ആലപ്പുഴ: രണ്ടുവർഷം മുമ്പ് ആലപ്പുഴ സപ്ലൈകോയുടെ എൻ.എഫ്.എസ്.എ സംഭരണ കേന്ദ്രത്തിൽനിന്ന് കാണാതായ 150 ടൺ റേഷൻ ഭക്ഷ്യധാന്യം കടത്തിയത് ആരെന്ന് ഇപ്പോഴും അജ്ഞാതം. അന്വേഷണം പൊലീസിനു കൈമാറാൻ സിവിൽ സപ്ലൈസ് അധികൃതർ തയാറാകാതിരുന്നതിനാൽ യഥാർഥ കുറ്റവാളികൾ രക്ഷപ്പെടുകയും ചെയ്തു. സംഭരണകേന്ദ്രത്തിന്റെ ചുമതല അവസാനം വഹിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തും പിഴചുമത്തിയും തിരിമറിക്കേസ് സിവിൽ സപ്ലൈസ് അവസാനിപ്പിക്കുകയായിരുന്നു. ഏറെനാൾ സ്റ്റോക് പരിശോധന നടത്താതിരുന്ന സംഭരണകേന്ദ്രത്തിലെ തിരിമറിക്ക് പിന്നിൽ ഒട്ടേറെ ഉദ്യോഗസ്ഥരുണ്ടെന്നാണ് ആരോപണം. ഇതിന്റെ ചുരുളഴിക്കാൻ സപ്ലൈകോ വിജിലൻസും തയാറായില്ല.
ഓരോ ഉദ്യോഗസ്ഥനും ചുമതലയേൽക്കുമ്പോൾ സംഭരണകേന്ദ്രത്തിലെ സ്റ്റോക് വിവരം ചാർജ് ഒഴിയുന്ന ഉദ്യോഗസ്ഥൻ ചാക്ക് എണ്ണി തിട്ടപ്പെടുത്തി നൽകണം. വർഷങ്ങളായി ആലപ്പുഴയിൽ ഇത് പതിവില്ലായിരുന്നു. 2020 ഫെബ്രുവരിയിൽ ചുമതലയേൽക്കാനെത്തിയ ഉദ്യാഗസ്ഥ കണക്ക് തിട്ടപ്പെടുത്താതെ കഴിയില്ലെന്ന് നിർബന്ധം പിടിച്ചു. ചാക്ക് എണ്ണി സ്റ്റോക് പരിശോധിച്ചതോടെയാണ് 150 ടൺ ഭക്ഷ്യധാന്യം കാണാതായതായി വ്യക്തമായത്.
ഏത് ഉദ്യോഗസ്ഥന്റെ കാലത്താണ് തിരിമറിയെന്നു വ്യക്തമാകാഞ്ഞതിനാൽ, അവസാനം ചുമതല വഹിച്ചവരെ കുറ്റക്കാരായി കണക്കാക്കി കേസ് അവസാനിപ്പിക്കുകയായിരുന്നു. വിഷയത്തിൽ സംസ്ഥാന ഭക്ഷ്യകമീഷനും കേസെടുത്തിരുന്നു. സ്റ്റോക് പരിശോധന കൃത്യമായി നടത്താത്തതാണ് തിരിമറിക്ക് കാരണമായതെന്നാണ് കമീഷൻ വിലയിരുത്തിയത്. തുടർന്ന് എല്ലാ സംഭരണകേന്ദ്രങ്ങളിലും സ്റ്റോക് പരിശോധന നടത്താൻ കമീഷൻ നിർദേശിച്ചു. സപ്ലൈകോ ഇതിന് തയാറായതോടെ കമീഷനും കേസ് അവസാനിപ്പിച്ചു. പൊലീസിനെ കേസ് ഏൽപിച്ചിരുന്നെങ്കിൽ കുറ്റക്കാരെ പിടിക്കാനാകുമായിരുന്നെന്നാണ് റേഷൻ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ പറയുന്നത്.
ആലപ്പുഴ നഗരത്തിൽ പൊലീസ് പിടികൂടിയ റേഷൻ തിരിമറിക്കേസുകളിൽ ഒട്ടേറെപ്പേർ ജയിലായിരുന്നു. ആലപ്പുഴ സംഭരണകേന്ദ്രത്തിലെ തിരിമറി സംബന്ധിച്ചും അന്വേഷണം വേണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. മാവേലിക്കര തട്ടാരമ്പലം സംഭരണകേന്ദ്രത്തിൽ തിരിമറി നടത്തിയവരെ പൊലീസ് പിടിച്ചതോടെയാണ് ആലപ്പുഴയിലെ രണ്ടുവർഷം മുമ്പത്തെ തെളിയാത്ത തിരിമറിക്കേസിന്റെയും ചുരുളഴിക്കണമെന്ന ആവശ്യമുയർന്നിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.