ഹൈസ്കൂൾ വിഭാഗം സംഘനൃത്ത മത്സരത്തിന്‍റെ ഫലപ്രഖ്യാപനം
വന്നപ്പോൾ ഒന്നാംസ്ഥാനം നഷ്ടപ്പെട്ട ചേർത്തല സെൻറ് മേരീസ്
എച്ച്.എസ്.എസിലെ കുട്ടികൾ ലിയോതേർട്ടീന്ത് സ്കൂളിലെ സ്റ്റേജിന് മുന്നിൽ കരഞ്ഞ് പ്രതിഷേധിക്കുന്നു
ആലപ്പുഴ: രണ്ടാംവേദിയായ ലിയോതേർട്ടീന്ത് സ്കൂളിൽ നടന്ന എച്ച്.എസ് സംഘനൃത്തത്തിൽ സംഘർഷം. മത്സരഫലത്തെച്ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ വിധികർത്താക്കളെ തടഞ്ഞും സ്റ്റേജിന് മുന്നിൽ കുത്തിയിരുന്നും വിദ്യാർഥികളുടെ പ്രതിഷേധം. ബുധനാഴ്ച വൈകീട്ട് 3.20നായിരുന്നു സംഭവം.
ഫലപ്രഖ്യാപനത്തിന് പിന്നാലെ വിധിനിർണത്തിനെതിരെ കുട്ടികളും അധ്യാപകരും രംഗത്തെത്തി. ചേർത്തല ഉപജില്ലയിൽനിന്ന് അപ്പീലുമായി എത്തിയ ഗവ. ഗേൾസ് എച്ച്.എസ്.എസിനായിരുന്നു ഒന്നാംസ്ഥാനം. ഇത് മാനദണ്ഡം പാലിക്കാതെയാണ് നൽകിയതെന്ന് ആരോപിച്ച് ചേർത്തല സെന്‍റ് മേരീസ് എച്ച്.എസ്.എസാണ് പ്രതിഷേധിച്ചത്.
വിധികർത്താക്കൾ പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് കുട്ടികളുടെ നേതൃത്വത്തിൽ തടഞ്ഞത്. ഇവർക്ക് പിന്തുണയുമായി അധ്യാപകരും പരിശീലകരുമെത്തി. എച്ച്.എസ്.എസ് മത്സരം നടക്കാനിരിക്കെ സ്റ്റേജിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പിന്നീട് പൊലീസ് എത്തിയാണ് നിയന്ത്രിച്ചത്. നൃത്തത്തിന്റെ ഭാഗമായ ഉപകരണങ്ങളുടെ അതിപ്രസരം വിരസതയായെന്ന് വിധികർത്താക്കൾ പറഞ്ഞു.
നൃത്തത്തിന്റെ ഭാഗമായി മത്സരാർഥികൾ വിതറിയ മഞ്ഞൾപ്പൊടി ശ്വസിച്ച് വിധികർത്താവിന് ശ്വാസതടസമുണ്ടായി. ചൊവ്വാഴ്ച നടന്ന ചവിട്ടുനാടകമത്സരത്തിനുശേഷം താൽക്കാലികമായി ഒരുക്കിയ വേദിയുടെ തട്ടിന് ഇളക്കംനേരിട്ടതോടെ മത്സരം രണ്ടരമണിക്കൂർ വൈകിയാണ് ആരംഭിച്ചത്. ഇതിനുശേഷം നടന്ന മത്സരത്തിൽ ഒരു വിദ്യാർഥി കുഴഞ്ഞുവീണു.
ഉച്ചയോടെ വീണ്ടും വേദിക്ക് ഇളക്കമുണ്ടായതോടെ മത്സരക്രമം താളംതെറ്റി. ഹൈസ്കൂൾ വിഭാഗം കുച്ചുപ്പുടി വിധിനിർണയത്തെ ചൊല്ലിയുണ്ടായും തർക്കമുണ്ടായി. ഫലപ്രഖ്യാപനത്തിനുശേഷം വിധികർത്താക്കൾക്ക് നേരെ കൂവിയായിരുന്നു പ്രതിഷേധം. വിധികർത്താവിന് യോഗ്യതയില്ലെന്ന് ആരോപിച്ചായിരുന്നു ഇത്.
