അരൂർ: പഞ്ചായത്ത് ഇരുപതാം വാർഡിൽ ആരംഭിക്കാനിരിക്കുന്ന പ്ലാസ്റ്റിക് ശേഖരണ കേന്ദ്രം പരിസരവാസികളുടെ എതിർപ്പിനെ തുടർന്ന് അനിശ്ചിതത്വത്തിലായി. കളത്തിൽ സുബ്രഹ്മണ്യ ക്ഷേത്രത്തിനോട് ചേർന്ന പഞ്ചായത്ത് സ്ഥലത്ത് പ്ലാസ്റ്റിക് ശേഖരണ കേന്ദ്രം ആരംഭിക്കാൻ തീരുമാനിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയായില്ല.
ജപ്പാൻ കുടിവെള്ള സംഭരണി നിർമിക്കാൻ വർഷങ്ങൾ മുമ്പ് പഞ്ചായത്ത് വാങ്ങിയ സ്ഥലമാണിത്. ജലസംഭരണി പഞ്ചായത്ത് ഓഫീസിനടുത്ത് ദേശീയപാതക്കരികിൽ നിർമിച്ചു. സ്ഥലം ജലഅതോറിറ്റി പഞ്ചായത്തിന് വിട്ടു നൽകുകയും ചെയ്യുകയായിരുന്നു.ഈ സ്ഥലത്ത് പ്ലാസ്റ്റിക് ശേഖരണ കേന്ദ്രം ആരംഭിക്കാൻ പഞ്ചായത്ത് ബജറ്റിൽ 50 ലക്ഷം രൂപ മാറ്റി വെച്ചെങ്കിലും പ്രദേശവാസികൾ സമ്മതിച്ചിട്ടില്ല.
പഞ്ചായത്ത് സ്ഥലത്ത് ഷെഡും ചുറ്റുമതിലും കെട്ടുന്നതിന് സാധനങ്ങൾ ഇറക്കാൻ എത്തിയ വാഹനം പ്രദേശവാസികൾ തടഞ്ഞു. നിരവധി തവണ പഞ്ചായത്ത് അധികൃതരുടെയും പൊലീസ് ഉദ്യോഗസ്ഥരുമായും നേതൃത്വത്തിൽ അനുരഞ്ജന യോഗങ്ങൾ നടന്നെങ്കിലും തീരുമാനമാകാതെ പിരിഞ്ഞു. ഹരിതകർമസേന പഞ്ചായത്തിലെ 22 വാർഡുകളിൽ നിന്ന് ശേഖരിക്കുന്ന വെടിപ്പും വൃത്തിയുമുള്ള പ്ലാസ്റ്റിക് ശേഖരിച്ച് പാക്ക് ചെയ്യുക മാത്രമാണിവിടെ നടക്കുന്നതെന്ന് അധികാരികൾ ജനങ്ങളോട് വിശദീകരിച്ചു. മാസങ്ങളായിഈ പ്രക്രിയ വാടക സ്ഥലത്ത് നടത്തിക്കൊണ്ടിരിക്കുകയാണ്. സമവായ മാർഗങ്ങൾ അന്വേഷിക്കുകയാണ് ഭരണസമിതി. പ്രദേശത്തെ മുഴുവൻ രാഷ്ട്രീയ പ്രവർത്തകരെയും സമുദായ സംഘടന നേതാക്കളെയും ക്ഷേത്രം ഭാരവാഹികളെയും ജനങ്ങളെയും വിളിച്ചു കൂട്ടി ജനകീയ സമിതിക്ക് രൂപം കൊടുക്കണമെന്നാണ് കോൺഗ്രസിന്റെ അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.