ആലപ്പുഴ: ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷക്ക് മിന്നും വിജയം (99.9%). കഴിഞ്ഞവർഷത്തെ 99.72 വിജയശതമാനത്തിൽ നേരിയ കുറവുണ്ടായെങ്കിലും വിദ്യാർഥികളുടെ എപ്ലസ് വർധനവും 99 ശതമാനത്തിന് മുകളിൽ നാലു വിദ്യാഭ്യാസ ജില്ലകളുടെ വിജയവും തിളക്കംകൂട്ടി. ജില്ലയിൽ 10,916 ആൺകുട്ടികളും 10,519 പെൺകുട്ടികളും ഉൾപ്പെടെ 21,435 കുട്ടികളാണ് പരീക്ഷയെഴുതിയത്. ഇതിൽ 10,903 ആൺകുട്ടികളും 10,510 പെൺകുട്ടികളും ഉൾപ്പെടെ 21,413 പേർ ഉപരിപഠനത്തിന് അർഹതനേടി.
3818 പേർ എല്ലാവിഷയങ്ങൾക്കും എപ്ലസ് സ്വന്തമാക്കി. ഇതിൽ 1352 ആൺകുട്ടികളും 2466 പെൺകുട്ടികളുമുണ്ട്. കോവിഡ് പ്രതിസന്ധി നിലനിന്ന കഴിഞ്ഞവർഷം ജില്ലയിൽ 2081 പേർക്കാണ് എപ്ലസ് കിട്ടിയിരുന്നത്. എന്നാൽ, ഇത്തവണ മുഴുവൻ വിഷയത്തിനും 1737 എപ്ലസുകാരെ അധികമായി കൂട്ടിയാണ് ജില്ലയുടെ വിജയത്തിളക്കം. വിദ്യാഭ്യാസ ജില്ലകളായ ആലപ്പുഴ-1060 (395 ആൺകുട്ടികളും 665 പെൺകുട്ടികൾ), കുട്ടനാട്-412 (160 ആൺകുട്ടികളും 252 പെൺകുട്ടികളും), ചേർത്തല-968 (292 ആൺകുട്ടികളും 676 പെൺകുട്ടികൾ), മാവേലിക്കര-1378 (505 ആൺകുട്ടികളും 873 പെൺകുട്ടികൾ) എന്നിങ്ങനെയാണ് എ പ്ലസ് വിജയം സ്വന്തമാക്കിയത്.
സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് ഉൾപ്പെടെ 178 സ്കൂളുകൾക്കാണ് നൂറുമേനി വിജയം. ജില്ലയിൽ ഏറ്റവും കൂടുതൽ വിജയശതമാനം നേടി ആലപ്പുഴ, കുട്ടനാട് വിദ്യാഭ്യാസ ജില്ലകൾ ഒന്നാംസ്ഥാനം പങ്കിട്ടു. രണ്ടിടത്തും 99.5 ശതമാനമാണ് വിജയം. 99.91 വിജയശതമാനം സ്വന്തമാക്കിയ ചേർത്തല വിദ്യാഭ്യാസ ജില്ലക്കാണ് രണ്ടാംസ്ഥാനം. 99.83 വിജയശതമാനവുമായി മാവേലിക്കര വിദ്യാഭ്യാസ ജില്ലക്കാണ് മൂന്നാംസ്ഥാനം.
ഒന്നാമതെത്തിയ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ 3028 ആൺകുട്ടികളും 3140 പെൺകുട്ടികളും ഉൾപ്പെടെ 6171പേർ പരീക്ഷയെഴുതിയതിൽ 6168 പേരും കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ 1060 ആൺകുട്ടികളും 942 പെൺകുട്ടികളും ഉൾപ്പെടെ 2003പേർ പരീക്ഷയെഴുതിയതിൽ 2002പേരും വിജയിച്ചു. ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ പരീക്ഷയെഴുതിയ 6374 പേരിൽ 6368 പേരും ഉപരിപഠനത്തിന് അർഹതനേടി. ഇതിൽ 3289 ആൺകുട്ടികളും 3079 പെൺകുട്ടികളുമുണ്ട്. മാവേലിക്കര വിദ്യാഭ്യാസജില്ലയിൽ പരീക്ഷയെഴുതിയ 6887പേരിൽ 6875പേരും വിജയിച്ചു.
ഇതിൽ 3526 ആൺകുട്ടികളും 3349 പെൺകുട്ടികളും ഉപരിപഠനത്തിന് അർഹതനേടി. സംസ്ഥാനത്ത് ഏറ്റവും കുറച്ച് വിദ്യാർഥികൾ പരീക്ഷയെഴുതിയ വിദ്യാഭ്യാസ ജില്ല കുട്ടനാടാണ്. ഇവിടെ 2003 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. ഇതിൽ ഒരാൾ മാത്രമാണ് തോറ്റത്. ഏറ്റവും കുറച്ച് വിദ്യാർഥികൾ പരീക്ഷയെഴുതിയ സ്കൂളും ആലപ്പുഴ ഇടനാട് എൻ.എസ്.എസ് എച്ച്.എസാണ്. ഇവിടെ രണ്ടുവിദ്യാർഥികളാണ് പരീക്ഷയെഴുതിയത്.
ആലപ്പുഴ: മുഴുവൻ വിഷയത്തിലും എപ്ലസ് നേടിയവരുടെ എണ്ണത്തിൽ ജില്ലയിൽ വൻവർധന. ഇക്കുറി 3818 പേരാണ് എപ്ലസ് വിജയംസ്വന്തമാക്കിയത്. കഴിഞ്ഞവർഷം ജില്ലയിൽ 2081 പേർക്കാണ് എപ്ലസ് കിട്ടിയത്. മുൻവർഷത്തേക്കാൾ അധികമായി 1737 പേർക്ക് കൂടി എപ്ലസ് നേടിയായിരുന്നു മുന്നേറ്റം.
ജില്ലയിൽ 178 സ്കൂളുകൾ നൂറുശതമാനം വിജയം കൊയ്തു. 56 സർക്കാർ സ്കൂളുകളും 112 എയ്ഡഡ് സ്കൂളുകളും ആറ് അൺഎയ്ഡഡ് സ്കൂളുകളും നൂറുശതമാനം സ്വന്തമാക്കി. ഇതിൽ സർക്കാർ സ്കൂളുകളാണ് മികച്ച മുന്നേറ്റം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.