അരൂർ: എഴുപുന്ന ഗ്രാമപഞ്ചായത്ത് 16ാം വാർഡിൽ മത്സരിക്കാൻ പത്രിക നൽകിയ സി.പി.എം എൽ.സി സെക്രട്ടറി മനോജ് ലാലിനെതിരെ ബ്രാഞ്ച് സെക്രട്ടറി വിനോദ് മത്സരിക്കും. സ്ഥാനാർഥിയായ മനോജ് ലാലിനെതിരെയാണ് ബ്രാഞ്ച് സെക്രട്ടറി വിനോദ് മത്സരിക്കുന്നത് . എഴുപുന്ന പഞ്ചായത്തിൽ തന്നെ പതിനഞ്ചാം വാർഡിൽ എൽ.ഡി.എഫിന്റെ സി.പി.ഐ സ്ഥാനാർഥി സെബിൻ സെബാസ്റ്റിനും സി.പി.എമ്മിലെ ഷാജോനും മത്സരിക്കുമെന്നുറപ്പായി. കോടന്തുരുത്ത് പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ ബി.ഡി.ജെ.എസ് റിബൽ പിന്മാറി. അരൂർ പഞ്ചായത്തിലെ ഇരുപതാം വാർഡിലെ ആന്റണി നെടുമ്പൊഴിയും 21ൽ കെ.എക്സ്. ജോസഫും കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ നാമനിർദേശ പത്രികകൾ പിൻവലിച്ചില്ല. ഏഴാം വാർഡിൽ ജിനു മോളും വിമതയായി രംഗത്തുണ്ട്.
ചെങ്ങന്നൂർ: ബുധനൂർ ഗ്രാമപഞ്ചായത്തിൽ സി.പി.എമ്മിന് വിമത ഭീഷണി ഉയർത്തി രണ്ടു സ്ഥാനാർഥികൾ. മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുൻ ബ്രാഞ്ച് സെക്രട്ടറിയുമാണ് മത്സരരംഗത്തുള്ളത്. എണ്ണയ്ക്കാട് തെക്ക് ജനറൽ 11ാം വാർഡിലാണ് മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ. സുരേന്ദ്രനും എട്ടാം വാർഡിൽ മുൻ ബ്രാഞ്ച് സെക്രട്ടറി സോമൻ തുണ്ടിത്തറയുമാണ് സി.പി.എമ്മിന്‍റെ ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ റിബലായി മത്സരിക്കുന്നത്.
ഇതിൽ സുരേന്ദ്രൻ പാർട്ടി മാന്നാർ മുൻ ഏരിയ കമ്മിറ്റി അംഗവും നിലവിൽ കെ.എസ്.കെ.ടി.യു ഏരിയ സെക്രട്ടറിയും ജില്ല കമ്മിറ്റി അംഗവുമാണ്. 2020ൽ എണ്ണക്കാട് ബ്ലോക്ക് ഡിവിഷനിലെ സി.പി.എം സ്ഥാനാർഥിയായിരുന്ന സുരേന്ദ്രൻ ബി.ജെ.പി അംഗത്തോട് പരാജയപ്പെട്ടിരുന്നു. സുരേഷ് കലവറയാണ് സി.പി.എമ്മിന്‍റെ ഔദ്യോഗിക സ്ഥാനാർഥി. ഉളുന്തി ജനറൽ എട്ടാം വാർഡിൽ മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സോമൻ തുണ്ടിത്തറയാണ് സി.പി.എം സ്ഥാനാർഥി ബി. വിബിൻ രാജിനെതിരെ മത്സരിക്കുന്നത്.
ചെങ്ങന്നൂര്‍: മുളക്കുഴ ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ സി.പി.ഐയുടെ സിറ്റിങ് സീറ്റില്‍ സി.പി.എം വിമത സ്ഥാനാര്‍ഥി മത്സരിക്കുന്നു. നിലവിലെ അംഗം കെ. സാലിയാണ് സി.പി.ഐയുടെ സ്ഥാനാര്‍ഥി. സി.പി.എം പിരളശ്ശേരി ബ്രാഞ്ച് സെക്രട്ടറി കൂടിയായ ലോക്കൽ കമ്മിറ്റി അംഗം രാധാകൃഷ്ണപിള്ളയുടെ ഭാര്യ ശ്രീജയാണ് വിമത സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.