മഴ കനത്തു; ദേശീയപാത വെള്ളത്തിലായി

അരൂർ: കനത്ത മഴ മൂലം ദേശീയപാതയിൽ രൂക്ഷമായ വെള്ളക്കെട്ടും ഗതാഗത തടസ്സവും കുരുക്കും യാത്രക്കാരെ ദുരിതത്തിലാക്കി. രണ്ടുദിവസമായി തുറവൂർ മുതൽ അരൂർ ബൈപാസ് കവല വരെയും നാലുവരിപ്പാതയിൽ ഇരുഭാഗത്തും യാത്രക്കാർക്ക് 12.75 കിലോമീറ്റർ സഞ്ചരിക്കാൻ മൂന്ന് മണിക്കൂറോളം വേണ്ടിവന്നു. അരൂർ ക്ഷേത്രം ജങ്ഷനിൽ അരൂക്കുറ്റി ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പും വെള്ളക്കെട്ടിലായി.

കാൽനടയാത്ര പോലും അസാധ്യമായ വിധത്തിൽ ദേശീയപാത വെള്ളക്കെട്ടിലാണ്. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ വെള്ളക്കെട്ടിലൂടെ വളരെ കഷ്ടപ്പെട്ടാണ് നീങ്ങുന്നത്. തകർന്നു കിടക്കുന്ന ദേശീയപാതയിൽ വെള്ളക്കെട്ട് കൂടിയായതോടെ ഗതാഗതം ദുഷ്കരമായി. ഇതിനിടയിൽ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ക്രെയിൻ, മണ്ണുമാന്തിയന്ത്രം, ട്രെയിലർ ലോറികൾ, മറ്റുയന്ത്ര സംവിധാനങ്ങൾ എന്നിവ പാതയിലൂടെ കടന്നുപോകുന്നതും അടിക്കടി ഗതാഗതം തടസ്സമുണ്ടാക്കുന്നുണ്ട്. കാനനിർമാണവും മഴമൂലം തടസ്സപ്പെട്ടിരിക്കുകയാണ്.

പെയ്ത്തുവെള്ളം ടാങ്കർ ലോറികളിൽ വലിച്ചെടുത്ത് മറ്റിടങ്ങളിൽകൊണ്ടുപോയി കളയാനുള്ള നടപടികളും നടക്കുന്നില്ല. പാതയോരത്തെ മണ്ണും ചെളിയും മഴവെള്ളം നിറഞ്ഞ് കലങ്ങി പാതയോരങ്ങളിൽ ഒഴുകി നിറയുകയാണ്. ഇത് കച്ചവടക്കാരെയും യാത്രികാരെയും കഷ്ടത്തിലാക്കുന്നുണ്ട്. ദിവസങ്ങളായി പാതയോരങ്ങളിൽ കെട്ടിനിൽക്കുന്ന പെയ്ത്തു വെള്ളം സാംക്രമിക രോഗ ഭീഷണിയും ഉയർത്തുന്നു.

മലിനമായ വെള്ളത്തിലിറങ്ങി വാഹനങ്ങളിൽ കയറേണ്ട ഗതികേടിലാണ് സ്ത്രീകളടക്കമുള്ള യാത്രക്കാർ. ചന്തിരൂർ മുതൽ അരൂർ ബൈപാസ് കവല വരെയുള്ള ഭാഗത്ത് കനത്ത വെള്ളക്കെട്ടാണ്. വെള്ളക്കെട്ട് ഒഴിവാക്കാൻ കാന നിർമാണം വൈകിയതാണ് പാതയിൽ വെള്ളക്കെട്ട് ഉണ്ടാകാൻ കാരണം. 

Tags:    
News Summary - Heavy rain; National Highway flooded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.