മാരായ ബിജുരാജ്, പ്രവീൺ, ജയേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.