ആലപ്പുഴ: തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംവരണ വാർഡുകൾ വ്യക്തമായതോടെ സ്ഥാനാർഥികളാരെന്നറിയാനുള്ള ആകാംഷയിൽ ഓരോ വാർഡുകളിലെയും വോട്ടർമാർ. വിജയം ഉറപ്പിക്കാൻ ഭരണ നേട്ടങ്ങൾ നിരത്തുകയാണ് തദ്ദേശ സ്ഥാപനങ്ങളിലെ ഭരണക്കാർ. കോട്ടങ്ങൾ പ്രചരിപ്പിക്കുകയാണ് പ്രതിപക്ഷം. ബഹു ഭൂരിഭാഗം വാർഡുകളിലും മൂന്നു മുന്നണികളുടെയും സ്ഥാനാർഥികളാരെന്നതിൽ വ്യക്തത വന്നിട്ടില്ല. ചില വാർഡുകളിൽ ചില പാർട്ടികളുടെ സ്ഥാനാർഥികൾ കളത്തിലിറങ്ങിയിട്ടുണ്ട്. നവംബർ ആദ്യവാരം തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുമെന്നാണ് സൂചന.
വോട്ടർ പട്ടിക പ്രസിദ്ധീകരിക്കൽ, വാർഡുകളുടെ സംവരണ നറുക്കെടുപ്പ് എന്നിവ ഇക്കുറി നേരത്തേതന്നെ പൂർത്തിയാക്കിയതിനാൽ ഇത്തരം കാര്യങ്ങൾക്കായി അവസാന നാളുകളിലെ നെട്ടോട്ടം ഇത്തവണയില്ല. പുതിയ വോട്ടർമാരെ ഉൾപ്പെടുത്തിയും ഇല്ലാത്തവരെ നീക്കിയും പട്ടിക പ്രസിദ്ധീകരിച്ചു. അതിന്റെ ഹിയറിങ് നടക്കുന്നു. അന്തിമ പട്ടിക ഉടൻ പുറത്തുവരും. സ്ഥാനാർഥി മോഹികൾ ഏറെയുള്ളതിനാൽ ആരെന്നതിൽ തീരുമാനമെടുക്കാൻ പാർട്ടികളും ബുദ്ധിമുട്ടുന്നു. സംവരണ വാർഡുകളിൽ വിജയസാധ്യതയുള്ളവരെ കണ്ടുപിടിക്കൽ പലയിടങ്ങളിലും കുഴക്കുന്ന പ്രശ്നമാണെന്ന് പ്രാദേശിക നേതാക്കൾ പറയുന്നു.
വനിതാ സംവരണ വാർഡുകളിൽ സ്ഥാനാർഥിയെ കണ്ടുപിടിക്കൽ മുൻ കാലങ്ങളിലേതുപോലെ ബദ്ധിമുട്ടുള്ള കാര്യമല്ലെന്ന് പ്രവർത്തകർ പറയുന്നു. വനിതകൾക്ക് 50 ശതമാനം സംവരണം നടപ്പാക്കിയ ആദ്യ കാല തെരഞ്ഞെടുപ്പുകളിൽ വനിതാ സ്ഥാനാർഥികളെ കണ്ടെത്തുക പാർട്ടികൾക്ക് കഠിന പ്രയത്നമായിരുന്നു. ഇപ്പോൾ വനിതകൾ പൊതു പ്രവർത്തനത്തിൽ സജീവമാണ്. മിക്ക വാർഡുകളിലും അവർക്കിടയിലും സ്ഥാനാർഥിമോഹികളുടെ തള്ളിക്കയറ്റമുണ്ട്. വനിതാസംവരണമാണ് ഈ മാറ്റം സൃഷ്ടിച്ചതെന്ന് നേതാക്കൾ സമ്മതിക്കുന്നു. ജനപ്രതിനിധികളിൽ 50ശതമാനം വനിതകളായിരിക്കുമെന്നതിനാൽ ആശാ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവരുടെക്കൊക്കെ ജനസമ്മതി അളന്ന് സ്ഥാനാർഥിയാരെന്ന് തീരുമാനിക്കുന്നതിനുള്ള നീക്കങ്ങളാണ് നടന്നുവരുന്നത്. ആശാ വർക്കർമാർക്കാണ് കൂടുതൽ ഡിമാൻഡ്.
