ദേശീയപാതയിൽ പുന്നപ്ര കളിത്തട്ടിന് സമീപം സീബ്രലൈനിൽ രൂപപ്പെട്ട കുഴി
ആലപ്പുഴ: ജില്ലയിലെ പ്രധാന റോഡുകളിലും ഇടറോഡുകളിലും വലിയ അപകടങ്ങൾക്ക് കാരണമാകുന്ന കുഴികൾ ധാരാളം.ഇത്തരം കുഴികളിൽ ആരെങ്കിലും അപകടത്തിൽപെട്ടാൽ മാത്രമേ നടപടിയെടുക്കൂ എന്ന ഉദ്യോഗസ്ഥരുടെ നിലപാട് കാരണം നിരവധി ജീവനുകളാണ് നിരത്തുകളിൽ പൊലിഞ്ഞത്. ഗുരുതര പരിക്കേറ്റവർ വേറെയും. നിർമാണത്തിലെ അപാകതയടക്കമുള്ള കാരണങ്ങളാൽ റോഡിൽ അപകടങ്ങൾ വർധിക്കുകയാണ്. സ്കൂളുകൾ തുറന്നതോടെ വാഹനത്തിരക്ക് കൂടി. മഴക്കാലം എത്തിയിരിക്കെ, നടപടി വൈകുന്നത് കൂടുതൽ ഇടങ്ങളിൽ റോഡ് തകരുന്നതിനും അപകടങ്ങൾക്കും കാരണമാകും.
സ്കൂളുകൾക്ക് സമീപംപോലും സീബ്രലൈനില്ല
തകഴിക്കും നീരേറ്റുപുറത്തിനും ഇടയിൽ എട്ട് സ്കൂളുകളാണ് റോഡിന് സമീപത്തുള്ളത്. ഒരിടത്തും സീബ്രലൈൻ പോലും ഇല്ല.കാമ്പിശ്ശേരി-തഴവമുക്ക് റോഡ് പുനർനിർമിച്ചപ്പോൾ വളവുകളിൽ ഓട നിർമിക്കാതെ അശാസ്ത്രീയമായി ടാർ ചെയ്തത് അപകടസാധ്യത വർധിപ്പിച്ചിരിക്കുകയാണ്. അമ്പതിലേറെ വളവുകളാണ് തഴവമുക്ക്-കാമ്പിശ്ശേരി റോഡിലുള്ളത്. ഇതിൽ മങ്ങാരം ജങ്ഷന് സമീപം വളവിലാണ് അപകടം ഒളിഞ്ഞിരിക്കുന്നത്. ചേർത്തല പതിനൊന്നാംമൈൽ കവലക്ക് സമീപം ഏപ്രിൽ 17ന് യുവാവ് അപകടത്തിൽ മരിച്ചു.
മേയ് 17ന് ദേശീയപാതയിൽ ചേർത്തല പതിനൊന്നാം മൈലിന് വടക്ക് ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ചേർത്തല തങ്കിക്കവലയിൽ അപകടം നിത്യമാണ്. ജങ്ഷനിൽ ട്രാഫിക് സിഗ്നൽ പ്രവർത്തിക്കുന്നുമില്ല. കവലയിൽ യു ടേൺ കൂടിയുള്ളത് അപകടസാധ്യത ഇരട്ടിയാക്കുന്നു.
യു ടേൺ മാറ്റിസ്ഥാപിക്കണമെന്ന് പൊലീസ് ദേശീയപാത വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആലപ്പുഴ-തണ്ണീർമുക്കം സംസ്ഥാനപാതയിൽ കാവുങ്കൽ ക്ഷേത്രത്തിന് വടക്ക് തറമൂടിന് സമീപം എസ് വളവുള്ള ഭാഗത്താണ് അപകടങ്ങൾ കൂടുതൽ. മുഹമ്മ കെ.പി.എം യു.പി സ്കൂളിന് മുന്നിലെ വളവിൽ അപകടം കുറക്കാൻ റോഡരികിലെ തൂണുകളിൽ നാട്ടുകാർ ടയറുകൾ അടുക്കിവെച്ചിട്ടുണ്ട്. ഫെബ്രുവരി 17ന് ഇവിടെയുണ്ടായ അപകടത്തിൽ രണ്ട് ബൈക്ക് യാത്രികരാണ് മരിച്ചത്. ദേശീയപാതയിൽ കലവൂർ, വളവനാട്, കളിത്തട്ട് എന്നിവിടങ്ങളിൽ അപകടമേഖലയായി പൊലീസ് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.
മരണമൊരുക്കി കുഴികൾ
കൊല്ലം-തേനി ദേശീയപാതയിൽ മാങ്കാംകുഴിക്കും കൊല്ലകടവിനും ഇടയിൽ മാത്രം കഴിഞ്ഞമാസം രണ്ടുപേരുടെ ജീവനാണ് പൊലിഞ്ഞത്. അമിതവേഗത്തിലെത്തിയ മീൻവണ്ടി കൊല്ലകടവ് പാലത്തിന് തെക്ക് സ്കൂട്ടർ യാത്രക്കാരെൻറ ജീവൻ കവർന്നപ്പോൾ കൊച്ചാലുംമൂട് ജങ്ഷന് തെക്ക് ടിപ്പർലോറിയാണ് സ്കൂട്ടർ യാത്രക്കാരെൻറ ജീവൻ കവർന്നത്.
