പ്രഭാത നടത്തം ജീവൻ പണയംവെച്ച്; സുരക്ഷിത സൗകര്യം ഒരുക്കണം

അരൂർ: ശാന്തവും സൗകര്യപ്രദവുമായ ഇടമില്ലാത്തതിനാൽ പ്രഭാതസവാരിക്കാർ ഓരോ കാൽപാദവും മുന്നോട്ട് വെക്കുന്നത് അപകടം മുന്നിൽകണ്ട്. വാഹനങ്ങളുടെ തിരക്കും തെരുവുനായ്ക്കളുടെ ശല്യവും പുലർച്ച നടക്കാനിറങ്ങുന്നവർക്ക് ഭീഷണിയാണ്. ദേശീയ പാതകളിലൂടെ നടക്കാൻ ഇറങ്ങുന്നവരിൽ പലരും വാഹനാപകടങ്ങളിൽ പെടുന്നു. നാട്ടുവഴികളിലെ തെരുവുനായ്ക്കളുടെ ശല്യം ഒഴിവാക്കാനാണ് പലരും ദേശീയപാത തെരഞ്ഞെടുക്കുന്നത്.

ദേശീയപാതയിലൂടെ ദീർഘദൂരം ഓടിയെത്തുന്ന വാഹനങ്ങൾ പലതും പുലർച്ച റോഡരികിലെ കടകളിൽ ഇടിച്ചുകയറിയും ഡിവൈഡറുകളിൽ ഇടിച്ച് മറിഞ്ഞും അപകടമുണ്ടാകുന്നുണ്ട്. പ്രഭാത സവാരിക്കാരെ ഇത്തരം സംഭവങ്ങൾ ആശങ്കയിലാക്കുന്നു.

ഈ സാഹചര്യത്തിലാണ് പ്രഭാത സവാരിക്കായി പ്രത്യേകയിടങ്ങൾ ഗ്രാമപ്രദേശങ്ങളിൽ ഉണ്ടാകണമെന്ന ആവശ്യം ഉയരുന്നത്. അരൂർ പഞ്ചായത്തിൽ ദീർഘമായ കായലോരങ്ങൾ നിലവിലുണ്ട്. അരൂക്കുറ്റി പാലം മുതൽ വടക്കോട്ട് കൈതപ്പുഴ കായലോരത്ത് തീരദേശറോഡ് നിർമിച്ചാൽ പ്രഭാത സവാരിക്ക് ഉത്തമമായിരിക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

അരൂർ - കുമ്പളം പാലത്തിന്‍റെ സമീപം അവസാനിക്കുന്ന നിലയിൽ തീരദേശറോഡ് പൂർത്തീകരിക്കണമെന്ന ആവശ്യത്തിന് വർഷങ്ങൾ പഴക്കമുണ്ട്. വാഹനങ്ങളുടെ പുകയും വാഹനത്തിരക്കും നടക്കുന്നവർക്ക് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെങ്കിലും മറ്റുമാർഗമില്ലാതെ ഇവർ വലയുകയാണ്. അനുദിനം വളരുന്ന അരൂരിലെ കായലോരങ്ങൾ പ്രഭാത - സായാഹ്ന സവാരികൾക്കും സ്വസ്ഥമായ വിശ്രമത്തിനും പറ്റിയ ഇടങ്ങളാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കായൽ കൈയേറ്റത്തിനും മാലിന്യം തള്ളലിനും കായലോര നടപ്പാത തടസ്സമുണ്ടാക്കും. അഴുക്ക് അടിയുന്ന കായലിനുപകരം സൗന്ദര്യമുള്ള കായലോരകാഴ്ചകൾക്കും കായലോര റോഡ് വഴിതുറക്കും. അരൂരിന്‍റെ തൊട്ടരികിൽ കണ്ണങ്ങാട്ടുപാലത്തിനടുത്ത് ശാന്തവും സ്വസ്ഥവുമായ കായലോര നടപ്പാതകൾ നിർമിച്ചിട്ടുണ്ട്. ഇത് മാതൃകയാക്കാമെന്നും അഭിപ്രായമുണ്ട്. ഗ്രാമപ്രദേശങ്ങളിൽ പോലും പ്രഭാതസവാരിക്കിറങ്ങുന്ന വരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ജീവിതശൈലി രോഗങ്ങൾ വർധിച്ച സാഹചര്യത്തിലാണ് ചെറുപ്രായത്തിലുള്ളവർ പോലും നടപ്പ് ശീലമാക്കിയത്.

Tags:    
News Summary - Morning walk risking life; Safe facilities should be provided

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.