വിജയസാധ്യതക്ക് മുൻ തൂക്കം നൽകുന്നതിനാൽ സ്ഥാനാർഥി നിർണയത്തിൽ പാർട്ടിയും മുന്നണിയും ഘടകമല്ലാതായി മാറുന്നുമുണ്ട്. എതിർ പാർട്ടിയിൽ പെട്ടവരായാൽപോലും അവരെ ചാക്കിട്ട് പിടിച്ച് തങ്ങളുടെ പാർട്ടിയുടെ സ്ഥാനാർഥിയാക്കാൻ പ്രാദേശിക തലത്തിൽ പ്രവർത്തകർ ഭഗീരഥ പ്രയത്നം നടത്തുന്നുമുണ്ട്. സ്ഥാനാർഥികളെ കണ്ട് വച്ചിട്ടുള്ളവർ അത് വെളിപ്പെടുത്താനും തയാറാകുന്നില്ല. എതിരാളികളുടെ സ്ഥാനാർഥിയെ കൂടി അറിഞ്ഞിട്ട് നമുക്ക് ഉറപ്പിക്കാം എന്ന അടവ് നയമാണ് അത്തരക്കാരുടേത്. സ്വന്തം പാർട്ടിയിൽ എതിരാളികളില്ലെന്ന് ഉറപ്പിച്ച സ്ഥാനമോഹമുള്ളയാളുകൾ മാത്രമാണ് ഇപ്പോൾ വാർഡുകളിൽ പ്രവർത്തനം തുടങ്ങിയിട്ടുള്ളത്. സ്വതന്ത്രർ സ്വന്തം നിലയിൽ ബോർഡുകൾ സ്ഥാപിച്ചു തുടങ്ങി. വിജയിക്കുന്നതിനേക്കാൾ പ്രാധാന്യം ചിലരുടെ തോൽവി ഉറപ്പാക്കുകയാണെന്ന നിലപാടുള്ളവർ സ്വതന്ത്രരായി കളത്തിലിറങ്ങുന്നതിനുള്ള തയാറെടുപ്പുകളിലാണ്. പാർട്ടി സ്ഥാനാർഥികൾക്കു മാത്രമാണ് ഇപ്പോൾ ചിഹ്നം ഉറപ്പുള്ളത്. സ്വതന്ത്രർ ചിഹ്നത്തിനായി കാത്തിരിക്കണം.
മുന്നണികൾ സജീവം
ഇടതു മുന്നണിയും ബി.ജെ.പിയും സ്ഥാനാർഥി നിർണയവും വാർഡുകളിൽ വോട്ടു ചേർക്കലും ഒക്കെയായി ഇപ്പോൾ സജീവമാണ്. യു.ഡി.എഫും സജീവമായിക്കഴിഞ്ഞുവെന്ന് നേതാക്കൾ പറയുന്നുണ്ടെങ്കിലും താഴെ തട്ടിൽ പ്രവർത്തകർ മറ്റ് രണ്ട് കൂട്ടരെയും പോലെ രംഗത്തിറങ്ങിയിട്ടില്ല.
തുടർച്ചയായി രണ്ട് പ്രാവശ്യം ജനപ്രതിനിധിയായവരെ പരിഗണിക്കേണ്ടെന്നാണു സി.പി.എം, സി.പി.ഐ തീരുമാനം. മൂന്നുമുന്നണികളും സ്ഥാനാർഥി നിർണയം താഴെ തട്ടിലേക്ക് വിട്ട് കൊടുത്തിരിക്കുകയാണ്. വാർഡ് കമ്മിറ്റികൾ ഒറ്റപ്പേര് നിർദേശിച്ചാൽ, അതിന് പഞ്ചായത്ത് കോർകമ്മിറ്റി അനുമതി നൽകിയാൽ ആ പേരിന് അംഗീകാരം എന്നതാണ് കോൺഗ്രസിന്റെ തീരുമാനം. സി.പി.എം പഞ്ചായത്ത് സ്ഥാനാർഥികളെ ലോക്കൽ കമ്മിറ്റികളിലും മുനിസിപ്പാലിറ്റികളിലേത് ഏരിയ കമ്മിറ്റികളിലും തീരുമാനിക്കും. ബി.ജെ.പി പ്രവർത്തകർ മിക്കവാർഡുകളിലും സജീവമായിട്ടുണ്ട്. അതിനാൽ മിക്കവാർഡുകളിലും ത്രികോണ പോരാട്ടം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.