ആലപ്പുഴ: നഗരത്തിന്റെ മുഖച്ഛായ മാറ്റാൻ ജില്ല കോടതിപ്പാലത്തിന്റെ നിർമാണം തകൃതി. 90 മീറ്റർ നീളവും 60 മീറ്റർ വീതിയുമുള്ള പാലത്തിന് ആകെ 168 പൈലുകളാണുള്ളത്. ഇതിൽ 36 എണ്ണത്തിന്റെ നിർമാണം പൂർത്തിയാക്കി പൈൽക്യാപ് പ്രവൃത്തികൾ ആരംഭിച്ചു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി വാടക്കനാലിന് കുറുകെ 120.52 കോടി ചെലവിലാണ് പാലം പുനർനിർമിക്കുന്നത്.
ഇതിൽ സ്ഥലമേറ്റെടുപ്പിനായി 20.58 കോടിയും യൂട്ടിലിറ്റി ഷിഫ്റ്റിങ്ങിനായി 3.17 കോടിയും പ്രവൃത്തികൾക്കായി 3.64 കോടിയും ലഭ്യമായിട്ടുണ്ട്. പഴയ ജില്ല കോടതിപ്പാലം പൊളിച്ചാണ് പുതിയത് നിർമിക്കുന്നത്. വാഹനങ്ങളുടെ വേഗം ക്രമീകരിക്കാനാകുന്ന റൗണ്ട് എബൗട്ട് മാതൃകയിലാണ് നിർമാണം. കനാലിന്റെ ഇരുകരയിലും നാലുവശത്തേക്കായി ഫ്ലൈഓവറുകളും അടിപ്പാതയും റാംപ് റോഡുകളും എന്ന നിലയിലാണ് രൂപകൽപന. കനാലിന് വടക്കേക്കരയിലാണ് പൈലിങ് ആരംഭിച്ചത്.
പാലത്തിന്റെ ഗർഡറുകളുടെ പ്രവൃത്തികൾ ഉടൻ ആരംഭിക്കും. നിലവിലെ പാലം പൊളിച്ചതിനാൽ ഗതാഗതത്തിന് പഴയ പൊലീസ് കൺട്രോൾ റൂമിന് കിഴക്ക് വശത്തായി താൽക്കാലിക സമാന്തര റോഡ് ഒരുക്കിയിട്ടുണ്ട്. ഫ്ലൈഓവറുകളുടെ നിർമാണത്തിനായി ജലഗതാഗത വകുപ്പിന്റെ ബോട്ട് ജെട്ടിയും ഓഫിസും പൊളിച്ചുനീക്കിയിരുന്നു.
നിലവിൽ മാത ജെട്ടിയിലാണ് താൽക്കാലിക ബോട്ട് ജെട്ടിയും ഓഫിസും പ്രവർത്തിക്കുന്നത്. പാലം നവീകരണത്തിന്റെ ഭാഗമായി ജല അതോറിറ്റി, വൈദ്യുതി, ബി.എസ്.എൻ.എൽ എന്നിവയുടെ പൈപ്പുകളും കേബിളുകളും മാറ്റാനുള്ള ഫണ്ട് കിഫ്ബിയിൽനിന്ന് പാലം നവീകരണ ചുമതലയുള്ള കെ.ആർ.എഫ്.ബിക്ക് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.