ആലപ്പുഴ: തദ്ദേശസ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ടിൽ അഞ്ചുശതമാനം വയോജന ക്ഷേമത്തിന് മാറ്റിവെക്കണമെന്ന വ്യവസ്ഥ സാക്ഷാത്കരിക്കാൻ എളുപ്പവഴിയായി പകൽവീടുകൾ ഉയരുന്നു. വയോജനങ്ങൾക്ക് ആശ്രയമായും മാനസികോല്ലാസത്തിനും സൗഹൃദകേന്ദ്രമായും മാറേണ്ട ഇവ പക്ഷേ കൂടുതലും പൂട്ടിയിട്ട നിലയിലാണ്. അതല്ലെങ്കിൽ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു. ഇതാകട്ടെ വയോജനങ്ങളുമായി ബന്ധമില്ലാത്ത സംരംഭങ്ങളും.
ജില്ലയിൽ പലയിടത്തും ലക്ഷങ്ങൾ ചെലവിട്ട ഇത്തരം കെട്ടിടങ്ങൾ ഉദ്ഘാടനം കഴിഞ്ഞ് അടഞ്ഞുകിടക്കുന്നുണ്ട്. പല കാരണങ്ങളാൽ വീടുകളിൽ ഒറ്റപ്പെടൽ അനുഭവിക്കുന്ന 60നുമേൽ പ്രായമുള്ളവരെ രാവിലെ മുതൽ വൈകീട്ടുവരെ താമസിപ്പിച്ച് വിനോദവും സുരക്ഷയും ഉറപ്പാക്കുകയെന്ന 'പകൽവീട്' പദ്ധതിയുടെ ലക്ഷ്യം. എന്നാൽ, ഇത് പാടെ തെറ്റുന്നു.
ആലപ്പുഴ നഗരത്തിൽ മൂന്ന് പകൽവീടുണ്ട്. ഒരിടത്തും വയോധികർ വരാറില്ല. ബി.ആർ.സിയുടെയും മറ്റും പരിപാടികൾക്കാണ് കെട്ടിടം ഉപയോഗിക്കുന്നത്. ചാത്തനാട് ശ്മശാനത്തിന് എതിർവശം പകൽവീട് കെട്ടിടത്തിൽ അംഗൻവാടി പ്രവർത്തിക്കുകയായിരുന്നു. അംഗൻവാടി മാറ്റിയതോടെ പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി കെട്ടിടം. വാടക്കൽ ഗുരുമന്ദിരം വാർഡിൽ പകൽവീട് കെട്ടിടത്തിൽ സി.ഡി.എസ് പ്രവർത്തകരുടെ യോഗങ്ങളും മറ്റുമാണ് നടക്കുന്നത്. താഴത്തെ നിലയിൽ അംഗൻവാടിയും പ്രവർത്തിക്കുന്നു.
ചേന്നം പള്ളിപ്പുറം പഞ്ചായത്ത് ഓഫിസിനോട് ചേർന്ന് 2015ൽ നിർമിച്ച പകൽവീട് ഉദ്ഘാടനം ചെയ്തെങ്കിലും പ്രവർത്തനം തുടങ്ങിയില്ല. 2013-14ൽ 10.5 ലക്ഷത്തോളം രൂപ ചെലവിട്ടായിരുന്നു നിർമാണം.രാവിലെയും ഉച്ചക്കും വൈകീട്ടും ഭക്ഷണം, ടി.വി, പുസ്തകങ്ങൾ, പത്രം തുടങ്ങിയവ ലഭ്യമാക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിലും ഒന്നുമുണ്ടായില്ല. 14 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രവർത്തനം തുടങ്ങാൻ നടപടിയായെന്നും പഞ്ചായത്ത് പ്രസിഡന്‍റ് ടി.എസ്. സുധീഷ് പറയുന്നു.
