പുതുവർഷാഘോഷങ്ങൾക്കിടയിൽ സംഘർഷം: ഒരു മരണം; മൂന്നുപേർക്ക് പരിക്ക്

അരൂർ : പുതുവത്സരതലേന്ന് രാത്രി മദ്യലഹരിയിൽ യുവാക്കൾ സംഘം തിരിഞ്ഞുണ്ടായ ഏറ്റുമുട്ടലിൽ ഒരു മരണം. മൂന്നുപേർക്ക് പരിക്ക്. സംഭവത്തിൽ നാലു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എഴുപുന്ന പഞ്ചായത്ത് എട്ടാം വാർഡിൽ കൃഷ്ണകൃപയിൽ സുമേഷ് കൃഷ്ണ (37) ആണ് മരിച്ചത്. എരമല്ലൂർ സ്വദേശികളായ സാജൻ, സുരേഷ്, ഷിജു എന്നിവർക്കാണ് പരിക്കേറ്റത്. മൂവരേയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഡിസംബർ 31 രാത്രി പത്തോടെയായിരുന്നു സംഭവം സുമേഷ് കൃഷ്ണനെ അന്ന് രാത്രി തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ മരിച്ചു. എരമല്ലൂർ ദേവി സദനത്തിൽ കണ്ണൻ (25), നന്ദനത്തിൽ മണിലാൽ (23), കുണ്ടേങ്ങിൽ പ്രവീൺ (25), ആലശ്ശേരിൽ അദീഷ് (25) എന്നിവരെ സംഭവത്തെ തുടർന്ന് അരൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. എരമല്ലൂർ ചേന്നമന ക്ഷേത്രത്തിന് സമീപം ആളൊഴിഞ്ഞ പറമ്പിലാണ് സംഘർഷം നടന്നത്. പിടിയിലായ നാല് പ്രതികളും മധ്യ ലഹരിയിൽ ആയിരുന്നെന്ന് പൊലീസ് പറഞ്ഞു.

കൂറ്റൻ വടികൊണ്ട് തലക്കടിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചത്. അടിക്കാൻ ഉപയോഗിച്ച വടി ആക്രമണം നടന്ന സ്ഥലത്ത് നിന്നും പൊലീസ് കണ്ടെടുത്തു. പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന സാജന്റെ തുടയിൽ കത്തികൊണ്ട് മൂന്നു സ്ഥലത്ത് കുത്തേറ്റിട്ടുണ്ട്. പ്രതികൾക്ക് സാജനോടുള്ള മുൻ വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. അരൂർ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ പി.എസ്. ഷിജു, എസ്. ഐ. എം.ജെ. ആൻറണി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. നാലു പ്രതികളെയും കോടതി റിമാൻഡ് ചെയ്തു.

മരിച്ച സുമേഷ് കൃഷ്ണൻ അവിവാഹിതനാണ്. എറണാകുളത്തെ സ്വകാര്യ ഇൻഷുറൻസ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. സംസ്കാരം നടത്തി. പിതാവ് : കൃഷ്ണകുമാർ മാതാവ് : സുമ സഹോദരി : സുമീര 

Tags:    
News Summary - Newyear celebration; Clash between groups in aroor; youth died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.