ആലപ്പുഴ: ‘ക്വിക് സാൻഡ്’ മാതൃകയിൽ രാജ്യാന്തര ബീച്ച് റൺ ചലഞ്ച് ഈ മാസം 25ന് ആലപ്പുഴ ബീച്ചിൽ നടത്തുമെന്ന് പി.പി. ചിത്തരഞ്ജൻ എം.എൽ.എ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് മൂന്നുമുതൽ രാത്രി ഫ്ലഡ്ലിറ്റിൽ അവസാനിക്കുന്ന വിധത്തിൽ ബീച്ചിൽ പ്രത്യേകം ഒരുക്കുന്ന ചെറുകുന്നുകളും കുഴികളുമുള്ള മണൽ റേസ് ട്രാക്കിലൂടെ ഓടിയാണ് മത്സരാർഥികൾ കഴിവ് തെളിയിക്കേണ്ടത്. വ്യക്തിഗത വിഭാഗത്തിൽ 18നും 40നും ഇടയിൽ പ്രായമുള്ളവർക്കും 40ന് മുകളിൽ പ്രായമുള്ളവർക്കും പങ്കെടുക്കാം. കോർപറേറ്റ് വിഭാഗത്തിൽ കമ്പനികൾക്കും സംഘടനകൾക്കും മൂന്നുപേര്‍ അടങ്ങുന്ന ടീമായി പങ്കെടുക്കാം.
499 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. മൂന്നുപേർക്ക് പങ്കെടുക്കാം. പങ്കെടുക്കുന്നവർക്ക് ടീ ഷർട്ട്, മെഡൽ, സർട്ടിഫിക്കറ്റ്, റെഡ്ബുൾ എനർജി ഡ്രിങ്ക്, ഭക്ഷണക്കൂപ്പൺ, 1000 രൂപ മൂല്യമുള്ള ക്യാമ്പിങ് വൗച്ചർ എന്നിവ ലഭിക്കും. ബുധനാഴ്ച വരെ www.quickonsand.com വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. വിജയികൾക്ക് ഇന്റർനാഷനൽ എയർ ടിക്കറ്റ്, ലക്ഷ്വറി ഹോളിഡെയ്സ് തുടങ്ങിയ സമ്മാനങ്ങൾ നൽകും.
റണ്ണിന്റെ ഭാഗമായി 23 മുതൽ 26 വരെ കുട്ടികൾക്കായി ഫൺപാർക്കും ഭക്ഷണശാലയും തുറക്കും. ഇതിനുമുമ്പ് ദക്ഷിണാഫ്രിക്കയിലും സൗദി അറേബ്യയിലുമാണ് റെഡ്ബുൾ ക്വിക് സാൻഡ് നടത്തിയത്. വിദേശ-ആഭ്യന്തര സഞ്ചാരികളെ ഒരുപോലെ ആകർഷിക്കുന്ന വിധത്തിലാണ് ക്രമീകരണം. സംസ്ഥാന കായിക-യുവജന വകുപ്പ്, ടൂറിസം പ്രമോഷൻ കൗൺസിൽ, റെഡ് ബുൾ എന്നിവയുടെ സഹകരണത്തോടെ സ്പോർട്സ് ടൂറിസം സ്റ്റാർട്ട്അപ് സ്പോർട്സ് എക്സോട്ടിക്കയാണ് മത്സരം സംഘടിപ്പിക്കുന്നത്.
വാർത്തസമ്മേളനത്തിൽ വി.ജി. വിഷ്ണു, സഞ്ജു സാമുവൽ, ജ്യോതിഷ് പ്രകാശ്, രാജു മാത്യു, കുര്യൻ ജയിംസ്, കെ. നാസർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.