അരൂർ-തുറവൂർ ഉയരപ്പാത
അരൂർ: ദേശീയപാതയിൽ അരൂർ-തുറവൂർ ഇടനാഴിയിലെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഉയരപ്പാത നിർമാണ പദ്ധതിയുടെ 90 ശതമാനം പ്രവൃത്തികളും പൂർത്തിയാക്കിയതായി ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ അധികൃതർ അറിയിച്ചു.
2,200 കോടി ചെലവിൽ നിർമിക്കുന്ന എലിവേറ്റഡ് പാത എല്ലാ പ്രവൃത്തികളും പദ്ധതിപ്രകാരം മുന്നേറിയാൽ ആഗസ്റ്റോടെ വാഹന ഗതാഗതത്തിനായി തുറന്നുകൊടുക്കാനാകുമെന്ന് അധികൃതർ പറഞ്ഞു. ഒറ്റത്തൂണുകളുടെ പിന്തുണയിൽ നിർമിച്ച രാജ്യത്തെ ഏറ്റവും നീളം കൂടിയ ഉയരപ്പാതയാണിത്.
2026 ഫെബ്രുവരിയായിരുന്നു പദ്ധതി പൂർത്തീകരിക്കാൻ ആദ്യം തീരുമാനിച്ചിരുന്നത്. അരൂർ റസിഡൻസി ഹോട്ടലിന്റെ മുന്നിലുള്ള ചെറിയൊരു ഭാഗം ഒഴികെ, മുഴുവൻ ഭാഗത്തും ഗർഡർ സ്ഥാപിക്കുകയും അതിന് മുകളിലെ ഡെക്ക് സ്ലാബുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
ഹൈടെൻഷൻ ടവർ ലൈനുകൾ മാറ്റിസ്ഥാപിക്കേണ്ടതുകൊണ്ടാണ് ഇവിടെ പണികൾ തടസ്സത്തിലിരിക്കുന്നത്. നിലവിൽ ബാക്കിയുള്ള ഭാഗങ്ങളിൽ പെയിന്റിങ് പ്രവൃത്തികളും ഇരുവശങ്ങളിലുമുള്ള കാനനിർമാണവും പുരോഗമിക്കുന്നുണ്ട്.
ദേശീയപാതയിലെ കാനകളിൽനിന്നുള്ള വെള്ളം സമീപ ജലാശയങ്ങളിലേക്ക് ഒഴുക്കുന്നതിനായി പഞ്ചായത്തുകൾക്ക് കാന പണിയാൻ തുക നൽകാമെന്ന് സമ്മതിച്ചുകൊണ്ടുള്ള കത്ത് ജില്ല കലക്ടർക്ക് ദേശീയപാത അതോറിറ്റി നൽകിയിട്ടുണ്ട്.
തുറവൂർ കവലയുടെ തെക്കുഭാഗത്തേക്ക് 210 മീറ്റർ കൂടി എലിവേറ്റഡ് ദേശീയപാത നീട്ടാനും തീരുമാനമായിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഒരു ഡസൻ പുതിയ തൂണുകൾ കൂടി പണിയുന്നതിന് നടപടി തുടങ്ങിയിട്ടുണ്ട്. ഉയരപ്പാതയുടെ നിർമാണം നടക്കുന്നതിനാൽ 13 കിലോമീറ്റർ ഇടനാഴിയിൽനിന്ന് തിരിച്ചുവിടപ്പെട്ട ഗതാഗതം സുഗമമാക്കാൻ സർവിസ് റോഡുകൾ നവീകരിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പിനും ദേശീയപാതയിൽനിന്നുള്ള കുടിവെള്ള പൈപ്പുകൾ മാറ്റുന്നതിനായി കേരള വാട്ടർ അതോറിറ്റിക്കും വൈദ്യുതി പോസ്റ്റുകളും ട്രാൻസ്ഫോർമറുകളും മാറ്റുന്നതിനായി കെ.എസ്.ഇ.ബിക്കും ദേശീയപാത അതോറിറ്റി ധനസഹായം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.