‘ആലപ്പുഴ-എ ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ്’ പദ്ധതി പൂർത്തിയാകുമ്പോഴുളള കനാൽകരയുടെയും ആലപ്പുഴ ബീച്ചിന്റെയും രൂപരേഖ
ആലപ്പുഴ: ലോകനിലവാരത്തിലുള്ള ജല വിനോദ സഞ്ചാര കേന്ദ്രമെന്ന ആലപ്പുഴയുടെ സ്വപ്നങ്ങൾക്ക് കുതിപ്പേകി ‘ആലപ്പുഴ-എ ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ്’ പദ്ധതിയുടെ ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം. ആലപ്പുഴ ബീച്ച്, കനാൽ തീരങ്ങൾ, അന്താരാഷ്ട്ര ക്രൂയിസ് ടെർമിനൽ എന്നിവയെ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തലാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
സ്വദേശ് ദർശൻ 2.0 പദ്ധതിക്ക് കീഴിൽ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ 93.177 കോടി രൂപ ഫണ്ട് വിനിയോഗിച്ചാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. വെള്ളാപ്പള്ളി- ശവക്കോട്ട കനാലിന്റെ വശങ്ങള് കെട്ടുന്ന ജോലികളും കനാല്‍ ആഴം കൂട്ടലുമാണ് ആദ്യഘട്ടത്തിൽ തുടങ്ങിയത്. ബീച്ച് ഭാഗത്തെ സർവെ നടപടികൾ പൂർത്തീകരിച്ചു.
പദ്ധതിയുടെ ഭാഗമായി നവീകരണം പുരോഗമിക്കുന്ന വെള്ളാപ്പള്ളി പാലം
പൈലിങ് ഉടൻ ആരംഭിക്കും. പുന്നമട ഫിനിഷിംഗ് പോയന്റിലെ ഭാരപരിശോധനയും പൈലിങ്ങ് നടപടികളും തുടങ്ങി. 2026 ഫെബ്രുവരിയോടെ പദ്ധതി പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് നിർമാണ ചുമതലയുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി.(യു.എൽ.സി.സി.എസ്.)
ടൂറിസം വകുപ്പിന്റെ മേൽനോട്ടത്തിൽ കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡാണ് പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരം കോളജ് ഓഫ് എഞ്ചിനീയറിങ് ആണ് പദ്ധതി റിപ്പോർട്ട് തയാറാക്കിയത്. ജില്ലാ കലക്ടർ അലക്സ് വർഗീസിന്റെ നേതൃത്വത്തിൽ പദ്ധതി വിലയിരുത്തൽ നടക്കും.
ആലപ്പുഴ ബീച്ചിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്താനായി 24.45 കോടി രൂപയാണ് പദ്ധതിയിൽ വകയിരുത്തിയിട്ടുള്ളത്. ഇരിപ്പിടങ്ങൾ, നടപ്പാതകൾ, ദീപാലങ്കാരങ്ങൾ, ലാൻഡ് സ്കേപ്പിങ്, സൂചനാ ബോർഡുകൾ, പാർക്കിങ് മൈതാനം, പ്രദർശന വേദികൾ, കോസ്റ്റ് ഗാർഡ് സ്റ്റേഷനുകൾ, കായിക വേദികൾ, സി.സി.ടി.വികൾ, മാലിന്യ സംസ്കരണ സംവിധാനം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും.
ജില്ലയുടെ ജീവനാഡിയായ കനാലുകളുടെ കരകൾ നവീകരിക്കുന്നതിന് 37 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. നടപ്പാതകൾ, ഇരിപ്പിടങ്ങൾ, ദീപാലങ്കാരങ്ങൾ, പ്ലാസകൾ, ബോട്ട് ഡോക്കുകൾ, കഫേകൾ, ബോട്ട് ജെട്ടി വികസനം, പൊതുജനങ്ങൾക്കായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കല്‍, സൂചനാ ബോർഡുകൾ, സി.സി.ടി.വികൾ, മാലിന്യ സംസ്കരണ സംവിധാനങ്ങൾ, ലാൻഡ് സ്കേപ്പിങ്, അന്താരാഷ്ട്ര നിലവാരത്തിലുള്ള ശുചിമുറികൾ എന്നിവയാണ് ഇതിൽ പ്രധാനം.
പുന്നമട ഫിനിഷിങ് പോയന്റിലെ ബോട്ട് ടെർമിനലിൽ 8.5 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പാർക്കിങ്, മറീന, എക്സ്പീരിയൻസ് സെന്റർ, ഇൻഫർമേഷൻ കിയോസ്ക്കുകൾ, ജല സാഹസിക വിനോദ കേന്ദ്രങ്ങൾ, ഭക്ഷണ ശാലകൾ, ശുചിമുറികൾ തുടങ്ങിയവ വരുന്നതോടെ ധാരാളം പരിപാടികളുടെ കേന്ദ്ര ബിന്ദുവായി ബോട്ട് ടെർമിനൽ മാറും.
കൂടാതെ ഡിജിറ്റൽ ആൻഡ് സ്മാർട്ട് ടൂറിസം, സാംസ്കാരിക, പൈതൃക സംരക്ഷണ പ്രവർത്തനങ്ങൾ, പരിസ്ഥിതി സുസ്ഥിരത പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവക്ക് നാല് കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.