കായംകുളം: പിറന്നാൾ ആഘോഷത്തിന്റെ മറവിൽ കായംകുളത്ത് ഒത്തുകൂടിയ ക്വട്ടേഷൻ സംഘത്തിന്റെ ഫോണുകളിൽ ഞെട്ടിപ്പിക്കുന്ന ക്വട്ടേഷൻ രഹസ്യങ്ങളെന്ന് സൂചന. പലരുടെയും പാസ് വേഡ് വാങ്ങി തുറന്ന ഫോണുകളിൽ ക്വട്ടേഷൻ ശൃംഖലയുടെ കണ്ണികളിലേക്കുള്ള സൂചന ലഭിച്ചതായി അറിയുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിൽ എരുവയിൽ നടന്ന ക്വട്ടേഷൻ സംഗമത്തിന് ചുക്കാൻ പിടിച്ചത് കുപ്രസിദ്ധ കുറ്റവാളി മാട്ട കണ്ണനാണെന്നാണ് കൂട്ടാളികൾ മൊഴി നൽകിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ സംഗമത്തിൽ പങ്കാളികളായതാണ് പൊലീസിനെ ആശങ്കപ്പെടുത്തുന്നത്. നിലവിലുള്ള സംഘങ്ങളെ കാപ്പ അടക്കമുള്ള നിയമങ്ങളിലൂടെ പരമാവധി തുരുത്തുമ്പോഴാണ് പുതിയ സംഘങ്ങൾ ചുവടുറപ്പിക്കുന്നത്. ജില്ലയിൽ കഴിഞ്ഞ ആറ് മാസത്തിനിടയിൽ പിറന്നാൾ ആഘോഷ മറവിൽ നിരവധി ക്വട്ടേഷൻ സംഗമങ്ങൾ അരങ്ങേറിയിരുന്നു.
ഒന്നു രണ്ട് സംഗമങ്ങൾ അറിഞ്ഞെങ്കിലും സേനയിൽ നിന്നു തന്നെ വിവരം ചോർന്നതിനാൽ പൊലീസ് എത്തുന്നതിന് മുമ്പ് സംഘങ്ങൾ രക്ഷപ്പെട്ടിരുന്നു. ചിലത് വൈകിയാണ് പൊലീസിന് അറിയാൻ കഴിഞ്ഞത്. ക്വട്ടേഷൻകാർ തന്നെ തങ്ങളുടെ ബലം അറിയിക്കാനായി സമൂഹിക മാധ്യമങ്ങളിലൂടെ ഫോട്ടേകൾ പങ്കുവെച്ചപ്പോഴാണ് രഹസ്യാന്വേഷണ വിഭാഗക്കാർക്കും കാര്യങ്ങൾ പിടികിട്ടിയത്. ഇതുകാരണം അതീവ രഹസ്യമായി കായംകുളത്ത് റെഡ് നടത്തിയതാണ് 10 പേരെ പിടികൂടാൻ സഹായിച്ചത്. ഇവരുടെ ഫോണുകളിൽ നിന്നും ക്വട്ടേഷൻ ഇടപാടുകളും മയക്കുമരുന്ന് കച്ചവടവും അടക്കമുള്ളവയുടെ വിവരങ്ങൾ ലഭിച്ചതായി പറയുന്നു.
ക്വട്ടേഷൻകാരുടെ ഫോണുകൾ പൊലിസ് പിടിയിലായത് പല പ്രമുഖരുടെയും ഉറക്കം കെടുത്തുന്നുണ്ട്. പല ഘട്ടത്തിലും ക്വട്ടേഷൻകാർക്ക് സഹായികളായവർ സമ്മർദവുമായി പൊലീസിന് പിന്നാലെയുണ്ട്. ഇതിനിടെ ഇത്തരക്കാർക്കായി വക്കാലത്തിടുന്ന അഭിഭാഷകരുടെ വിവരങ്ങൾ സി.പി.എം നേതൃത്വം ശേഖരിക്കുന്നതായും അറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.