ചേർത്തല: ചേർത്തല നഗരത്തിലേക്കും നഗരത്തിൽനിന്ന് വിവിധ സ്ഥലങ്ങളിലേക്കും വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന ജങ്ഷനായ കോടതിക്കവല ഗതാഗതക്കുരുക്കിൽ നട്ടം തിരിയുന്നു. നാലുവശത്തുനിന്ന് വാഹനങ്ങൾ കടന്നുവരുന്ന പ്രധാന ഇടമായതിനാൽ പലപ്പോഴും അപകടങ്ങൾ പതിവാണ്. റോഡിനു വീതികൂട്ടി സിഗ്നൽ സംവിധാനം ഒരുക്കണമെന്നാണ് പ്രധാന ആവശ്യം. തിരക്കുകൂടുമ്പോൾ ഗതാഗതം നിയന്ത്രിക്കാനെത്തുന്ന പൊലീസ് ഉദ്യോഗസ്ഥർ വലയുകയാണ്. ചേർത്തല-അരൂക്കുറ്റി റോഡിൽനിന്ന് ദേശീയപാത ഒറ്റപ്പുന്ന ജങ്ഷനിൽനിന്ന് വലിയ വാഹനങ്ങൾ ഉൾപ്പെടെ കോടതിക്കവല ജങ്ഷൻവഴിയാണ് നഗരത്തിലേക്ക് പ്രവേശിക്കുന്നത്.
കെ.എസ്.ആർ.ടി.സി-സ്വകാര്യ ബസുകൾ വിവിധ സ്ഥലങ്ങളിലേക്ക് കടന്നുപോകുന്നതും ഈ ജങ്ഷൻ വഴിയായതിനാൽ രാവിലെയും വൈകീട്ടും വലിയ ഗതാഗതക്കുരുക്ക് നേരിടുന്നു. കോട്ടയം ജില്ലയിലേക്ക് പോകുന്ന വാഹനങ്ങൾ ഉൾപ്പെടെ കോടതിക്കവല ജങ്ഷൻ വഴിയാണ് പോകുന്നത്.
നാലു റോഡുകളിൽനിന്ന് വാഹനങ്ങൾ ജങ്ഷനിലേക്ക് വരുമ്പോൾ ഗതാഗതം നിയന്ത്രിക്കാൻ നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കും അപകട സാധ്യതയേറെയാണ്. റോഡിനു മധ്യഭാഗത്തുനിന്നാണ് പലപ്പോഴും പൊലീസ് ഉദ്യോഗസ്ഥർ ഗതാഗതം നിയന്ത്രിക്കുന്നത്.
വലിയ വാഹനങ്ങൾ കടന്നുവരുമ്പോൾ റോഡിന്റെ വശങ്ങളിലേക്ക് മാറിനിൽക്കാൻപോലും കഴിയാതെ വരുന്നുണ്ട്. പൊലീസ് ഉദ്യോഗസ്ഥർക്ക് സുരക്ഷിതമായി നിൽക്കാനുള്ള സംവിധാനം വേണമെന്ന ആവശ്യവുമുയരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.