അരൂരിൽ ദേശീയപാത ഗതാഗത സ്തംഭനത്തിലായപ്പോൾ
അരൂർ: അരൂരിലെ ദേശീയപാതയും ഇടറോഡുകളും മണിക്കൂറുകൾ സ്തംഭിച്ചു. തിങ്കളാഴ്ച രാവിലെ ഏഴു മുതൽ 11വരെ ദേശീയപാതയിലും ഇടറോഡുകളിലും യാത്രക്കാർ വലഞ്ഞു. ദേശീയ പാതിയിലെ കുരുക്കിൽ കാത്തുകിടന്നു മടുത്തപ്പോൾ ചില വാഹനങ്ങൾ അരൂക്കുറ്റി റോഡിലൂടെയും മറ്റു വഴികളിലൂടെയും നീങ്ങാൻ നോക്കിയതാണ് ഇട റോഡുകളും സ്തംഭിക്കാൻ ഇടയാക്കിയത്. ഇതോടെ പലർക്കും സമയത്ത് ജോലിക്ക് എത്താൻ കഴിഞ്ഞില്ല. വിദ്യാർഥികൾക്ക് വിദ്യാലയങ്ങളിലെത്താനും കഴിഞ്ഞില്ല.
ദേശീയപാത വികസനം തുടങ്ങിയതോടെ ഗതാഗത സ്തംഭനം ആവർത്തിക്കുകയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. അരൂർ പഞ്ചായത്തിനെ രണ്ടായി പകുത്തുകൊണ്ടാണ് ദേശീയ നാലുവരിപ്പാത കടന്നുപോകുന്നത്. ഉയരപ്പാതയുടെ നിർമാണം അരൂർ ക്ഷേത്രം ജങ്ഷനിൽനിന്ന് വടക്കോട്ടുള്ള മേഖലയിൽ ആരംഭിച്ചിട്ടുണ്ട്. ദേശീയപാത വികസനത്തിന് സ്ഥലം കുറവുള്ള മേഖലയാണിത്. ദേശീയപാതക്ക് സമാന്തരമായി മറ്റു റോഡുകൾ ഇല്ലാത്തതും ഗതാഗത സ്തംഭനത്തിന് ഇടവരുത്തുന്നു.
ഗതാഗതത്തിന് അനുവദിച്ചിരിക്കുന്ന ദേശീയപാതയുടെ പകുതിഭാഗം കുണ്ടുംകുഴിയുമാണ്. ചളി നിറഞ്ഞ് കാൽനടപോലും അസാധ്യമായ വിധമാണ്. ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നതും പതിവാണ്. ഗതാഗതക്കുുരുക്ക് രൂക്ഷമായതോടെ ടാക്സി-ഓട്ടോ തൊഴിലാളികൾ ഓട്ടം നിർത്തി.
കഴിഞ്ഞ ദിവസം അരൂരിലെ ജനപ്രതിനിധികൾ നിർമാണ കരാർ കമ്പനി അധികൃതരുമായി ഇക്കാര്യങ്ങൾ വിശദമായി സംസാരിച്ചിരുന്നു. സർവിസ് റോഡുകൾക്കുവീതി കൂട്ടാമെന്നും ടാർ ചെയ്യാമെന്നും വഴിയോര കച്ചവടക്കാരെ ഒഴിവാക്കാമെന്നും സമ്മതിച്ചിരുന്നതാണ്. എന്നാൽ, ഒരു നടപടികളും എടുക്കാതെയാണ് അരൂരിന്റെ വടക്കൻ മേഖലകളിൽ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.