ആലപ്പുഴ: കഴിഞ്ഞ ദിവസത്തെ കനത്തകാറ്റിലും മഴയിലും ജില്ലയിൽ വൻനാശം. 31 വീടുകൾ തകർന്നു. നദികളിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ രണ്ട് ഓഫിസർമാരുടെ നേതൃത്വത്തിൽ 20 അംഗ എൻ.ഡി.ആർ.എഫ് ടീം ജില്ലയിലെത്തി. മാവേലിക്കര താലൂക്കിലാണ് ഏറെ നഷ്ടം. മാവേലിക്കര -15, കുട്ടനാട് -10, ചെങ്ങന്നൂർ -നാല്, കാർത്തികപ്പള്ളി -രണ്ട് എന്നിങ്ങനെയാണ് വീടുകൾ തകർന്നത്. മരം വീണ് കുട്ടനാട് താലൂക്കിൽ ഒരുവീട് പൂർണമായും തകർന്നു. കുന്നമ്മ കളത്തിൽപറമ്പിൽ രത്നമ്മയുടെ വീടാണ് തകർന്നത്. മരം വീണ് മുട്ടാർ മിത്രമടം കോളനി ശാന്തമ്മ, കുന്നമ്മ പുത്തൻപറമ്പിൽ മഹേഷ്, ഏഴരചിറ ഗോപി, രാമങ്കരി പുരുഷോത്തമൻ സെറ്റിൽമെന്റ് കോളനി, സെറ്റിൽമെന്റ് കോളനി സുരേഷ്, ഏഴരചിറ ഗോവിന്ദൻ, തഴക്കര വിളയിൽ തെക്കേതിൽ അനീഷ് കുമാർ, തകഴി വില്ലേജ് ഉണ്ണികൃഷ്ണൻ, എടത്വ പുതുവൽ കോളനി സജിമോൻ, മാവേലിക്കര താലൂക്കിൽ ഈരേഴി വടക്ക് കാർത്തികവീട്ടിൽ ഗിരീഷ്, കൈതതെക്ക് ഉത്രാടം വീട്ടിൽ യശോധരൻ എന്നിവരുടെ വീടുകൾ ഭാഗികമായി തകർന്നു. ആഞ്ഞുവീശിയ കാറ്റിൽ മരംകടപുഴകിയാണ് ഏറെയും നഷ്ടമുണ്ടായത്. പലയിടത്തും വൈദ്യുതി പോസ്റ്റുകളും ലൈനുകളും നിലംപൊത്തി. ട്രാൻസ്ഫോർമറുകൾക്ക് മുകളിൽ മരംവീണും വൈദ്യുതി വിതരണം അവതാളത്തിലായി. തിങ്കളാഴ്ച വൈകീട്ട് നിലച്ച വൈദ്യുതി ചൊവ്വാഴ്ച രാവിലെയാണ് പുനഃസ്ഥാപിച്ചത്.
ആലപ്പുഴ കെ.എസ്.ഇ.ബി സൗത്ത് സെക്ഷൻ പരിധിയിൽ കളരിക്കൽ, തക്കുഴി, മംഗലം എന്നിവിടങ്ങളിൽ മരംവീണ് വൈദ്യുതി പോസ്റ്റുകൾ തകർന്നു. 12 ഇടങ്ങളിൽ വൈദ്യുതി ലൈൻ പൊട്ടിവീണു. പോപ്പി പാലത്തിന് സമീപത്തെ കെ.എസ്.ഇ.ബി കേബിളുകളും നശിച്ചു. ടൗൺ സെക്ഷൻ പരിധിയിലെ വീരയ്യ തിയറ്റിനു സമീപത്തെ നാല് പോസ്റ്റും ട്രാൻസ്ഫോർമറും തകർന്നു. ശവക്കോട്ട പാലത്തിന് സമീപത്തെ കൂറ്റൻ പരസ്യബോർഡ് റോഡിലേക്ക് വീണ് വൈദ്യുതി ലൈനുകൾ പൊട്ടി. മണിക്കൂറുകൾക്കുശേഷമാണ് തകരാർ പരിഹരിച്ചത്.
13 പേർ സുരക്ഷിതമായി തിരിച്ചെത്തി
ആലപ്പുഴ: മത്സ്യബന്ധനത്തിനുപോയ 13 പേർ സുരക്ഷിതമായി തിരിച്ചെത്തി. കൊച്ചി ഹാർബറിൽനിന്ന് മത്സ്യബന്ധത്തിനുപോയ ചേർത്തല കാട്ടൂർ ഭാഗത്തെ സെന്റ് മൈക്കിൾ, അനിൽ എന്നീ വള്ളങ്ങളിലെ 13 പേരാണ് തിരിച്ചെത്തിയത്. തിങ്കളാഴ്ച കനത്തകാറ്റിലും കോളിലുംപെട്ട് ഇവരെ കാണാതാകുകയായിരുന്നു. തുടർന്ന് ഫിഷറീസിന്റെ റസ്ക്യൂബോട്ടിൽ തിരച്ചിൽ നടത്തി. ഇതിനൊപ്പം കോസ്റ്റൽ പൊലീസിന്റെയും കോസ്റ്റ് ഗാർഡിന്റെയും സഹായംതേടി കണ്ടെത്താനുള്ള നീക്കത്തിനിടെ കൊച്ചി ഹാർബറിൽ സംഘം തിരിച്ചെത്തുകയായിരുന്നുവെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ഫിഷറീസ് അറിയിച്ചു.
നദികളിൽ ജലനിരപ്പ് ഉയരുന്നു
ആലപ്പുഴ: കഴിഞ്ഞദിവസത്തെ കനത്തമഴയിൽ കുട്ടനാട്ടിലെയും അപ്പർ കുട്ടനാട്ടിലെയും നദികളിലും തോടുകളിലും ജലനിരപ്പ് ഉയർന്നു. നീരേറ്റുപുറം, പള്ളാത്തുരുത്തി, നെടുമുടി, കാവാലം, തണ്ണീർമുക്കം, ചമ്പക്കുളം അടക്കമുള്ള ജലാശയത്തിലാണ് വെള്ളംകൂടിയത്. നീരേറ്റുപുറത്ത് അപകടനിലക്ക് മുകളിൽ ജലമുയർന്നു. ഇവിടെ അപകടനില ഒരുമീറ്ററാണ്. ഇത് ചൊവ്വാഴ്ച 2.01 മീറ്ററായിട്ടാണ് ഉയർന്നത്. മറ്റിടങ്ങളിൽ മുന്നറിയിപ്പ് നില മറികടന്നെങ്കിലും അപകടനിലക്ക് മുകളിലെത്തിയിട്ടില്ല. ചൊവ്വാഴ്ച തെളിഞ്ഞ കാലാവസ്ഥയായിരുന്നു.
മഴ 42.06 മി.മീറ്റർ
ആലപ്പുഴ: കനത്ത കാറ്റിനൊപ്പം ജില്ലയിൽ ശരാശരി ലഭിച്ചത് 42.06 മി.മീറ്റർ മഴ. മാവേലിക്കര -91.2, ചേർത്തല -25.5, മങ്കൊമ്പ് -17, കായംകുളം -66.08, കാർത്തികപ്പള്ളി -22.04 എന്നിങ്ങനെയാണ് മറ്റ് സ്ഥലങ്ങളിലെ കണക്ക്. മൂന്നുദിവസം കനത്ത കാറ്റിനും മഴക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽപോകരുതെന്ന് ജാഗ്രത നിർദേശമുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗത്തിൽ ശക്തമായ കാറ്റ് വീശുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.