1. അരൂർ പഞ്ചായത്തിൽ മാസങ്ങൾക്കു മുമ്പ് ഉദ്ഘാടനം ചെയ്ത പാർക്ക് 2. പുതിയ പാർക്കിനായി കണ്ടെത്തിയ ചന്തിരൂര്‍
കുമർത്തുപടി ക്ഷേത്രത്തിന് സമീപമുള്ള കുളവും പരിസരവും
അരൂർ: സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഹാപ്പിനസ് പാർക്ക് ഒരുക്കാൻ തദ്ദേശഭരണ വകുപ്പ് തീരുമാനമെടുത്തെങ്കിലും അവ സ്ഥാപിക്കുന്നതിന് നടപടി നടന്നുവരുന്നതേയുള്ളൂ. എന്നാൽ അരൂർ പഞ്ചായത്ത് പദ്ധതി നടപ്പാക്കി കഴിഞ്ഞു. സർക്കാറിന്റെ അറിയിപ്പ് എത്തുന്നതിനു മുമ്പുതന്നെ അരൂർ ഗ്രാമപഞ്ചായത്ത് പാർക്കുകൾ ഒരുക്കുന്ന തിരക്കിലാണ്. ഒരു പക്ഷെ സംസ്ഥാനത്തെ ആദ്യത്തെ ഹാപ്പിനസ് പാർക്ക് പൂർത്തിയാകുന്നത് അരൂരിലായിരിക്കും.
അരൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് തൊട്ടരികിലുള്ള പൊതുകുളം സംരക്ഷിക്കുന്നതിനോടൊപ്പം ഒരുകോടിയിലധികം രൂപ മുടക്കി പാർക്കും ഓപ്പൺ എയർ ഓഡിറ്റോറിയവും ഗ്രാമപഞ്ചായത്ത് ഒരുക്കിയിരുന്നു. 30 സെന്റോളം വിസ്തൃതി കുളത്തിനുണ്ട്. അതിന്റെ ചുറ്റിലുള്ള 20 സെന്റിലേറെ വരുന്ന കര പ്രദേശവും ചേർത്താണ് പാർക്ക് ഒരുക്കിയത്.
കൈതപ്പുഴക്കായലോരത്ത് ഇടക്കൊച്ചി പാലത്തിനരികിൽ അരൂരിൽ ഫയർ സ്റ്റേഷൻ നിർമ്മിക്കുന്നതിന് വേണ്ടി അനുവദിച്ച സ്ഥലം താൽക്കാലിക പാർക്കാക്കി. പൂച്ചാക്കൽ ശ്രീകണ്ഠേശ്വരം ഹയർ സെക്കൻഡറി സ്കൂളിലെ 50 ഓളം എൻ.എസ്.എസ് വളണ്ടിയർമാർ മൂന്ന് ദിവസം പ്രയത്നിച്ചാണ് അഴുക്കടിഞ്ഞു കിടന്ന ഈ സ്ഥലം ഉദ്യാനമാക്കിയത്.
പുതുവർഷ പുലരിയിൽ പാർക്ക് നാട്ടുകാർക്ക് തുറന്നു കൊടുക്കുകയും ചെയ്തു. ചന്തിരൂരിൽ കുമർത്തു പടിക്ഷേത്രത്തിന് സമീപത്തെ പൊതുകുളം സംരക്ഷിച്ച് ഇവിടെയും പാർക്ക് ഒരുക്കുവാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ഇതിനായി 50 ലക്ഷം രൂപ നീക്കിവെച്ചു. വ്യവസായ ഗ്രാമമായ അരൂരിൽ കൂടുതൽ പാർക്കുകൾ അത്യാവശ്യമാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് നിരവധി ആളുകളാണ് ജോലിസംബന്ധമായി അരൂരിൽ താമസിക്കുന്നത്. ഇവർക്ക് വിനോദത്തിനായി കൂടുതൽ പൊതു സ്ഥലങ്ങൾ ആവശ്യമാണെന്നത് കണ്ടറിഞ്ഞാണ് പഞ്ചായത്ത് പ്രധാന്യത്തോടെ പദ്ധതി നടപ്പാക്കുന്നത്.
ജനങ്ങൾക്ക് ഉല്ലസിക്കാനായി പഞ്ചായത്ത് അടിസ്ഥാനത്തിൽ ഒരു പാർക്ക് എന്നതാണ് സര്‍ക്കാർ ലക്ഷ്യം. ഇതിനായി തദ്ദേശ ഭരണ സ്ഥാപനങ്ങൾ 50 സെന്റ് ഭൂമിയെങ്കിലും കണ്ടെത്തണം. സ്ഥലം വാങ്ങുന്നതിന് സ്പോൺസർഷിപ്പിലൂടെ ഫണ്ട് ശേഖരിക്കാൻ അനുമതിയുണ്ട്.
പാർക്കുകളിൽ മാസത്തിൽ ഒരു ദിവസം ഹാപ്പിനസ് ഡേ ആഘോഷിക്കണമെന്നും സർക്കാർ നിർദേശമുണ്ട്. കലാപരിപാടികളും ഫുഡ് ഫെസ്റ്റും ഉണ്ടാകണം. വികസന ഫണ്ട് ഉപയോഗിച്ചോ തനത് ഫണ്ട് ഉപയോഗിച്ചോ സ്ഥലം വാങ്ങാം. പാർക്കിൽ ഇരിപ്പിടവും വിനോദ ഉപാധികളും ഉണ്ടാകണം.
ഡാൻസിങ്, യോഗ തുടങ്ങിയവയ്ക്ക് ഫ്ലോർ ഉണ്ടാകണം. മൊബൈൽ ചാർജ്, സൗജന്യ വൈഫൈ, ഭംഗിയുള്ള ലൈറ്റുകൾ എന്നിവയും ഒരുക്കണം. സേവ് ദി ഡേറ്റിനും ബർത്ത്ഡേ പാർട്ടിക്കും വിനിയോഗിക്കാനുള്ള ഭംഗിയും ഈ പാർക്കുകൾക്ക് ഉണ്ടാകണം എന്നാണ് സർക്കാർ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.