ആലപ്പുഴ: ആലപ്പുഴ ബീച്ചിലെ അനധികൃത കച്ചവടം നിയന്ത്രിക്കാനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും നടപടി സ്വീകരിക്കും. ജില്ല വികസനസമിതി യോഗത്തിലാണ് തീരുമാനം. അനധികൃതമായി പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടി അധികംസ്ഥലം ഉപയോഗിക്കുന്നതും ലൈസൻസ് ഇല്ലാത്തവർ കച്ചവടം നടത്തുന്നതും പരിശോധിക്കും.
നിലവിൽ നടത്തിയ പരിശോധനയിൽ 14 ലൈസൻസികൾക്ക് നോട്ടീസ് നൽകി. ബീച്ച് കേന്ദ്രീകരിച്ചുള്ള ലഹരിമരുന്ന് വിൽപന, സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ തടയും. ലഹരി ഉപയോഗം നിയന്ത്രിക്കാൻ പൊലീസും എക്സൈസും ചേർന്ന് നടത്തിയ പരിശോധനയിൽ അഞ്ച് കേസുകളിലായി 3.389 കിലോ കഞ്ചാവും 15 കോട്പയും പിടികൂടിയിട്ടുണ്ട്.
അമ്പലപ്പുഴ ഭക്ഷ്യസുരക്ഷ ഓഫിസറുടെ നേതൃത്വത്തിൽ ബീച്ചിലെ കടകളിൽ വിൽപന നടത്തുന്ന ഭക്ഷണപദാർഥങ്ങളുടെ ഗുണനിലവാരം പരിശോധിച്ചപ്പോൾ വൃത്തികരമല്ലാത്തതും അനധികൃതമായി മായം ചേർക്കുന്നതും ശ്രദ്ധയിൽപെട്ടു. ഇത്തരത്തിലുള്ള പത്തിലധികം കച്ചവടകാർക്ക് നോട്ടീസ് നൽകി പിഴ ഈടാക്കിയതായി പോർട്ട് ഓഫിസർ അറിയിച്ചു.
അനധികൃത നിലംനികത്തൽ, പുറമ്പോട്ട് കൈയേറ്റം എന്നിവക്കെതിരെ കര്‍ശന നടപടിയെടുക്കും. അനധികൃത നിലംനികത്ത് കേസുകൾ റിപ്പോർട്ട് ചെയ്യാൻ താലൂക്ക് തലത്തിൽ പ്രത്യേകം സ്ക്വാഡ് രൂപവത്കരിച്ച് നടപടിയെടുത്തതായി ഭൂപരിഷ്കരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ പറഞ്ഞു. കാക്കത്തുരുത്ത് പാലം നിർമാണവുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഏറ്റെടുത്ത ഭൂമി കെ.ആർ.എഫ്.ബിക്ക് കൈമാറി കിട്ടി. ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങൾ പൊളിച്ച് മാറ്റുന്നതിനായി ലേല നടപടികൾ പുരോഗമിക്കുകയാണ്.
അരൂക്കുറ്റി മുതൽ ചേർത്തല വരെ റോഡുകളിൽ അപകടം പതിവാകുന്ന സാഹചര്യം ഒഴിവാക്കാൻ ദലീ റംബിൾ സ്ട്രിപ്പുകളും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നുണ്ട്. ജില്ലയിലെ എം.പിമാരും എം.എൽ.എമാരും ഉന്നയിച്ച പ്രശ്നങ്ങളിൽ മുൻ തീരുമാനങ്ങളിലുള്ള നടപടി റിപ്പോർട്ടുകളുടെ അവതരണം നടന്നു. സംസ്ഥാന സർക്കാറിന്റെ വാർഷികത്തിന്റെ ഭാഗമായി ആലപ്പുഴ ബീച്ചിൽ മേയ് ആറ് മുതൽ 12 വരെ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണമേള വിജയമാക്കും.
ജില്ല ആസൂത്രണ സമിതി ഹാളിൽ ചേർന്ന യോഗത്തിൽ കലക്ടർ അലക്സ് വർഗീസ് അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ പി.പി. ചിത്തരഞ്ജൻ, എച്ച്. സലാം, ദലീമ ജോജോ, കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പ്രതിനിധി കെ. ഗോപകുമാർ, വിവിധ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.