അരൂർ ബോട്ട് ക്ലബ് സംഘടിപ്പിച്ച അരൂർ ജലോത്സവത്തിൽ ഇരുട്ടുകുത്തി - എ ഗ്രേഡിൽ ചാമ്പ്യനായ താണിയന്റെ ക്യാപ്റ്റൻ കൃഷി മന്ത്രി പി. പ്രസാദിൽനിന്ന് ട്രോഫി ഏറ്റുവാങ്ങുന്നു
അരൂർ: കൈതപ്പുഴ കായലിൽ നടന്ന അരൂർ ജലോത്സവത്തിൽ രണ്ടാം വർഷവും വിജയം താണിയന്‍ കരസ്ഥമാക്കി. ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തിലാണ് ടി.ബി.സി കൊച്ചിന് തുഴഞ്ഞ താണിയന്‍ ഒന്നാമതായത്. ബി ഗ്രേഡ് വിഭാഗത്തില്‍ ജി.ബി.സി ടീം തുഴഞ്ഞ ഗോതുരുത്ത് ഒന്നാമതെത്തി. 800 മീറ്റര്‍ ട്രാക്കിലായിരുന്നു വാശിയേറിയ മത്സരം.
അരൂർ ബോട്ട് ക്ലബ് സംഘടിപ്പിച്ച ഇരുട്ടുകുത്തി വള്ളങ്ങളുടെ മത്സരത്തിൽ എറണാകുളം, തൃശൂർ, ആലപ്പുഴ ജില്ലകളിൽനിന്ന് 16 വള്ളങ്ങളാണ് പങ്കെടുത്തത്. വർഷങ്ങൾക്കുശേഷം കഴിഞ്ഞ വർഷമാണ് ഇവിടെ വള്ളംകളി പുനരാരംഭിച്ചത്. എ ഗ്രേഡിൽ തുരുത്തിപ്പുറം രണ്ടാം സ്ഥാനവും പുത്തൻപറമ്പിൽ മൂന്നാം സ്ഥാനവും നേടി. ബി ഗ്രേഡ് വിഭാഗത്തിൽ വലിയ പണ്ഡിതൻ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ശ്രീമുരുകൻ മൂന്നാമതായി.
ഇന്ത്യയിലെ നമീബിയ ഹൈകമീഷണർ ഗബ്രിയേൽ പാണ്ടുറെനി സിനിമ്പോ മത്സരം ഉദ്ഘാടനം ചെയ്തു. എ.എം. ആരിഫ് എം.പി ഫ്ലാഗ്ഓഫ് ചെയ്തു. ദലീമ ജോജോ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനത്തിൽ മന്ത്രി പി. പ്രസാദ് വിജയികള്‍ക്ക് സമ്മാനം നല്കി. അരൂര്‍ ബോട്ട് ക്ലബ് രക്ഷാധികാരി എം.എസ്. അനസ് ഹാജി അധ്യക്ഷത വഹിച്ചു. പിന്നാക്ക വികസന കോർപറേഷൻ ചെയര്മാൻ കെ. പ്രസാദ്, കെ.എസ്.ഡി.പി ചെയര്മാൻ സി.ബി. ചന്ദ്രബാബു, ത്രിതല ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, കലാകാരന്മാർ, ബിസിനസ് പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.