ആലപ്പുഴ: ഇശലുകൾ പെയ്തിറങ്ങിയ കലാപൂരത്തിന്‍റെ മൂന്നാംനാൾ മണവാട്ടിമാരും തോഴിമാരും നിറഞ്ഞാടി. മലബാറിന്‍റെ തനത് കലാരൂപമായ ഒപ്പന കാണാൻ ആൾക്കൂട്ടമില്ലായിരുന്നു. മണവാട്ടികളുടെ മുഖത്ത് വിരിഞ്ഞ നാണച്ചിരിയും കൈകളിലെ മൈലാഞ്ചി ചുവപ്പിനും കൈതാളത്തിന്‍റെ അകമ്പടിയിൽ പാട്ടുകളുടെ താളംമുറുകിയപ്പോൾ മത്സരം ആവേശത്തിന് വഴിമാറി.
സെന്‍റ് ആൻറണീസ് സ്കൂളിലെ വേദി 11ൽ നടന്ന എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലെ മത്സരം മികവുപുലർത്തി. ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു.‘‘മലരാംബീവി മദിയോതേവി...മഹ്മൂദിൻ തേൻമണിമോളതാ....പാട്ടിന്‍റെ ഈരടികൾക്ക് ചുവടുവെച്ചാണ് യു.പി വിഭാഗത്തിൽ കന്നിമത്സരത്തിനിടങ്ങിയ മാന്നാർ നായർ സമാജം സ്കൂൾ ഒന്നാമതെത്തിയത്. യു.പി വിഭാഗത്തിൽ 11 ടീമുകളാണ് മാറ്റുരച്ചത്. എച്ച്.എസ് വിഭാഗം ഒപ്പന മത്സരത്തിനിടെ രണ്ട് കുട്ടികൾ സ്റ്റേജിൽ തെന്നിവീണു. ഇതോടെ, അരമണിക്കൂർ മത്സരം നിർത്തിവെച്ചു.
എച്ച്.എസ് വിഭാഗം സംഘനൃത്തത്തിലെ ഫലപ്രഖ്യാപനത്തിനെതിരെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് വിധികർത്താക്കളെ തടഞ്ഞ് മത്സരവേദിയായ ലീയോതേർട്ടീന്ത് സ്കൂളിലെ സ്റ്റേജിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത് മേളയുടെ നിറംകെടുത്തി. പൊലീസും സംഘാടകരുമെത്തിയാണ് പ്രശ്നം പരിഹരിച്ചത്. ചേർത്തല ഉപജില്ലയിൽനിന്ന് അപ്പീലുമായെത്തിയ സ്കൂളിന് ഒന്നാംസ്ഥാനം നൽകിയതിന് പിന്നാലെയാണിത്.
സംഘനൃത്ത മത്സരത്തിനിടെ എറിഞ്ഞ മഞ്ഞൾപൊടി ശ്വസിച്ച് വിധികർത്താവിന് ശ്വാസതടസ്സമുണ്ടായി. പിന്നീട് ആശുപത്രിയിലെത്തിച്ചശേഷം മറ്റൊരാളെ നിയോഗിച്ചാണ് മത്സരം നടത്തിയത്. പരിചയമുട്ട് ഹൈസ്കൂൾ വിഭാഗം മത്സരത്തിന്‍റെ വിധിനിർണയവും തർക്കത്തിനിടയാക്കി. കർമസദൻവേദിയിൽ നടന്ന എച്ച്.എസ് വിഭാഗം പരിചമുട്ട് മത്സരത്തിൽ പതിവായി വിജയിക്കുന്ന ടീമിന് ഒന്നാംസ്ഥാനം കിട്ടാത്തതിനെച്ചൊല്ലിയായിരുന്നു തർക്കം.
നൃത്ത ഇനമായ കുച്ചിപ്പുടിക്കും ആസ്വാദകരെത്തി. ഗോത്രകലകളായ മലയപ്പുലയാട്ടവും മംഗലംകളിയും കാഴ്ചക്കാരുടെ മനംകവർന്നു. മൂന്നാംദിവസമായ വ്യാഴാഴ്ച മോഹിനിയാട്ടം, നാടോടിനൃത്തം, തിരുവാതിര, കോൽക്കളി, മിമിക്രി എന്നിവ വിവിധവേദികളിൽ അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.