കാർ നിയന്ത്രണംതെറ്റി
കടയിലേക്ക് ഇടിച്ചുകയറിയ നിലയിൽ
ആറാട്ടുപുഴ: അമിതവേഗത്തിൽ ഓടിച്ച കാർ നിയന്ത്രണംതെറ്റി കടയിലേക്ക് ഇടിച്ചുകയറി. ബുധനാഴ്ച രാത്രി 9.45ഓടെ പല്ലന കെ.വി ജട്ടി ജങ്ഷനിലുള്ള മസ്ജിദിന് മുന്നിലായിരുന്നു അപകടം.തോട്ടപ്പള്ളിയിൽനിന്നും തൃക്കുന്നപ്പുഴയിലേക്ക് വരുകയായിരുന്ന കാർ ആദ്യം ഇടതുവശത്തെ വൈദ്യുതി പോസ്റ്റിലിടിച്ച് നിയന്ത്രണംതെറ്റി എതിർദിശയിലേക്ക് തിരിഞ്ഞ് കടയുടെ ഉള്ളിലേക്ക് ഇടിച്ച് കയറുകയുമായിരുന്നു. സംഭവത്തിൽ തൃക്കുന്നപ്പുഴ എസ്.എൻ നഗറിൽ കപിൽ വില്ലയിൽ കപിലിനെതിരെ (27) മദ്യപിച്ച് വാഹനമോടിച്ചതിന് തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തു. ഇയാൾ തോട്ടപ്പള്ളി മുതൽ അപകടകമായ രീതിയിലാണ് വാഹനമോടിച്ച് വന്നതെന്ന് ദൃസാക്ഷികൾ പറഞ്ഞു. തലനാരിഴക്കാണ് പലരും രക്ഷപ്പെട്ടത്.
പാനൂർ പല്ലന കൊളഞ്ഞിത്തറയിൽ ഷൗക്കത്തലിയുടെ ഫ്രോസ് വെൽ ഫുഡ് കടക്ക് കാറിടിച്ചുകയറി സാരമായ തകരാറുണ്ടായി. മുൻഭാഗം പൂർണമായും തകർന്നു.രണ്ടരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കടയിലുണ്ടായിരുന്ന ഷൗക്കത്തലി അപകടത്തിന് ഒരുമിനിറ്റ് മുമ്പാണ് പുറത്തേക്ക് പോയത്. ഇടിയുടെ ആഘാതത്തിൽ 11 കെ.വി ലൈൻ കടന്നുപോകുന്ന വൈദ്യുതി പോസ്റ്റ് രണ്ടായി ഒടിഞ്ഞ് റോഡിന് കുറുകെ വീണു.
ശബ്ദം കേട്ട് തൊട്ടടുത്ത പള്ളിയിൽ ഉണ്ടായിരുന്നവരുടെയും സമീപവാസികളുടെയും സമയോചിത ഇടപെടൽമൂലം അപകടങ്ങൾ ഒഴിവായി.ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. വൈദ്യുതി പോസ്റ്റ് വീണതിനെ തുടർന്ന് രണ്ടരമണിക്കൂർ തീരദേശ റോഡിൽ ഗതാഗതം മുടങ്ങി. പ്രദേശത്ത് വ്യാഴാഴ്ച ഉച്ചവരെ വൈദ്യുതി നിലച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.