കുമ്പളം പാലത്തിന്റെ അടിപ്പാതയിലേക്കുള്ള വഴി
അരൂർ: അരൂർ-കുമ്പളം പാലത്തിന്റെ അരൂർക്കരയിൽ പാലത്തിന് താഴെ പാത വേണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. പാലത്തിന്റെ അപ്രോച് റോഡ് 25 അടിയോളം ഉയർന്നാണ് സ്ഥിതി ചെയ്യുന്നത്. രണ്ടു പാലത്തിന്റെയും നാലുവരിപ്പാതകൾ മറികടന്നാണ് ഇവിടെയുള്ളവർ മറുവശത്തെത്തുന്നത്. ജനങ്ങളുടെ പ്രയാസങ്ങൾ വിശദീകരിച്ച് അടിപ്പാത ആവശ്യപ്പെട്ട് വർഷങ്ങൾക്കു മുമ്പ് പ്രദേശവാസികൾ പ്രക്ഷോഭം നടത്തിയതാണ്. ആവശ്യം അംഗീകരിക്കാതെ ദേശീയപാത അധികൃതർ അവഗണിച്ചു. എന്നാൽ, ഇപ്പോൾ അരൂർ-തുറവൂർ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് അരൂർ നിവാസികളുടെ പ്രാദേശിക യാത്രകൾ കൂടുതൽ ദുരിതത്തിലാകുമ്പോഴാണ് അടിപ്പാത അത്യാവശ്യമായി തീർന്നത്. അരൂർ ബൈപാസ് ജങ്ഷൻ മുതൽ കൈതപ്പുഴ കായൽതീരം വരെ അരൂർ-കുമ്പളം പാലത്തിന്റെ കിഴക്ക് താമസിക്കുന്ന നൂറുകണക്കിന് ജനങ്ങൾ ദേശീയപാതയുടെ മറുഭാഗത്തെത്താൻ ക്ലേശിക്കേണ്ടിവരും.
അരൂർ ബൈപാസ് ഭാഗത്ത് നിർമാണം ആരംഭിക്കുമ്പോൾ ദേശീയപാത പൂർണമായും അടക്കും. കിഴക്കുഭാഗത്തുള്ള ജനങ്ങൾക്ക് പടിഞ്ഞാറ് ഭാഗത്തുള്ള സ്ഥലങ്ങളിലേക്കെത്താൻ മറ്റുവഴികൾ തേടേണ്ടി വരും.
പാലത്തിനു താഴെയുള്ള ഭാഗം ശുചീകരിച്ച് കാർ, ഓട്ടോ ഉൾപ്പെടെ ചെറിയവാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുംവിധം റോഡ് നിർമിച്ചാൽ ഉയരപ്പാത നിർമാണ ശേഷവും ഈ പാത അരൂരിന് സഹായകമാകും. അരൂർ ഗ്രാമപഞ്ചായത്ത് ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.