ആലപ്പുഴ: പൊതുവഴി വീതികൂട്ടുന്നതിന് നോട്ടീസ് നല്‍കിയിട്ടും പൊളിക്കാതിരുന്ന പള്ളാത്തുരുത്തിയിലെ സ്വകാര്യ റിസോർട്ടിന്റെ മതില് പൊളിച്ച സംഭവത്തില്‍ എച്ച്. സലാം എം.എൽ.എയെ ഒന്നാംപ്രതിയാക്കി ജാമ്യമില്ലാ വകുപ്പ് പ്രകാരം നാലുപേർക്കെതിരെ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തു.
പൊതുമരാമത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ ബിനു, പി.ഡബ്ല്യു.ഡി കോൺട്രാക്ടർ ജോളി എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. കണ്ടാലറിയാവുന്ന മറ്റൊരാൾ നാലാംപ്രതിയുമാണ്. 2024 ഡിസംബർ 27നായിരുന്നു കേസിനാസ്പദമായ സംഭവം.
പള്ളാത്തുരുത്തിയിൽ മുത്തൂറ്റ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സാന്താരി റിവർസ്കേപ്സ് ബോട്ടുകമ്പനിയുടെ മതിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് എം.എൽ.എയുടെ നേതൃത്വത്തിൽ പൊളിച്ചുവെന്നാണ് പരാതി. എ.സി റോഡിൽ പള്ളാത്തുരുത്തി പാലത്തിന് സമീപത്തുനിന്ന് കിഴക്കുഭാഗത്തേക്കുള്ള റോഡ് 1.87 കോടി ചെലവിൽ ബലപ്പെടുത്താനും വീതികൂട്ടാനുമാണ് പദ്ധതി. ഇതിനായി മതിൽ പൊളിക്കണമെന്ന് ബന്ധപ്പെട്ടവരോട് പലതവണ നിർദേശം നൽകിയെങ്കിലും അത് പാലിക്കാതെ വന്നതോടെയാണ് മതിൽ പൊളിക്കേണ്ടിവന്നതെന്നാണ് എം.എൽ.എയുടെ വിശദീകരണം.
മതില് പൊളിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പും റിസോര്‍ട്ട് അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഈ സമയത്ത് പാടശേഖരത്തിൽ ജലനിരപ്പ് ക്രമീകരിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുകയും ചെയ്തു. നോട്ടീസ് നൽകിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് മതിൽ പൊളിച്ചതെന്നാണ് വിശദീകരണം.
ഹൗസ്ബോട്ട് കമ്പനി ഓഫിസിലേക്ക് അതിക്രമിച്ചുകയറി ആറുമീറ്റർ നീളത്തിൽ മതിൽ പൊളിച്ചപ്പോൾ അതിനോട് ചേർന്നുള്ള വാട്ടർ കണക്ഷനിലെ ലൈനുകൾക്ക് കേടുപാടുണ്ടായി. ഇതിൽ ഒരുലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്നും പരാതിയിൽ പറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.