ആലപ്പുഴ ബീച്ചിൽ നിർമിക്കുന്ന കടൽപാലത്തിന്റെ രൂപരേഖ
ആലപ്പുഴ: ആലപ്പുഴക്കാരുടെ സ്വപ്നങ്ങൾക്ക് ചിറകുവിരിച്ച് ബീച്ചിൽ പുതിയ കടൽപാലം’. പുതിയപദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. സാങ്കേതികാനുമതി നൽകാൻ ടൂറിസം സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ യോഗം തിരുവനന്തപുരത്ത് അടുത്ത ദിവസം ചേരും. മാർച്ച് ആദ്യവാരം നിർമാണം ആരംഭിക്കുമെന്നാണ് വിവരം. ആലപ്പുഴ പൈതൃകപദ്ധതിയുടെ ഭാഗമായാണ് പുതിയ കടൽപാലം നിർമിക്കുന്നത്. പഴയകടൽപാലത്തിന് 50മീറ്റർ വടക്ക് മാറിയാണ് പുതിയപാലം നിർമിക്കുന്നത്. ആലപ്പുഴ-മുസിരിസ് പൈതൃകപദ്ധതിയുടെ ഭാഗമായി കിഫ്ബിയിൽനിന്ന് 19.9 കോടി രൂപ ചെലവഴിച്ചാണ് നിർമാണം. 300 മീറ്റർ നീളത്തിലും അഞ്ച് മീറ്റർ വീതിയിലും വിനോദസഞ്ചാരികൾക്ക് ഉയരത്തിൽ കയറിനിന്ന് കടലിന്റെ ഭംഗി ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് രൂപകൽപന.
ഭിന്നശേഷിക്കാരെയും പരിഗണിച്ചാവും നിർമാണം. പാലത്തിന്റെ തുടക്കത്തിൽ കവാടവുമുണ്ടാകും. വ്യൂ പോയിന്റുകളും ഭക്ഷണശാലകളും വിവിധ സ്റ്റാളുകളുമുണ്ടാകും. ഇവക്കായി 12 മീറ്റർ നീളത്തിലും ആറ് മീറ്റർ വീതിയിലും പ്രത്യേകഭാഗം നിർമിക്കും. ചെന്നൈ ഐ.ഐ.ടിയാണ് സങ്കേതികപഠനം പൂർത്തിയാക്കിയത്. വിനോദസഞ്ചാരമേഖലക്കൊപ്പം ചരക്കുനീക്കത്തിനും വാണിജ്യമേഖലക്കും സഹായകമാകുംവിധമാണിത്. നിർവഹണചുമതല ഇൻകലിനാണ്. കെ.വി.ജെ ബിൽഡേഴ്സ് ആൻഡ് ഡെവലപ്പേഴ്സിനാണ് കരാർ. മണ്ണ് പരിശോധനയടക്കം നടപടിക്രമങ്ങളും കരാറും രൂപരേഖയും നേരത്തെ പൂർത്തിയാക്കിയിരുന്നു. പഴയ കടൽപാലത്തിന്റെ തൂണുകൾ കൂടുതൽ തുരുമ്പിക്കാത്ത വിധം രാസപ്രക്രിയ നടത്തി സംരക്ഷിക്കാനും പദ്ധതിയുണ്ട്.
കടൽപാലത്തിന് അറ്റത്ത് കപ്പലുകൾക്ക് വാർഫ് നിർമിക്കാനും മാരിടൈം ബോർഡിന്റെ ആലോചനയിലുണ്ട്. വാർഫ് വരുന്നതോടെ ചെറിയ ചരക്കുകപ്പലുകൾക്കും ആഡംബര, വിനോദസഞ്ചാര കപ്പലുകൾക്കും നങ്കൂരമിടാം. കൊച്ചിയിൽനിന്നടക്കം സഞ്ചാരികൾക്ക് കടൽമാർഗം ആലപ്പുഴയിലെത്തി കായൽ സൗന്ദര്യം ആസ്വദിച്ച് മടങ്ങാം. വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി തിരുവനന്തപുരം മുതൽ മംഗലാപുരംവരെ കാർഗോലൈൻ വന്നാലും നേട്ടമാകും. സാഹസിക ജലകായിക വിനോദങ്ങളും മറ്റ് വിനോദസഞ്ചാരപദ്ധതികളും എത്തുമെന്നും പ്രതീക്ഷിക്കാം. തീരസേനയുടെ റെസ്ക്യൂ ബോട്ടുകൾക്ക് ഡോക്കായും ഉപയോഗിക്കാം. അഴീക്കൽ, തോപ്പുംപടി ഹാർബറുകളെ ആശ്രയിക്കുന്നത് ഒഴിവാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.