മണ്ണഞ്ചേരി: ദേശീയപാതയിൽ പാതിരപ്പള്ളി ജങ്ഷനിൽ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ചു. കാർ യാത്രികരായ മൂന്നുപേർക്ക് പരിക്ക്. കൊച്ചി കോർപറേഷൻ വാർഡ് 20ൽ ജോർജ്, ഭാര്യ നീത, മകൻ മെർവിൻ എന്നിവർക്കാണ് പരിക്കേറ്റത്.ആലപ്പുഴ ഭാഗത്തുനിന്ന് എറണാകുളത്തേക്കുപോയ ചെങ്ങന്നൂർ ഡിപ്പോയുടെ ഫാസ്റ്റ് പാസഞ്ചർ ബസും എതിർദിശയിലെത്തിയ കാറുമാണ് കൂട്ടിയിടിച്ചത്.
പാതിരപ്പള്ളി എൻട്രൻസ് പരിശീലന കേന്ദ്രത്തിലുള്ള മകളെ കണ്ടശേഷം ആലപ്പുഴയിലേക്ക് പോവുകയായിരുന്നു ജോർജും കുടുംബവും. കാർ യാത്രികർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്തു.
അപകടത്തിൽ കാർ പൂർണമായും തകർന്നു. റോഡിൽ മറ്റു വാഹനങ്ങളില്ലാതിരുന്നിട്ടും റോഡിനു വലതുവശത്തുകൂടി വേഗത്തിലെത്തിയ കാർ ബസിന്റെ മുൻവശത്തു വലതു ഭാഗത്തായി ഇടിക്കുകയായിരുന്നു. ബസിനടിയിൽ കുടുങ്ങിയ കാർ നാട്ടുകാരും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും ചേർന്നാണ് പുറത്തെടുത്തത്.
കാർ നേരെ വരുന്നതുകണ്ട് ബസ് പരമാവധി ഒതുക്കിയിട്ടും അപകടം നടന്നെന്നാണ് ബസ് ഡ്രൈവർ പൊലീസിനോടു പറഞ്ഞത്. തലക്ക് സാരമായി പരിക്കേറ്റ ജോർജിനെ ആലപ്പുഴ മെഡിക്കൽ കോളജിലും മെർവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഭാര്യ നീത ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.