മുഹമ്മ: റവന്യൂ ജില്ല സ്കൂൾ കായികമേളയുടെ മത്സരങ്ങൾ പലയിടത്തായതോടെ ഓടിത്തളർന്ന് കായികതാരങ്ങളും അധ്യാപകരും. ആദ്യദിനം സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളുടെ ലോങ് ജംപ്, ട്രിപ്പിൾ ജംപ്, ഹൈജംപ്, പോൾവാട്ട് മത്സരങ്ങൾക്കായി തെരഞ്ഞെടുത്ത ചാരമംഗലം ഡി.വി.എച്ച്.എസ്.എസ് ഗ്രൗണ്ട് അസൗകര്യങ്ങളുടെ കൂത്തരങ്ങായി മാറി.Revenue District School Sports Mela
ജൂനിയർവിഭാഗം ആൺകുട്ടികളുടെ ഹൈജംപ് മത്സരത്തിൽ ഒന്നാമതെത്തിയ ദേശീയതാരം വൈ. ക്രിസിന് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. കുണ്ടും കുഴിയും അസൗകര്യങ്ങളും മുന്നിലെത്തിയ ഗ്രൗണ്ട് തന്നെയായിരുന്നു പ്രശ്നം. 1.85 മീറ്റർ ചാടിയായിരുന്നു ക്രിസ് ദേശീയറെക്കോർഡ് സ്വന്തമാക്കിയത്. എന്നാൽ, സ്വന്തം ജില്ലയിലെ കായികമേളയിൽ 1.72 മീറ്റർ മാത്രമാണ് ചാടാനായത്. വിശ്രമമില്ലാതെയുള്ള മത്സരമാണ് ഇതിന് കാരണമെന്നാണ് കായിക അധ്യാപകരുടെ പരാതി.
ഉപജില്ല മത്സരങ്ങൾ ഞായറാഴ്ചയാണ് പൂർത്തിയായത്. പിറ്റേന്ന് ജില്ലതലത്തിലേക്ക് മാറ്റുരക്കാൻ എത്തുന്ന സ്ഥിതിയാണ്. കുട്ടികൾക്ക് ഭക്ഷണംപോലും നൽകാൻ സംവിധാനമുണ്ടായില്ല. 14ന് മത്സരം അവസാനിക്കുമെങ്കിലും 16ന് തൃശൂരിൽ നടക്കുന്ന സംസ്ഥാന കായികമേളക്ക് വീണ്ടും എത്തണം. ഇതിനിടെയുള്ള സൗത്ത് സോൺ മത്സരങ്ങൾ ഒഴിവാക്കിയാണ് പലരും സംസ്ഥാനതലത്തിലേക്ക് പോകുന്നത്.
അഞ്ചുദിവസം നീളുന്ന കായികമേളക്കിടെയാണ് പ്ലസ്വൺ വിദ്യാർഥികളുടെ ഇംപ്രൂവ്മെന്റ് പരീക്ഷ. അതിനാൽ സീനിയർ വിഭാഗത്തിന്റെ മത്സരം 13ന് ഉച്ചക്കുശേഷമാവും നടക്കുക. സീനിയർ വിഭാഗത്തിലെ താരങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കണോ പരീക്ഷയെഴുതണോയെന്ന എന്ന ആശങ്കയുണ്ട്.
14ന് മത്സരം പൂർത്തിയാക്കി സംസ്ഥാനതലത്തിൽ വിജയികളുടെ പട്ടിക നൽകേണ്ടതിനാൽ ടൈംട്രയൽ നടത്തി വിജയികളെ കണ്ടെത്തേണ്ട സ്ഥിതിയുണ്ട്. സമയത്തിന്റെ പരിമിതിക്കൊപ്പം ജില്ലയിൽ മികച്ച ഗ്രൗണ്ടില്ലാത്തതിനാൽ സീനിയർ വിഭാഗത്തിന്റെ റിലേ ഒഴിവാക്കേണ്ടിവരുമെന്നാണ് വിലയിരുത്തൽ.
സിന്തറ്റിക് ട്രാക്കില്ലാതെ മത്സരിക്കുന്ന സംസ്ഥാനത്തെ ഏകജില്ലയാണ് ആലപ്പുഴ. അത്ലറ്റിക്സ് അടക്കം ഒരേഗ്രൗണ്ടിൽ ക്രമീകരിക്കേണ്ട മത്സരങ്ങൾ നാലിടത്തായിട്ടാണ് നടത്തുന്നത്. ഇതിൽ ഒരിടത്തുപോലും 400 മീറ്റർ ട്രാക്കില്ല. 200 മീറ്റർ മത്സരം ആറുട്രാക്കുകളിൽ നടത്തി വിജയികളെ കണ്ടെത്തിയാലും സംസ്ഥാനതലത്തിൽ പിന്തള്ളിപോകും.
മത്സരസൗകര്യം കുറവായ ജില്ലയിൽ ആറുദിവസം വിവിധയിടങ്ങളിൽ മേള നടത്തുന്നത് ബുദ്ധിമുട്ടാകുമെന്നാണ് കായികഅധ്യാപകർ പറയുന്നത്. ഏങ്ങനെയെങ്കിലും തട്ടിക്കൂട്ടി മേള നടത്തുകയാണ് സംഘാടകരുടെ ലക്ഷ്യം. ഇതിന് കുട്ടികളെ ബലിയാടാക്കുന്നതിൽ രക്ഷകർത്താക്കൾക്കും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.