ആലപ്പുഴ: ഓട്ടിസം ബാധിതര്‍ ഉള്‍പ്പെടെ ഭിന്നശേഷിക്കാര്‍ക്കായി 2022-23 സാമ്പത്തികവര്‍ഷം സാമൂഹികനീതി വകുപ്പ് ആലപ്പുഴ ജില്ല ഓഫിസിന് അനുവദിച്ച ഫണ്ട് നൂറുശതമാനവും ചെലവഴിച്ചു. വിവിധ ഭിന്നശേഷിക്കാര്‍ക്കായി മാത്രം 11 വ്യക്തിഗത ഗുണഭോക്തൃ പദ്ധതികളാണ് സാമൂഹികനീതി വകുപ്പ് മുഖേന നടപ്പാക്കുന്നത്. ആരും തുണയില്ലാത്ത ഭിന്നശേഷിക്കാരുടെ ചികിത്സാപരമായ ആവശ്യങ്ങള്‍ക്കായി നടപ്പാക്കിയ പരിരക്ഷ പദ്ധതിപ്രകാരം സഹായം ആവശ്യപ്പെട്ട അര്‍ഹരായ എല്ലാ അപേക്ഷകര്‍ക്കും ധനസഹായം ലഭ്യമാക്കി.
ദരിദ്ര ചുറ്റുപാടിലുള്ള ഭിന്നശേഷിക്കാര്‍ക്ക് അടിയന്തര ആവശ്യങ്ങള്‍ക്ക് ആശുപത്രിയില്‍ പോകാൻ വാഹന വാടക, ആശുപത്രിയില്‍ പരിചരണത്തിനായി പരിചാരകര്‍ ആവശ്യമായിട്ടുണ്ടെങ്കില്‍ അവര്‍ക്കുള്ള വേതനം, മരുന്ന്, ഭക്ഷണം തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് പരിരക്ഷ പദ്ധതി പ്രകാരം ധനസഹായം അനുവദിക്കുന്നത്.
ജില്ല സാമൂഹികനീതി ഓഫിസ് മുഖേനയാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. അര്‍ഹരായ അപേക്ഷകര്‍ക്ക് 25,000 രൂപ വരെ ജില്ല സാമൂഹികനീതി ഓഫിസര്‍ക്കും രണ്ടുലക്ഷം രൂപ വരെ കലക്ടര്‍ക്കും രണ്ടുലക്ഷം രൂപക്ക് മുകളിലുള്ള തുക സാമൂഹികനീതി ഡയറക്ടര്‍ക്കും അനുവദിക്കാന്‍ കഴിയും. ഇതിനായി കലക്ടര്‍ അധ്യക്ഷനായി ജില്ലതല മോണിറ്ററിങ് സമിതി രൂപവത്കരിച്ചിട്ടുണ്ട്.
ഭിന്നശേഷിക്കാരായ രക്ഷിതാക്കളുടെ കുട്ടികള്‍ക്കുള്ള വിദ്യാകിരണം സ്കോളര്‍ഷിപ് ജില്ലയിലെ 495 കുട്ടികള്‍ക്ക് ഈ വര്‍ഷം ലഭ്യമാക്കിയിട്ടുണ്ട്. ഓട്ടിസം ഉള്‍പ്പെടെ തീവ്ര ഭിന്നശേഷിയുള്ള കുട്ടികളുടെ അമ്മമാര്‍ക്ക് സ്വയംതൊഴില്‍ സംരംഭം ആരംഭിക്കാനുള്ള സ്വാശ്രയ പദ്ധതിയിലൂടെ ജില്ലയില്‍ ഈ സാമ്പത്തിക വര്‍ഷം ഏഴ് സ്ത്രീ രക്ഷിതാക്കള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താൻ 30,000 രൂപ വീതം ധനസഹായം നല്കി.
ഭിന്നശേഷിക്കാരായ രക്ഷിതാവിന്റെ മക്കള്‍ക്കും ഭിന്നശേഷിയുള്ള പെണ്‍കുട്ടികള്‍ക്കുമുള്ള പരിണയം വിവാഹ ധനസഹായ പദ്ധതി പ്രകാരം 50 പെണ്‍കുട്ടികള്‍ക്ക് 30,000 രൂപവീതം ധനസഹായം ലഭ്യമാക്കി. പ്രസവശേഷം രണ്ടുവര്‍ഷം വരെ കുഞ്ഞുങ്ങളെ പരിപാലിക്കാൻ ഭിന്നശേഷിക്കാരായ അമ്മമാര്‍ക്ക് പ്രതിമാസം 20,000 രൂപവരെ നല്കുന്ന മാതൃജ്യോതി പദ്ധതിപ്രകാരം 10 ഗുണഭോക്താക്കള്‍ക്കും ഈ വര്‍ഷം ധനസഹായം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.