ആലപ്പുഴ: ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളിൽ ഇത്തവണ പ്രതിനിധികളായി എത്തുക 1666 പേർ. കഴിഞ്ഞതവണ 1565 പേരായിരുന്നു. ഇത്തവണ കൂടുതലായി 101 പേർ പുതിയ വാർഡുകളെ പ്രതിനിധീകരിച്ചെത്തും. വോട്ടർമാരുടെ എണ്ണത്തിലെ വർധനക്ക് ആനുപാതികമായാണ് ജനപ്രതിനിധികളുടെ എണ്ണം ഉയരുന്നത്.
വാർഡ് വിഭജനം പൂർത്തിയായപ്പോൾ ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും മണ്ഡലങ്ങളുടെ എണ്ണം കൂടി. ആകെയുള്ള 72 പഞ്ചായത്തുകളിൽ 64 എണ്ണത്തിലും വാർഡുകൾ കൂടിയിട്ടുണ്ട്. 84 വാർഡുകളാണ് അധികമായി രൂപവത്കരിച്ചത്. നാല് നഗരസഭകളിൽ ഓരോ വാർഡ് വർധിച്ചു. ഒരു ജില്ല പഞ്ചായത്ത് ഡിവിഷനും കൂടിയിട്ടുണ്ട്. 45 പഞ്ചായത്തുകളിൽ ഒരുവാർഡ് വീതം കൂടിയിട്ടുണ്ട്.
18 പഞ്ചായത്തുകളിൽ രണ്ട് വാർഡ് വീതം വർധിച്ചു. കോടംതുരുത്ത് പഞ്ചായത്തിൽ മൂന്ന് വാർഡുകൾ പുതുതായി വന്നു. ആകെ പഞ്ചായത്ത് വാർഡുകളുടെ എണ്ണം 1253 ആയി. ചേർത്തല, ആലപ്പുഴ, കായംകുളം, ഹരിപ്പാട് നഗരസഭകളിൽ ഓരോവാർഡ് വർധിച്ചിട്ടുണ്ട്. ആകെ നഗരസഭ വാർഡുകൾ 219 ആയി. 12 ബ്ലോക്ക് പഞ്ചായത്തുകളിലും ഓരോ ഡിവിഷനുകൾ കൂടിയിട്ടുണ്ട്. നേരത്തേ 158ൽനിന്ന് ഇപ്പോൾ 170 ഡിവിഷനായി. കഞ്ഞിക്കുഴി, പള്ളിപ്പുറം ഡിവിഷനുകളുടെ ഭാഗങ്ങൾ ചേർത്ത് തണ്ണീർമുക്കം ഡിവിഷനാണ് ജില്ല പഞ്ചായത്തിൽ പുതുതായി രൂപവത്കരിച്ചത്. ആകെ ഡിവിഷനുകൾ 24 ആയി.
ആകെ വോട്ടർമാർ 17,89,549
ജില്ലയിൽ 17,89,549 വോട്ടർമാരാണ്. പുരുഷന്മാർ -8,35,428, സ്ത്രീകൾ -9,54,110, ട്രാൻസ്‍ജെൻഡർമാർ -11. പ്രവാസി വോട്ടർപട്ടികയിൽ 52 പേരുണ്ട്. 29,143 പേരാണ് പുതിയതായി പേര് ചേർത്തത്. തെറ്റ് തിരുത്തിയവർ 238. ഒഴിവാക്കിയവരുടെ എണ്ണം 18,125. പുതിയ വോട്ടർമാരിൽ പുരുഷന്മാരിൽ 13,275, സ്‌ത്രീകളിൽ 15,868 വീതമാണ് വർധന. 2025 ജനുവരി ഒന്നിനും അതിന് മുമ്പോ 18 വയസ്സ് പൂർത്തിയായവരെ ഉൾപ്പെടുത്തിയാണ് വോട്ടർ പട്ടിക തയാറാക്കിയത്. 2020ൽ 16,94,016 പേരായിരുന്നു വോട്ടർമാർ.
കൂടുതൽ മാരാരിക്കുളം തെക്ക്; കുറവ് പെരുമ്പളത്ത്
പഞ്ചായത്തിൽ മാരാരിക്കുളം തെക്കിലാണ് കൂടുതൽ വോട്ടർമാർ. 43,388 പേർ. കുറവ് പെരുമ്പളത്തും 7895. നഗരസഭകളിൽ ആലപ്പുഴയിലാണ് കൂടുതൽ (1,35,110), കുറവ് ചെങ്ങന്നൂരും (21,009). വോട്ടർപട്ടിക തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫിസുകളിലും തെരഞ്ഞെടുപ്പ് കമീഷന്റെ ഔദ്യോഗിക വെബ്സൈറ്റിലും (sec.kerala.gov.in) ലഭിക്കും.
45 ഇടത്ത് വനിതകൾ നയിക്കും
45 തദ്ദേശ സ്ഥാപനങ്ങളിൽ വനിതകൾ നയിക്കും. 72 പഞ്ചായത്തുകളിൽ 36 ഇടത്തും 12 ബ്ലോക്ക് പഞ്ചായത്തുകളിൽ ആറ് ഇടത്തും ആറ് നഗരസഭകളിൽ മൂന്നിടത്തും അധ്യക്ഷസ്ഥാനം വനിതകൾക്കാണ്. ഇതിൽ ഒരു ബ്ലോക്ക് പഞ്ചായത്തിലും നാല് പഞ്ചായത്തുകളിലും പട്ടികജാതി സ്ത്രീക്കാണ് സംവരണം.
പൊതുവിഭാഗത്തിനായി നീക്കിവെച്ച തദ്ദേശസ്ഥാപനങ്ങളിലും വനിതകൾക്ക് പ്രസിഡന്റാകാൻ അവസരമുള്ളതിനാൽ തെരഞ്ഞെടുപ്പിനു ശേഷമുള്ള രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് വനിതഅധ്യക്ഷരുടെ എണ്ണത്തിൽ വർധനയുണ്ടാകാം. കായംകുളം നഗരസഭയിലും മൂന്ന് പഞ്ചായത്തുകളിലും അധ്യക്ഷസ്ഥാനം പട്ടികജാതി വിഭാഗത്തിനാണ്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പൊതുവിഭാഗത്തിനാണ്. ജില്ല പഞ്ചായത്ത് ഉൾപ്പെടെ 91 തദ്ദേശ സ്ഥാപനങ്ങളാണ് ജില്ലയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.