ആലപ്പുഴ: പുലയൻവഴി മത്സ്യമാർക്കറ്റിൽനിന്ന് വ്യാപാരികളെ ഒഴിപ്പിക്കുന്നതിന് 2025 ജനുവരി 31വരെ സാവകാശം അനുവദിച്ച് ധാരണ. ആലപ്പുഴ മുൻസിഫ് കോടതിയിൽ നടന്ന അദാലത്തിൽ ഉടമസ്ഥാവകാശമുള്ള പുത്തൻപള്ളി കമ്മിറ്റി ഭാരവാഹികളാണ് നിർദേശം അംഗീകരിച്ചത്. പ്രശ്നത്തിൽ ഈമാസം 16ന് യോഗം ചേർന്ന് നിലപാട് സ്വീകരിക്കാനാണ് വ്യാപാരികളുടെ തീരുമാനം. മലിനീകരണ നിയന്ത്രണബോർഡിന്റേതടക്കം ലൈസൻസില്ലാതെയാണ് മാർക്കറ്റ് പ്രവർത്തിക്കുന്നത്. നൂറിലേറെ വർഷം പഴക്കമുള്ള മത്സ്യമാർക്കറ്റ് പുനരുദ്ധാരണത്തിനായി പൊളിക്കുന്നതിനെതിരായ കേസ് കോടതിയിലാണ്. അടുത്തമാസം 19ന് വിധിപറയാനിരിക്കെ പൊലീസിനെ ഉപയോഗിച്ച് പൂട്ടാൻ ശ്രമിച്ചത് സംഘർഷത്തിന് വഴിവെച്ചിരുന്നു.
45 സ്ത്രീകളുൾപ്പടെ 60ലധികം വ്യാപാരികളാണ് മത്സ്യമാർക്കറ്റിനെ ആശ്രയിച്ച് ജീവിക്കുന്നത്. മാർക്കറ്റ് ഒഴിയുന്നത് സംബന്ധിച്ച് ഒന്നരവർഷമായി മത്സ്യവ്യാപാരികളും പള്ളിക്കമ്മിറ്റി അധികൃതരും തമ്മിൽ തർക്കമുണ്ട്. കാലപ്പഴക്കത്താൽ നശിച്ച കെട്ടിടം പൊളിച്ച് പുതിയത് നിർമിക്കാനാണ് തീരുമാനം. ഇതിനായി വ്യാപാരികൾ ഒഴിഞ്ഞുപോകണമെന്ന് കാണിച്ച് ആറുമാസം മുമ്പ് പള്ളിക്കമ്മിറ്റി നിലപാട് കടുപ്പിച്ചു.
തുടർന്ന് ജില്ല കലക്ടർ ഇടപെട്ട് വ്യാപാരികൾ ഒഴിയുന്നതിന്റെ സമയം ആറുമാസത്തെ കൂടി നീട്ടിനൽകാൻ ധാരണയിലെത്തി. ഇതിന്റെ കാലാവധി കഴിഞ്ഞദിവസം അവസാനിച്ചതോടെയാണ് മാർക്കറ്റ് പൂട്ടണമെന്ന ആവശ്യവുമായി പള്ളിക്കമ്മിറ്റി രംഗത്തെത്തിയത്. തുടർന്ന് ഇരുകൂട്ടരുമായി നടത്തിയ ചർച്ചക്ക് പിന്നാലെ വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് മുമ്പ് മാർക്കറ്റ് പൂട്ടി താക്കോൽ കൈമാറണമെന്ന് സൗത്ത് പൊലീസ് നിർദേശം നൽകി. തുടർന്ന് വ്യാപാരികൾ മുൻസിഫ് കോടതിയെ സമീപിക്കുകയായിരുന്നു.
ആലപ്പുഴ നഗരസഭ പരിധിയിൽ പ്രവർത്തിക്കുന്ന മത്സ്യമാർക്കറ്റിൽനിന്ന് വ്യാപാരികളെ കുടിയൊഴിപ്പിക്കാനുള്ള നീക്കം നേരിയ സംഘർഷത്തിന് വഴിവെച്ചിരുന്നു. പൊലീസിന്റെ സാന്നിധ്യത്തിൽ പൂട്ടാനെത്തിയതോടെ തൊഴിലാളികളുമായി വാക്കേറ്റവും ബഹളവുമുണ്ടായി. ചൊവ്വാഴ്ചയായിരുന്നു സംഭവം. പ്രതിഷേധം ശക്തമായതോടെ രണ്ടുദിവസത്തെ സാവകാശം നൽകിയാണ് പ്രശ്നത്തിന് താൽക്കാലിക ശമനുണ്ടാക്കിയത്. സ്ഥലം കണ്ടെത്തി പുനരധിവസിപ്പിക്കുന്നതുവരെ ഒഴിയാനാവില്ലെന്നാണ് വ്യാപാരികളുടെ ആവശ്യം.
ഇക്കാര്യത്തിൽ തുടർനടപടിയെടുക്കാൻ നഗരസഭക്കും സമയം വേണം. ബദൽസംവിധാനമൊരുക്കാതെ കൂട്ടത്തോടെ ഇറക്കിവിടുന്നത് അംഗീകരിക്കില്ലെന്ന് തൊഴിലാളികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.