വള്ളികുന്നം പഞ്ചായത്ത് സ്റ്റേഡിയത്തോട് ചേർന്ന് നിർമിച്ച പകൽവീട് 2019ൽ പ്രവർത്തനം തുടങ്ങിയെങ്കിലും ആറുമാസത്തിനകം അടച്ചു. കോവിഡ് വ്യാപിച്ചതോടെ തുറന്നതേയില്ല. വയോധികരെ കൂട്ടിക്കൊണ്ടുവരാനും തിരിച്ചെത്തിക്കാനും വാഹനവും രണ്ട് ജീവനക്കാരും ഉണ്ടായിരുന്നു. മാവേലിക്കര പുതിയകാവിൽ അറവുശാലക്ക് നിർമിച്ച കെട്ടിടത്തിലാണ് കഴിഞ്ഞ നഗരസഭ കൗൺസിലിന്‍റെ അവസാനകാലത്ത് പകൽവീട് ആരംഭിച്ചത്.
ഉദ്ഘാടനശേഷം തുറന്നിട്ടില്ല. ആദ്യ രണ്ട് വർഷം കോവിഡുമൂലം പ്രവർത്തിച്ചില്ല. പിന്നീട് തുറന്നപ്പോൾ തൊട്ടടുത്ത എയ്റോബിക് കംപോസ്റ്റ് യൂനിറ്റിലെ ദുർഗന്ധം തടസ്സമായി. ഇത് പരിഹരിച്ച് അംഗൻവാടി തുടങ്ങി. പകൽവീട് ഉടൻ പുനരാരംഭിക്കുമെന്നാണ് അധികൃതർ പറയുന്നത്.
ഹരിപ്പാട് നഗരസഭയിൽ പകൽവീടിന് നിർമിച്ച കെട്ടിടം വയോമിത്രം പദ്ധതി ഓഫിസാണ് ഇപ്പോൾ. സൗകര്യം കുറവായതിനാലാണ് പകൽവീട് പ്രവർത്തിക്കാത്തതെന്ന് അധികൃതർ പറയുന്നു. മഴക്കാലത്ത് വെള്ളം കയറുന്നതാണ് പ്രശ്നം.
തണ്ണീർമുക്കം പഞ്ചായത്തിന്‍റെ പകൽവീട് പണി നടക്കുന്നതേയുള്ളൂ. ഒമ്പതാം വാർഡിൽ ഇലഞ്ഞാംകുളങ്ങര ലക്ഷംവീട് കോളനിയിലാണിത്. മാരാരിക്കുളം തെക്ക് സർവോദയപുരം ചന്തക്കുള്ളിൽ ജില്ല പഞ്ചായത്ത് 2019-20ലെ ഫണ്ടിൽ കെട്ടിടം പണിതെങ്കിലും പ്രവർത്തനം തുടങ്ങിയിട്ടില്ല. റാമ്പ് ഉൾപ്പെടെ സൗകര്യങ്ങളോടെയാണിത്. കെട്ടിടത്തിൽ വൈദ്യുതി ലഭിച്ചിട്ടില്ലെന്നും ഇക്കാരണത്താലാണ് പ്രവർത്തനം തുടങ്ങാത്തതെന്നും പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. സംഗീത പറഞ്ഞു. കഞ്ഞിക്കുഴി പഞ്ചായത്ത് അഞ്ചാം വാർഡിൽ നിർമിച്ച പകൽവീട് കോവിഡ്കാലം മുതൽ പ്രവർത്തിക്കുന്നില്ല.
വയലാർ പഞ്ചായത്ത് ഓഫിസിനടുത്ത് നിർമിച്ച കെട്ടിടം ഉപയോഗമില്ലാതെ കിടക്കുകയാണ്. 10 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച കെട്ടിടം 2020ൽ ഉദ്ഘാടനം ചെയ്തതാണ്. കോവിഡ്കാലത്തെ നിയന്ത്രണത്തിൽ പ്രവർത്തനം മുടങ്ങി. പിന്നീടും തുറന്നില്ല. രണ്ട് ഹാൾ, കിടപ്പുമുറി, അടുക്കള, ശുചിമുറികൾ തുടങ്ങിയവയും ഫർണിച്ചറും ഉൾപ്പെടെയുണ്ട്. പുസ്തകങ്ങൾ, പത്രങ്ങൾ, ലഘുഭക്ഷണം തുടങ്ങിയവക്കായി ഈ സാമ്പത്തിക വർഷം രണ്ടുലക്ഷം രൂപയും ചുറ്റുമതിൽ നിർമിക്കാൻ 3.5 ലക്ഷവും നീക്കിവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.