ആലപ്പുഴ: ദേശീയപാത 66 വികസനത്തിന് ഭൂമിയേറ്റെടുത്തതിന്റെ നഷ്‌ടപരിഹാര വിതരണം പൂർത്തിയാകുന്നു. ആകെ 3180.53 കോടിയാണ് നഷ്‌ടപരിഹാരമായി അനുവദിച്ചത്. ഇതിൽ 3034 കോടി വിതരണം ചെയ്‌തു. 95 ശതമാനത്തോളം പൂർത്തിയായി. ചുരുങ്ങിയ കാലയളവിൽ ഇത്രയധികം തുക വിതരണം ചെയ്‌ത് ഭൂമിയേറ്റെടുക്കുന്നത് ആദ്യമാണ്.
പരാതിരഹിതമായി ഭൂമിയേറ്റെടുത്തതും സർക്കാറിന്റെ നേട്ടമാണ്. നഷ്‌ടപരിഹാരം നിശ്ചയിച്ചതിൽ അപാകതയുണ്ടെന്ന് കണ്ടെത്തിയവർക്കാണ് ഇപ്പോൾ തുക നൽകുന്നത്. വികസനത്തിന്റെ മൂന്ന് റീച്ചുകളിലെ ഒന്നിൽ മുഴുവൻ നഷ്‌ടപരിഹാരത്തുകയും നൽകി.
ജില്ലയിലെ 31 വില്ലേജിലായി 81 കിലോമീറ്ററാണ് ആറുവരിയാക്കുന്നത്. ഏറ്റെടുക്കേണ്ട 106.14 ഹെക്‌ടറിൽ 102.09 ഹെക്‌ടർ ഏറ്റെടുത്തു. തുറവൂർ-പറവൂർ, പറവൂർ -കായംകുളം കൊറ്റുകുളങ്ങര, കൊറ്റുകുളങ്ങര-ഓച്ചിറ റീച്ചുകളായാണ് വികസനം. കൊറ്റുകുളങ്ങര-ഓച്ചിറ റീച്ചിലെ ജില്ലയിലെ ഭൂമിയുടെ നഷ്‌ടപരിഹാര വിതരണമാണ് പൂർത്തിയാക്കിയത് (217.97 കോടി). തുറവൂർ-പറവൂർ ഭാഗത്തേക്ക് 1179.91 കോടിയാണ് അനുവദിച്ചത്.
1174.34 കോടി നൽകി -99.9 ശതമാനം. പറവൂർ-കൊറ്റുകുളങ്ങര ഭാഗത്തേക്ക് അനുവദിച്ച 1788 കോടിയിൽ 1642 കോടി വിതരണം ചെയ്‌തു. നൽകിയത് 92 ശതമാനം. കെട്ടിടങ്ങളും മതിലുകളും ഉൾപ്പെടെ നിർമിതികളുടെ നഷ്‌ടപരിഹാരം നിശ്ചയിച്ചതിലെ അപാകത സംബന്ധിച്ച പരാതികൾ ദേശീയപാത അതോറിറ്റിയും പൊതുമരാമത്ത് വകുപ്പിന്റെ ദേശീയപാത വിഭാഗവും പരിശോധിച്ചിരുന്നു.
അമ്പലപ്പുഴ, പുറക്കാട് ഒഴികെ വില്ലേജുകളിൽ സംയുക്ത പരിശോധന റിപ്പോർട്ട് പ്രകാരം നഷ്‌ടപരിഹാരം നൽകാൻ അനുമതി ലഭിച്ചിരുന്നു. ഇതനുസരിച്ച് അധിക നഷ്‌ടപരിഹാര വിതരണമാണ് പുരോഗമിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉൾപ്പെടെ തർക്കഭൂമിയിലെ നഷ്‌ടപരിഹാര വിതരണമായിട്ടില്ല.
ഇതടക്കം ജില്ലയിലെ 71 നിർമിതികളാണ് പൊളിച്ചുമാറ്റാനുള്ളത്. നഷ്‌ടപരിഹാരം കൈമാറിയിട്ടേ കെട്ടിടങ്ങൾ പൊളിക്കാവൂയെന്ന കോടതി നിർദേശമുള്ള ഭൂമിയാണ് ഏറ്റെടുക്കാനുള്ളത്. ആദ്യഘട്ട വിജ്ഞാപനത്തിൽ ഉൾപ്പെടാത്ത 3.94 ഹെക്‌ടർ കൂടി ഏറ്റെടുക്കാനുണ്ട്. ഇവയുടെ സർവേ നമ്പറുകൾ ഉൾപ്പെടുത്തിയ പ്രാഥമിക വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.