മാവേലിക്കര തട്ടാരമ്പലം-വലിയപെരുമ്പുഴ റോഡിൽ വളവിൽ നിയന്ത്രണംവിട്ട സ്കൂട്ടർ വീടിെൻറ മതിലിലിടിച്ച് രണ്ടുപേരാണ് മരിച്ചത്. കെ.പി റോഡിൽ അപകടം ഒഴിയാത്ത ആശാൻകലുങ്ക് വളവിന് 50 മീറ്ററിനുള്ളിൽ ഹയർ സെക്കൻഡറി സ്കൂളുള്ളത് രക്ഷിതാക്കളുടെ ഭീതി വർധിപ്പിക്കുന്നു. ഒരാഴ്ചക്കുള്ളിൽ ആറ് അപകടങ്ങളാണ് ഇവിടെ ഉണ്ടായത്. വളവ് നിവർത്താൻ പ്രാരംഭനടപടി സ്വീകരിച്ചെങ്കിലും തുടർനടപടിയില്ല.
ദേശീയപാതയിൽ ഹരിപ്പാടിനും കായംകുളത്തിനും ഇടയിൽ ഒരുമാസത്തിനുള്ളിൽ അഞ്ചുപേരാണ് മരിച്ചത്. ഇതിൽ നാലുപേരും ദേശീയപാതയിലെ കുഴിയിൽ ഇരുചക്രവാഹനം വീണുള്ള അപകടത്തിലാണ് മരിച്ചത്.പ്രതിഷേധം ശക്തമായതോടെ കരീലക്കുളങ്ങര മുതൽ ഹരിപ്പാട് വരെ ദേശീയപാത നന്നാക്കിയെങ്കിലും കരീലക്കുളങ്ങര മുതൽ കൃഷ്ണപുരംവരെ ഗുരുതര അപകടമേഖലയായി തുടരുന്നു.
ഹരിപ്പാട്ട് മാധവ ജങ്ഷൻ മുതൽ നങ്ങ്യാർകുളങ്ങര വരെ അപകടമേഖലയാണ്. കഴിഞ്ഞദിവസം മറുതമുക്കിന് സമീപം നിയന്ത്രണംവിട്ട വാനിടിച്ച് ബൈക്ക് യാത്രികനായ വിമുക്തഭടൻ മരിച്ചു. പിന്നാലെ ഒരു മണിക്കൂറിനുള്ളിൽ ദേശീയപാതയിൽ നാല് ചെറിയ അപകടങ്ങളുമുണ്ടായി. രണ്ടാഴ്ച മുമ്പ് ദേശീയപാതയിൽ പിക്അപ് വാൻ നിയന്ത്രണംവിട്ട് കെ.എസ്.ആർ.ടി.സി ബസിലിടിച്ച് ഏഴുപേർക്ക് പരിക്കേറ്റിരുന്നു.
തട്ടാരമ്പലം -പുതിയകാവ്-മാങ്കാംകുഴി-പന്തളം റോഡ് നവീകരണം പുരോഗമിക്കവെ അപകടങ്ങളും കൂടുകയാണ്. ഒരാഴ്ചക്കുള്ളിൽ അഞ്ച് അപകടങ്ങളാണ് ഉണ്ടായത്. മാവേലിക്കര വള്ളക്കാലി ജങ്ഷൻ, പുതിയകാവിൽനിന്ന് കല്ലുമലയിലേക്ക് തിരിയുന്ന ഭാഗം, പുതിയകാവ്-കല്ലുമല റോഡിൽ റെയിൽവേ മേൽപാലത്തിന് തെക്ക്, കല്ലുമല കോളജ് ജങ്ഷൻ, ബുദ്ധ ജങ്ഷൻ ഭാഗങ്ങളെല്ലാം സ്ഥിരം അപകടമേഖലയാണ്.
ഏപ്രിൽ 27ന് ദേശീയപാതയിൽ പായൽക്കുളങ്ങരയിൽ കാറും ചരക്കുലോറിയും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന നാലുപേരാണ് മരിച്ചത്. പാതയരികിൽ പൊലീസിെൻറ നിരീക്ഷണകാമറ ഉണ്ടെങ്കിലും പ്രവർത്തനരഹിതമാണ്. തോട്ടപ്പള്ളി സ്പിൽവേ പാലത്തിെൻറ ഇരുഭാഗം, പുറക്കാട്, കരൂർ, അമ്പലപ്പുഴ കച്ചേരിമുക്കിനു തെക്ക് മരിയ മോണ്ടിസോറി സെൻട്രൽ സ്കൂൾ ജങ്ഷൻ, വണ്ടാനം, പുന്നപ്ര കളിത്തട്ട്, അറവുകാട് പാതയിലാണ് പ്രധാനമായും അപകടസാധ്യതയുള്ളത്. അമ്പലപ്പുഴ - തിരുവല്ല പാതയിൽ നവീകരണം നടന്നെങ്കിലും പ്രധാന ജങ്ഷനുകളിൽ പോലും അപകട മുന്നറിയിപ്പ് സംവിധാനങ്ങളില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.