അരൂര്‍: അരൂർ അമ്മനേഴം -കുമ്പളങ്ങി ജനത ഫെറിയിൽ ബോട്ട് ചങ്ങാടം സർവിസ് ആരംഭിച്ചു. നിലവിൽ ബോട്ട് ചങ്ങാട സർവിസ് ഉണ്ടായിരുന്ന അരൂർ കെല്‍ട്രോണ്‍ - കുമ്പളങ്ങി ഫെറിയില്‍ പാലം നിര്‍മാണ പ്രവൃത്തി ആരംഭിച്ചതോടെയാണ് ജങ്കാര്‍ സർവിസ് നിർത്തേണ്ടിവന്നത്. ഒരു കിലോമീറ്ററോളം വടക്കോട്ട് മാറി കുമ്പളങ്ങി ജനത - അരൂർ അമ്മനേഴം ഫെറിയിലാണ് ഇപ്പോൾ സർവിസ് ആരംഭിച്ചിരിക്കുന്നത്.
കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് മെമ്പർമാരടക്കം നിരവധി പേർ അരൂരിലെ അമ്മനേഴം കടത്തിലേക്ക് ആദ്യ യാത്ര നടത്തി. നേരത്തെ വള്ളങ്ങൾ സർവിസ് നടത്തിയിരുന്ന കടത്തുകടവാണിത്. പിന്നീട് യന്ത്രം ഘടിപ്പിച്ച ചെറിയ ബോട്ട് സർവിസ് നടത്തിയിരുന്നു. കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ ബോട്ട് ദുരന്തങ്ങൾ ആവർത്തിച്ചപ്പോൾ നിയമങ്ങൾ കർശനമാക്കിയതോടെ സർവിസ് നിർത്തിവെക്കുകയായിരുന്നു. കുമ്പളങ്ങി, ചെല്ലാനം, കണ്ണമാലി തുടങ്ങിയ കടലോര മേഖലയിലുള്ളവർക്ക് അരൂരിലെ ദേശീയപാതയിലെത്താൻ കായൽ കടക്കണം. തൊഴിലിനും മറ്റാവശ്യങ്ങൾക്കും നൂറുകണക്കിന് പേരാണ് ദിനേന അരൂരിലെത്തുന്നത്. ചങ്ങാട സർവിസ് നിലച്ചത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
അമ്മനേഴം കടത്തുകടവിൽ വർഷങ്ങൾക്ക് മുമ്പ് ബോട്ട് ജെട്ടി നിർമിച്ചിരുന്നെങ്കിലും കുമ്പളങ്ങിയിൽ നിർമിച്ചിരുന്നില്ല. പുതിയ സർവിസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ബോട്ട് അടുപ്പിക്കുന്നതിനായി കായലിന് ആഴം കൂട്ടലും കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയിരുന്നു. മാർച്ച് വരെ കുമ്പളങ്ങി പഞ്ചായത്തിനാണ് ബോട്ട് സർവിസിന്റെ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.