എരമല്ലൂർ വലിയകുളം
അരൂർ: എരമല്ലൂർ വലിയകുളം സൗന്ദര്യവത്കരണത്തിന് ബൃഹത് പദ്ധതി.പായൽ അടിഞ്ഞും കാടുകയറിയും മാലിന്യം നിറഞ്ഞും ആളുകൾ ഇറങ്ങാൻ പോലും മടിക്കുന്ന പൊതുകുളവും പരിസരവും നവീകരിക്കാൻ 65 ലക്ഷം രൂപയാണ് എഴുപുന്ന ഗ്രാമപഞ്ചായത്ത് വകയിരുത്തിയിട്ടുള്ളത്.
സൗന്ദര്യവത്കരണം ഏതു രീതിയിൽ വേണമെന്ന് തീരുമാനിക്കാൻ എരമല്ലൂർ സ്വദേശികളായ പ്രശസ്ത ശിൽപി രഘുനാഥൻ, ചിത്രകാരൻ ആർ. വേണു എന്നിവരടക്കം കലാകാരന്മാരുടെ പ്രാഥമിക യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആർ. പ്രദീപ് വിളിച്ചുചേർത്തു.
കുളത്തിന്ചുറ്റും നടപ്പാതയും, ലഘുവ്യായാമ ഉപകരണങ്ങൾ ഘടിപ്പിച്ച പാർക്കും, ഓപൺ എയർ ഓഡിറ്റോറിയവും ഇരിപ്പിടങ്ങളും, പ്രാദേശിക ഭക്ഷണം വിളമ്പുന്ന ലഘുഭക്ഷണശാലയും ഒരുക്കാൻ ധാരണയായിട്ടുണ്ട്. കുളത്തിന്‍റെ തെക്കുഭാഗത്ത് പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിർമിച്ചിട്ടുള്ള അനാവശ്യ കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്നത് ആലോചിക്കും.
ഇവിടെയുള്ള വാട്ടർ ടാങ്ക് പൊളിക്കാതെ രൂപമാറ്റം വരുത്തി ആർട്ട് ഗാലറി, കലാപഠന കളരി, വായനശാല എന്നിവ സ്ഥാപിക്കാനും ആലോചനയുണ്ട്. പ്രശസ്തമായ കാക്കത്തുരുത്ത് വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് എത്താനുള്ള പാതയും ഈ കുളത്തിന്‍റെ അരികിലൂടെയാണ്.
കാക്കത്തുരുത്ത് വിനോദസഞ്ചാരകേന്ദ്രത്തിന്‍റെ പ്രവേശനകവാടം, എഴുപുന്നയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾക്കനുസരിച്ച് കലാമിഴിവോടെ രൂപപ്പെടുത്താനും കാക്കത്തുരുത്ത് കായൽ വരെ ദേശീയപാതയിൽനിന്ന് തുടങ്ങുന്ന പാതക്ക് ഇരുവശവുമുള്ള മതിലുകൾ ചിത്രങ്ങൾ വരച്ച് മോടിവരുത്താനും, കുളത്തിന്‍റെയും പരിസരത്തിന്‍റെയും സൗന്ദര്യവത്കരണം രൂപഭംഗിയോടെ നടത്താനും സാങ്കേതിക വിദഗ്ധരുടെയും കലാകാരന്മാരുടെയും സംയുക്ത ശിൽപശാല പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.