ഹരിപ്പാട്: കാർത്തികപ്പള്ളി തോട് പുനരുജ്ജീവിപ്പിക്കാൻ പരിസ്ഥിതി പ്രവർത്തകർ നടത്തിയ പരിശ്രമം പ്രമേയമായി ബാലസാഹിത്യ കൃതി. പൂമീൻ പുഴയുടെ കഥ എന്ന പുസ്തകം ഷാർജ അന്തർദേശീയ പുസ്തകമേളയിൽ കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തു. കാർത്തികപ്പള്ളി ഗവ. യു.പി സ്കൂളിലെ പ്രധാനാധ്യാപികയായിരുന്ന സുഷമയുടെ നേതൃത്വത്തിൽ തോടിന്റെ ശോച്യാവസ്ഥക്കെതിരെയും ജല സംരക്ഷണത്തിന്റെ ആവശ്യകതയെ മുൻനിർത്തിയും നിരന്തരം പ്രക്ഷോഭങ്ങളും ജനാവബോധ ക്ലാസുകളും നടത്തിയിരുന്നു. വനമിത്ര അവാർഡ് ജേതാവ് രാധാകൃഷ്ണൻ, സമന്വയ വേദി ചെയർമാൻ ബി. രാജശേഖരൻ, വിക്രമൻ നമ്പൂതിരി തുടങ്ങിയവരാണ് മുൻനിരയിലുണ്ടായിരുന്നത്.
ഈ ഇടപെടലുകൾ പ്രമേയമാക്കി കാർത്തികപ്പള്ളി സ്വദേശിയും കഥാകൃത്തുമായ സജീദ് ഖാൻ പനവേലിലാണ് കൃതി രചിച്ചത്. അനാദിയായ പുഴ തന്റെ രക്ഷകയായി എത്തിയ സുഷമ ടീച്ചർക്ക് എഴുതിയ ഭാവനാത്മക കത്തിന്റെ രൂപത്തിലാണ് രചന. കാസർകോട് മടിക്കേരി ഗവ. ഹൈസ്കൂൾ അധ്യാപകനായ പി. ബന്നിയാണ് ചിത്രങ്ങൾ രചിച്ചത്.
പ്രകാശന ചടങ്ങിൽ എം.എൽ.എമാരായ രമേശ് ചെന്നിത്തല, കെ.ടി. ജലീൽ, കഥാകൃത്ത് സക്കറിയ, ഡോ. സി.പി. ബാവ ഹാജി, ഡോ.എ.വി. അനൂപ്, റീജൻസി ഗ്രൂപ് ജനറൽ മാനേജർ ഷമീം യൂസുഫ് കളരിക്കൽ, ഷാർജ ഇന്ത്യൻ പ്രസിഡന്റ് വൈ.എ. റഹീം, പി.കെ. അൻവർ നഹ, മലബാർ ഗ്രൂപ് എം.ഡി എ.കെ. ഫൈസൽ, മച്ചിങ്ങൽ രാധാകൃഷ്ണൻ തുടങ്ങിയവർ പുസ്തകം ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.