ആലപ്പുഴ: പുതിയ ബാഗും വസ്ത്രങ്ങളും വെള്ളക്കുപ്പിയുമെല്ലാം ചേർത്തുപിടിച്ച് പുതു പ്രതീക്ഷയോടെ അക്ഷരമുറ്റത്തേക്ക് കുരുന്നുകൾ ചുവടുവെച്ചു. അംഗൻവാടി പ്രവേശനോത്സവം വർണാഭമായി. അംഗൻവാടി അങ്കണത്തിലേക്ക് കടന്നുചെന്ന ഓരോ കുട്ടിക്കും വിവിധ വർണങ്ങളിലുള്ള തൊപ്പിയും സമ്മാനപ്പൊതികളും ബലൂണുകളുമെല്ലാം നൽകിയാണ് അധ്യാപകർ വരവേറ്റത്. അതും വാങ്ങി ഇരിപ്പിടങ്ങളിലിരുന്നെങ്കിലും തീർന്നില്ല. മധുര പലഹാരങ്ങളും മിഠായികളുമായി ഉപഹാരങ്ങളുമായി വീണ്ടും അധ്യാപകരെത്തി. പുതുതായി പ്രവേശനം നേടിയവരുടെ പേരുവിളിച്ച് ക്രമമനുസരിച്ച് പുതിയ ബാഗും കുടയും വാട്ടർ ബോട്ടിലും പുസ്തകങ്ങളുമൊക്കെ സമ്മാനമായി നൽകി.
അതേസമയം സ്കൂളിലേക്ക് പ്രവേശനം നേടിയ കുട്ടികൾക്ക് അംഗൻവാടിയിൽനിന്ന് പോകുംമുമ്പ് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നൽകി. മിക്ക വാർഡുകളും വലിയ ആഘോഷ പരിപാടികളോടെയാണ് അംഗൻവാടി പ്രവേശനോത്സവം നടത്തിയത്. പലയിടത്തും പുതിയ കുട്ടികളെ വരവേറ്റത് അംഗൻവാടികളിൽനിന്ന് പടിയിറങ്ങുന്ന കുട്ടികളായിരുന്നു. സ്നേഹ സമ്മാനങ്ങൾ മാത്രമല്ല, ഹസ്തദാനങ്ങളും ആലിംഗനങ്ങളും പൂമാലകളുമൊക്കെ പുതിയ കൂട്ടുകാർക്ക് നൽകി. ജനപ്രതിനിധികളും ജീവനക്കാരും ചേർന്ന് വലിയ ഒരുക്കങ്ങളും നടത്തിയിരുന്നു. വിവിധ കലാപരിപാടികളും അതിന്റെ ഭാഗമായി അരങ്ങേറി.
ഷിഗെല്ല റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആറാട്ടുപുഴ പഞ്ചായത്തിലെ 40 അംഗവാടികളിൽ ഒഴികെ ജില്ലയിൽ 2,110 ഇടത്ത് പ്രവേശനോത്സവം നടത്തി. ഇത്തവണ ജില്ലതല പ്രവേശനോത്സവം ഉണ്ടായിരുന്നില്ല. മധുരവും പായസവും നൽകിയാണ് കുട്ടികളെയും രക്ഷിതാക്കളെയും വരവേറ്റത്.
കുട്ടികളിൽ പോഷകാഹാര ശീലം വളർത്തുന്നതിനും പ്രാദേശിക ഭക്ഷ്യസംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശികമായി തയാറാക്കിയതാണിവ. ചിത്രങ്ങളെടുക്കുന്നതിന് സെൽഫി കോർണറുകളും പലയിടത്തും ഒരുക്കിയിരുന്നു. അംഗൻവാടി കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധനനടപടികൾ ഇതുവരെ പൂർണമായിട്ടില്ല. ഇതിന് ജൂൺ 30 വരെസമയം നീട്ടി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.